Thomas Cup : തോമസ് കപ്പ്: ഇന്ത്യയെ ആദ്യമായി ഫൈനലിലെത്തിച്ചതിൽ അഭിമാനമെന്ന് എച്ച്.എസ് പ്രണോയ്
തോമസ് കപ്പ് ബാഡ്‌മിന്‍റണിൽ ഡെൻമാർക്കിനെ വീഴ്ത്തി ചരിത്രത്തിലാദ്യമായി ഇന്ത്യ ഫൈനലിലെത്തുകയായിരുന്നു
ബാങ്കോക്ക്: തോമസ് കപ്പ്(Thomas Cup) ഫൈനലിലെത്തിയതിൽ സന്തോഷമെന്ന് ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരം എച്ച്.എസ് പ്രണോയ്(HS Prannoy) ഏഷ്യാനെറ്റ് ന്യൂസിനോട്. 'ഇന്ത്യയെ ആദ്യമായി ഫൈനലിലെത്തിച്ചതിൽ അഭിമാനം. നിര്‍ണായക മത്സരം കളിച്ചതിന്‍റെ സമ്മര്‍ദ്ദമുണ്ടായിരുന്നു തിടുക്കം കാട്ടാതെ ശാന്തനായി കളിക്കാനാണ് ശ്രമിച്ചത്. ഫൈനലിലും മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കും. നാടിന്‍റെ പിന്തുണ ഒപ്പമുണ്ടാകണമെന്നും' പ്രണോയ് പറഞ്ഞു. ഇന്തൊനേഷ്യക്കെതിരായ ഫൈനല്‍ നാളെ നടക്കും.
പ്രണോയ് ഹീറോ
തോമസ് കപ്പ് ബാഡ്‌മിന്‍റണിൽ ഡെൻമാർക്കിനെ വീഴ്ത്തി ചരിത്രത്തിലാദ്യമായി ഇന്ത്യ ഫൈനലിലെത്തുകയായിരുന്നു. നിർണായകമായ അഞ്ചാം മത്സരത്തിൽ ഉജ്വല വിജയം നേടിയ മലയാളി താരം എച്ച്.എസ് പ്രണോയിയാണ് ഇന്ത്യയെ ഫൈനലിലെത്തിച്ചത്. ലോക പതിമൂന്നാം നമ്പർ താരം റാസ്മസ് ജെംകെയെയാണ് പ്രണോയ് അട്ടിമറിച്ചത്. ആദ്യ ഗെയിമിൽ പിന്നിട്ടുനിന്ന ശേഷമായിരുന്നു പ്രണോയിയുടെ തിരിച്ചുവരവ്.
പ്രണോയ്ക്ക് പുറമെ സിംഗിൾസിൽ കെ.ശ്രീകാന്തും ഡബിൾസിൽ സാത്വിക്-ചിരാഗ് സഖ്യവും ജയിച്ചു. ജപ്പാനെ തോൽപ്പിച്ചെത്തുന്ന ഇന്തൊനേഷ്യയാണ് ഞായറാഴ്ചത്തെ ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. 14 തവണ ഇന്തൊനേഷ്യ തോമസ് കപ്പിൽ ചാമ്പ്യന്മാരായിട്ടുണ്ട്.
എച്ച്.എസ് പ്രണോയ്‌ക്ക് ചരിത്ര നേട്ടം
തോമസ് കപ്പിൽ ചരിത്രനേട്ടത്തിൽ എച്ച്.എസ് പ്രണോയും കെ.ശ്രീകാന്തും ഇടംപിടിച്ചു. ടൂർണമെന്‍റിൽ 5 മത്സരങ്ങൾ ജയിക്കുന്ന ആദ്യ ഇന്ത്യൻ താരങ്ങളെന്ന റെക്കോർഡാണ് പ്രണോയും ശ്രീകാന്തും സ്വന്തമാക്കിയത്. തോമസ് കപ്പിനൊപ്പം നടക്കുന്ന വനിതകളുടെ ടൂർണമെന്‍റായ ഊബർ കപ്പിൽ 2014ൽ സൈന നെഹ്‌വാൾ, പി.വി.സിന്ധു എന്നിവർ നേരത്തെ 5 മത്സരങ്ങൾ ജയിച്ചിട്ടുണ്ട്.