ഒളിംപിക്‌സില്‍ ചോപ്രയുടെ ജാവലിന്‍ പാക് താരം എടുത്തത് ശരിയോ? വിവാദങ്ങളുടെ പശ്‌ചാത്തലത്തില്‍ നിയമവശം അറിയാം
ഇന്ത്യന്‍ താരം നീരജ് ചോപ്രയുടെ ജാവലിന്‍ പാകിസ്ഥാന്‍റെ അര്‍ഷാദ് നദീം മാറിയെടുത്തത് വലിയ വിവാദമായിരുന്നു
ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സ് ഫൈനലിന് തൊട്ടുമുമ്പ് ഇന്ത്യന്‍ താരം നീരജ് ചോപ്രയുടെ ജാവലിന്‍ പാകിസ്ഥാന്‍റെ അര്‍ഷാദ് നദീം മാറിയെടുത്തത് വലിയ വിവാദമായിരുന്നു. ചോപ്രയുടെ ജാവലിനില്‍ പാക് താരം കൃത്രിമം നടത്താന്‍ ശ്രമിച്ചു എന്നാണ് ഉയര്‍ന്ന ആരോപണം. എന്നാല്‍ വൃത്തികെട്ട അജണ്ടയും നിക്ഷിപ്ത താല്‍പ്പര്യവും തന്‍റെ പേരില്‍ വേണ്ടെന്ന് തുറന്നുപറഞ്ഞ നീരജ് ചോപ്ര, അര്‍ഷാദ് ജാവലിന്‍ മാറിയെടുത്തതില്‍ കുറ്റകരമായി ഒന്നുമില്ലെന്ന് വ്യക്തമാക്കിയിരുന്നു. മത്സരങ്ങളില്‍ ജാവലിന്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള നിയമം എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം.
എതിരാളിയുടെ ജാവലിന്‍ ഉപയോഗിക്കാനാകുമോ- നിയമം പറയുന്നത്...
മത്സരത്തിൽ ഉപയോഗിക്കാനുള്ള ജാവലിന്‍ സംഘാടകര്‍ തന്നെ ക്രമീകരിക്കുകയാണ് പതിവ്. എന്നാൽ ഏതെങ്കിലും അത്‌ലറ്റിന് സ്വന്തം ജാവലിന്‍ ഉപയോഗിക്കണമെന്ന താത്പര്യം ഉണ്ടെങ്കില്‍ അതിനും അനുവാദമുണ്ട്. മത്സരത്തിന് നിശ്ചിത സമയത്തിന് മുന്‍പ്, സാധാരണ രണ്ട് മണിക്കൂര്‍ മുന്‍പ് സംഘാടകര്‍ നിശ്ചയിക്കുന്ന ടെക്‌നിക്കൽ കമ്മിറ്റിക്ക് മുന്‍പാകെ ജാവലിന്‍ പരിശോധനയ്‌ക്കായി നൽകണം. സമിതിയുടെ അംഗീകാരം കിട്ടിയാൽ മത്സരത്തിന് ജാവലിന്‍ ഉപയോഗിക്കാം.
എന്നാൽ ഒരു അത്‌ലറ്റിന്‍റെ സ്വന്തം ജാവലിന് അനുമതി ലഭിച്ചുകഴിഞ്ഞാൽ അപ്പോള്‍ തന്നെ ആ ഉപകരണം എല്ലാവരുടെയും ആയി മാറും. അതായത് മത്സരത്തിൽ പങ്കെടുക്കുന്ന ആര്‍ക്കും ആ ജാവലിന്‍ ഉപയോഗിക്കാം. മത്സരം പൂര്‍ത്തിയായ ശേഷം അത്‌ലറ്റിന് സ്വന്തം ജാവലിനുമായി വീട്ടിലേക്ക് മടങ്ങാം എന്നും നിയമം പറയുന്നു.
ലോക ജൂനിയര്‍ റെക്കോര്‍ഡ് സ്ഥാപിച്ച ത്രോയ്‌ക്ക് നീരജ് ഉപയോഗിച്ച ജാവലിന്‍ മറ്റൊരു താരത്തിന്‍റേതായിരുന്നു. ചരിത്രനേട്ടത്തിന്‍റെ ഓര്‍മ്മയ്‌ക്കായി ആ ജാവലിന്‍ സൂക്ഷിച്ചുവയ്‌ക്കണമെന്ന് നീരജ് ആഗ്രഹിച്ചെങ്കിലും എതിരാളി അനുവദിച്ചില്ല. എന്നാൽ ടോക്കിയോയിലെ സുവര്‍ണനേട്ടത്തിന് നീരജ് ഉപയോഗിച്ചത് സ്വന്തം ജാവലിന്‍ തന്നെയാണ്. ഈ ജാവലിനുമായി താരത്തിന് നാട്ടില്‍ തിരിച്ചെത്താനുമായി.
ഒളിംപിക്‌സില്‍ പാക് താരം തന്റെ ജാവലിന്‍ എടുത്തത് എന്തിന് ?; വിശദീകരിച്ച് നീരജ് ചോപ്ര
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona