ഫ്രഞ്ച് ഓപ്പണിന് അട്ടിമറികളോടെ തുടക്കം; തീമും കെര്‍ബറും പുറത്ത്, ദിമിത്രോവ് പിന്മാറി
ബള്‍ഗേറിന്‍ താരം 16-ാം സീഡ് ഗ്രിഗര്‍ ദിമിത്രോവ് മത്സരത്തിനിടെ പിന്മാറി. 11-ാം സീഡ് ബൗട്ടിസ്റ്റ് അഗട്ട്, ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനി, കരേനൊ ബുസ്റ്റ എന്നിവര്‍ ആദ്യ റൗണ്ട് കടന്നു.
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിന് അട്ടിമറിയോടെ തുടക്കം. നാലാം സീഡ് ഡൊമിനിക് തീം ആദ്യ റൗണ്ടില്‍ പുറത്തായി. സ്പാനിഷ് താരം പാബ്ലോ അന്‍ഡുഹാറാണ് തീമിനെ അട്ടിമറിച്ചത്. അതേസമയം ബള്‍ഗേറിന്‍ താരം 16-ാം സീഡ് ഗ്രിഗര്‍ ദിമിത്രോവ് മത്സരത്തിനിടെ പിന്മാറി. 11-ാം സീഡ് ബൗട്ടിസ്റ്റ് അഗട്ട്, ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനി, കരേനൊ ബുസ്റ്റ എന്നിവര്‍ ആദ്യ റൗണ്ട് കടന്നു.
ആദ്യ രണ്ട്് സെറ്റ് നേടിയ ശേഷമാണ് തീം ദയനീന തോല്‍വി ഏറ്റുവാങ്ങിയത്. സ്‌കോര്‍ 4-6, 5-7, 6-3, 6-4, 6-4. ഈ സീസണില്‍ റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് എന്നിവര്‍ക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട താരങ്ങളില്‍ ഒരാളായിരുന്നു തീം. 2018, 2019 വര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റായിരുന്നു ഓസ്ട്രിയന്‍ താരം. ഈ ക്ലേ സീസണില്‍ മോശം പ്രകടനമായിരുന്നു തീമിന്റേത്.
അതേസമയം, ദിമിത്രോവ് പരിക്കിനെ തുടര്‍ന്ന് മത്സരരത്തിനിടെ പിന്മാറുകയായിരുന്നു. ആദ്യ രണ്ട് സെറ്റ് നേടിയ ദിമി മൂന്നാം സെറ്റ് വിട്ടുകൊടുത്തിരുന്നു. നാലാം സെറ്റില്‍ 0-3ന് പിന്നിലായിരുന്നു താരം. 11-ാം സീഡ് അഗട്ട് നേരിട്ടുള്ള സെറ്റുകല്‍ക്ക് വിലേല്ല മാര്‍ട്ടിനെസിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 4-6, 4-6, 2-6. ഫോഗ്നിനി 6-4, 6-1, 6-4ന് ബറേരെയെ തോല്‍പ്പിച്ചു. കരേനോ ബുസ്റ്റ നേരിട്ടുള്ള സെറ്റുകള്‍ക്ക് നോര്‍ബെര്‍ട്ട് ഗോംബോസിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 3-6, 4-6, 3-6.
വനിതകളില്‍, മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ സൂക്ഷിപ്പുകാരി ആഗ്വലിക് കെര്‍ബറും ആദ്യ റൗണ്ടില്‍ മടങ്ങി. 26-ാം സീഡായ കെര്‍ബറെ ഉക്രെയ്‌നിന്റെ അന്‍ഹെലിന കലീനിനയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-2, 6-4. യുഎസ് ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (2016), വിംബിള്‍ഡണ്‍ (2018) നേടിയിട്ടുള്ള താരമാണ് കെര്‍ബര്‍. അതേസമയം, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യന്‍ നവോമി ഒസാക രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.