ഫെഡറര്‍ പോലും ഒരു തവണ! ഫ്രഞ്ച് ഓപ്പണ്‍ കിട്ടാക്കനി; കരിയര്‍ സ്ലാം സ്വപ്നം മാത്രമായ 10 സൂപ്പര്‍ താരങ്ങള്‍
മൗറീന്‍ കനോലി, ഡോറിസ് ഹാര്‍ട്ട്, ഷിര്‍ലി ഇര്‍വിന്‍, മാര്‍ഗരറ്റ് കോര്‍ട്ട്, ബില്ലി ജീന്‍ കിംഗ്, ക്രിസ് എവേര്‍ട്ട്, സ്റ്റെഫി ഗ്രാഫ്, മാര്‍ട്ടിന നവരത്‌ലോവ, സെറീന വില്യംസ്,മരിയ ഷറപ്പോവ എന്നിവരാണ് കരിയര്‍ സ്ലാം പൂര്‍ത്തിയാക്കിയ വനിതാ താരങ്ങള്‍.
നാല് ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകള്‍. പുല്‍കോര്‍ട്ടിലെ വിംബിംള്‍ഡണ്‍. കളിമണ്‍ കോര്‍ട്ടിലെ ഫ്രഞ്ച് ഓപ്പണ്‍. ഹാര്‍ഡ് കോര്‍ട്ടില്‍ നടക്കുന്ന യുഎസ് ഓപ്പണും ഓസ്‌ട്രേലിയന്‍ ഓപ്പണും. നാല് കിരീടങ്ങളും ഒരിക്കലെങ്കിലും നേടിയാല്‍ കരിയര്‍ സ്ലാം പൂര്‍ത്തിയാക്കാം. എട്ട് പുരുഷ താരങ്ങളും 10 വനിതാ താരങ്ങളും കരിയര്‍ സ്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫ്രെഡ് പെറി, ഡോണ്‍ ബഡ്ജ്, റോഡ് ലാവര്‍, റോയ് എമേഴ്സന്‍, ആന്ദ്രേ അഗാസി, റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് എന്നിവരാണ് കരിയര്‍ സ്ലാം പൂര്‍ത്തിയാക്കിയ പുരുഷ താരങ്ങള്‍.
മൗറീന്‍ കനോലി, ഡോറിസ് ഹാര്‍ട്ട്, ഷിര്‍ലി ഇര്‍വിന്‍, മാര്‍ഗരറ്റ് കോര്‍ട്ട്, ബില്ലി ജീന്‍ കിംഗ്, ക്രിസ് എവേര്‍ട്ട്, സ്റ്റെഫി ഗ്രാഫ്, മാര്‍ട്ടിന നവരത്‌ലോവ, സെറീന വില്യംസ്,മരിയ ഷറപ്പോവ എന്നിവരാണ് കരിയര്‍ സ്ലാം പൂര്‍ത്തിയാക്കിയ വനിതാ താരങ്ങള്‍. ഇതില്‍ റോഡ് ലാവര്‍, റോയ് എമേഴ്സന്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് എന്നീ പുരുഷ താരങ്ങളും മാര്‍ഗരറ്റ് കോര്‍ട്ട്, മാര്‍ട്ടിന നവരത്‌ലോവ, ക്രിസ് എവെര്‍ട്ട്, സ്റ്റെഫി ഗ്രാഫ്, സെറീന വില്യംസ് എന്നീ വനിതാ താരങ്ങളും ഒന്നിലധികം തവണ കരിയര്‍ സ്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫ്രഞ്ച് ഓപ്പണിന്റെ കരുത്തിന് മുന്നില്‍ വീണ് കരിയര്‍സ്ലാം വഴുതിപ്പോയ 10 താരങ്ങളുണ്ട് ചരിത്രത്തില്‍.
1 ആര്‍തര്‍ ആഷെ
അമേരിക്കയുടെ ആര്‍തര്‍ ആഷെ യുഎസ് ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങള്‍ നേടിയെങ്കിലും ഫ്രഞ്ച് ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം ആഷെക്ക് കടക്കാനായില്ല.
2 ജോണ്‍ ന്യുകോംബ്
ഇതിഹാസതാരം ജോണ്‍ ന്യുകോംബിനും ഫ്രഞ്ച് ഓപ്പണ്‍ കിട്ടാക്കനിയായി. ഏഴ് സിംഗിള്‍സ് ഗ്രാന്‍സ്ലാം കിരീടങ്ങള്‍. 5 ഡേവിസ് കപ്പ്. 17 ഡബിള്‍സ് ഗ്ലാന്‍സ്ലാം. പക്ഷേ ഫ്രഞ്ച് ഓപ്പണില്‍ ക്വാര്‍ട്ടറില്‍ അവസാനിച്ചു ന്യുകോംബിന്റെ സ്വപ്നം.
3 വിര്‍ജീനിയ വെയ്ഡ്
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ കിരീടം നേടി എങ്കിലും ഫ്രഞ്ച് ഓപ്പണില്‍ രണ്ട് തവണ വിര്‍ജീനിയ ക്വാര്‍ട്ടറില്‍ വീണു. വനിതാ ഡബിള്‍സില്‍ മാര്‍ഗരറ്റ് കോര്‍ട്ടിനൊപ്പം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടി ആഗ്രഹം ഒതുക്കേണ്ടി വന്നു.
4 ജിമ്മി കോണോര്‍സ്
സിംഗിള്‍സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം 1974ല്‍ ജിമ്മി കോണോര്‍സ് നടത്തിയത് ആണ്. 103 മല്‍സരങ്ങളില്‍ 99 എണ്ണത്തില്‍ ജിമ്മി ജയിച്ചു. മൂന്ന് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടി എങ്കിലും ഫ്രഞ്ച് ഓപ്പണ്‍ മാത്രം കൈവിട്ടു. ആ വര്‍ഷം ലോക ടീം ടെന്നിസ് ലീഗില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതിന് ജിമ്മി കോണോര്‍സിനെ വിലക്കിയത് ആണ് വിനയായത്. പിന്നീട് 4 തവണ സെമി വരെ എത്തിയെങ്കിലും പാരീസ് മണ്ണ് ജിമ്മിക്ക് വഴങ്ങി കൊടുത്തില്ല.
5 സ്റ്റെഫാന്‍ എഡ്‌ബെര്‍ഗ്
ഓപ്പണ്‍ കാലഘട്ടത്തില്‍ ഡബിള്‍സിലും സിംഗിള്‍സിലും ലോക ഒന്നാം നമ്പര്‍ താരമായ രണ്ട് പുരുഷ താരങ്ങളില്‍ ഒരാള്‍. 6 സിംഗിള്‍സ് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടി എങ്കിലും സ്റ്റെഫാന് ഫ്രഞ്ച് ഓപ്പണ്‍ മാത്രം നേടാനായില്ല. 1989ല്‍ ഫൈനലില്‍ എത്തി എങ്കിലും 5 സെറ്റ് നീണ്ട പോരാട്ടത്തില്‍ മൈക്കേല്‍ ചാങ്ങിനോട് തോറ്റു.
6 ബോറിസ് ബെക്കര്‍
എണ്‍പതുകളുടെ അവസാനത്തില്‍ ബോറിസ് ബെക്കര്‍ സ്റ്റെഫാന്‍ എഡ്ബര്‍ഗ് പോരാട്ടമായിരുന്നു ടെന്നിസില്‍. ഇരുവരും 6 സിംഗിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും നേടി. സാമ്യത ഒന്ന് കൂടി ഉണ്ട്. രണ്ട് പേരും ഫ്രഞ്ച് ഓപ്പണില്‍ കിരീടം ഇല്ലാതെ കരിയര്‍ അവസാനിപ്പിച്ചവര്‍.
7 പീറ്റ് സാംപ്രാസ്
ഫെഡറര്‍ റെക്കോര്‍ഡ് തകര്‍ക്കും മുന്‍പ് 14 ഗ്രാന്‍സ്ലാമുകളുമായി ഓപ്പണ്‍ കാലഘട്ടം ഭരിച്ച പീറ്റ് സാംപ്രസിനും റൊളാങ് ഗാരോസ് വിലങ്ങുതടിയായി. 7 വിംബിംള്‍ഡണും 5 യുഎസ് ഓപ്പണും 2 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും ഷെല്‍ഫിലെത്തിച്ച സാംപ്രസിന് ഫ്രഞ്ച് ഓപ്പണില്‍ ഫൈനലില്‍ പോലും എത്താനായില്ല.
8 മാര്‍ട്ടിന ഹിംഗിസ്
വനിതാ താരങ്ങളില്‍ സിംഗിള്‍സിലും ഡബിള്‍സിലും ഒരുപോലെ തിളങ്ങിയ മാര്‍ട്ടിന ഹിംഗിസും ഫ്രഞ്ച് ഓപ്പണിന് മുന്നില്‍ വീണു. സിംഗിള്‍സിലും ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലുമായി 25 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയ മാര്‍ട്ടിന ഹിംഗിസ് ഫ്രഞ്ച് ഓപ്പണില്‍ 2 തവണയും ഫൈനലില്‍ തോറ്റു. സിംഗിള്‍സില്‍ അഞ്ചും ഡബിള്‍സില്‍ പതിമൂന്നും മിക്‌സഡ് ഡബിള്‍സില്‍ എഴും കിരീടമാണ് ഹിംഗിസ് നേടിയത്. ഫ്രഞ്ച് ഓപ്പണ്‍ മാത്രം അകന്നു നിന്നു.
9 ലിന്‍സെ ഡെവെന്‍പോര്‍ട്ട്
1998ല്‍ യുഎസ് ഓപ്പണും 1999ല്‍ വിംബിള്‍ഡണും 2000ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും ലിന്‍സെ നേടിയെങ്കിലും കളിമണ്‍ കോര്‍ട്ടില്‍ കാലിടറി. 1998ല്‍ ഫൈനല്‍ കളിച്ചത് മാത്രമാണ് നേട്ടം.
10 ആഞ്ചെലിക് കെര്‍ബര്‍
മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആഞ്ചലിക് കെര്‍ബറും ഫ്രഞ്ച് ഓപ്പണില്ലാത്തതിനാല്‍ കരിയര്‍ സ്ലാം നേടാനായിട്ടില്ല. ഇത്തവണയും ജര്‍മന്‍ താരം ടൂര്‍ണമെന്റിനുണ്ട്. 34കാരിക്ക് കിരീടം നേടാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2016ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും യുഎസ് ഓപ്പണും നേടിയ കെര്‍ബര്‍ 2018ല്‍ വിംബിള്‍ഡണ്‍ കിരീടവും നേടി. എന്നാല്‍ പാരിസിലെ കളിമണ്‍ കോര്‍ട്ടില്‍ 2012, 2018 വര്‍ഷങ്ങളില്‍ അവസാന എട്ടില്‍ എത്തിയത് മാത്രമാണ് മികച്ച പ്രകടനം.
20 ഗ്രാന്‍സ്ലാം കിരീടം നേടിയ റോജര്‍ ഫെഡറര്‍ പോലും ഒരു തവണ മാത്രമേ റൊളാങ് ഗാരോസില്‍ ജയിച്ചിട്ടുള്ളൂ എന്നതും ശ്രദ്ധേയം. 13 തവണ ഫ്രഞ്ച് ഓപ്പണ്‍ വിജയിച്ച റാഫേല്‍ നദാല്‍ തന്നെയാണ് കളിമണ്‍ കോര്‍ട്ടിലെ അതികായന്‍.