സ്വപ്‌നസ്വര്‍ണം നേടിയത് നിഖാത്; ഗ്യാലറിയില്‍ ഇന്ത്യന്‍ പതാകയ്‌ക്കൊപ്പം ഉയര്‍ന്നത് കെസിആറിന്റെ പടം- വിവാദം
താരം സ്വര്‍ണം ഉറപ്പാക്കിയതോടെ ഇന്ത്യയുടെ പതാകയ്‌ക്കൊപ്പം തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ (KCR) ഫോട്ടോ കൂട്ടിപിടിച്ചുകൊണ്ടുള്ള ആഘോഷമാണ് അദ്ദേഹം നടത്തിയത്.
ബെര്‍മിംഗ്ഹാം: ഇന്ത്യന്‍ ബോക്‌സിംഗ് താരം നിഖാത് സരീന്റെ (Nikhat Zareen) കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണനേട്ടം ആഘോഷിച്ച തെലങ്കാന സ്‌പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാന്‍ എ വെങ്കടേശ്വര്‍ റെഡ്ഡി വിവാദത്തില്‍. താരം സ്വര്‍ണം ഉറപ്പാക്കിയതോടെ ഇന്ത്യയുടെ പതാകയ്‌ക്കൊപ്പം തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ (KCR) ഫോട്ടോ കൂട്ടിപിടിച്ചുകൊണ്ടുള്ള ആഘോഷമാണ് അദ്ദേഹം നടത്തിയത്.
എന്നാല്‍ ഈ ആഘോഷം അല്‍പം കടന്നുപോയെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം. എന്തുകൊണ്ട് സ്വര്‍ണ മെഡല്‍ നേടിയ താരത്തിന്റെ ചിത്രം ഉയര്‍ത്തി കാണിച്ചിലെന്നുള്ളതാണ് ട്വിറ്ററില്‍ പലരുടേയും ചോദ്യം. കായികതാരത്തിനേക്കാള്‍ വലുതാണോ മുഖ്യമന്ത്രിയെന്ന ചോദ്യവും ഉയരുന്നുണ്ട്. ചില ട്വീറ്റുകള്‍ വായിക്കാം...
തെലങ്കാനയില്‍ നിന്നുള്ള താരമാണ് നിഖാത്. താരത്തിന് വേണ്ട സാമ്പത്തിക സഹായമടക്കം എല്ലാം പിന്തുണയും മുമ്പ് ചെയ്തിരുന്നു. അതുകൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ ചിത്രവും പതാകയ്‌ക്കൊപ്പം ഉയര്‍ത്തിയത്.
വനിതാ ബോക്‌സിംഗ് 50 കിലോ ഗ്രാം വിഭാഗത്തിലാണ് നിഖാത് സ്വര്‍ണം നേടിയത്. വടക്കന്‍ അയര്‍ലന്‍ഡിന്റെ കാര്‍ലി മക്‌ന്യുലിനെയാണ് നിഖാത് ഫൈനലില്‍ തോല്‍പിച്ചത്. ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമായിരുന്നിത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം 17 ആയി.
നേരത്തെ, പുരുഷന്മാരുടെ 51 കിലോഗ്രാം വിഭാഗത്തില്‍ അമിത് പങ്കലും വനിതാ ബോക്‌സിംഗ് 48 കിലോ ഗ്രാം വിഭാഗത്തില്‍ നിതു ഗന്‍ഗാസും സ്വര്‍ണം നേടിയിരുന്നു. ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെ 50നാണു നിതു കീഴടക്കിയത്. ഇംഗ്ലണ്ടിന്റെ കിയാരന്‍ മക്‌ഡൊണാള്‍ഡിനെതിരെ ആയിരുന്നു അമിതിന്റെ ജയം.
വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ ടീം വെങ്കലം സ്വന്തമാക്കി. ന്യൂസിലന്‍ഡിനെതരായ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യയുടെ ജയം. ടേബിള്‍ ടെന്നിസില്‍ പുരുഷ ഡബിള്‍സ് ടീമിന് വെള്ളി കൊണ്ട് തൃപ്തിപെടേണ്ടിവന്നു. ഇംഗ്ലണ്ടിനെതിരെയായിരുന്നു ശരത് കമാല്‍- സത്യന്‍ ഗുണശേഖരന്‍ സഖ്യത്തിന്റെ തോല്‍വി.