മുംബൈ മാരത്തോണ്‍: ഹൈലെ ലെമിക്ക് റെക്കോർഡോടെ സ്വർണം, ഇന്ത്യക്കാരില്‍ ഒന്നാമന്‍ ടി ഗോപി
ഏഷ്യന്‍ മാര്‍ത്തോണില്‍ മുന്‍ ജേതാവും ഒളിംപ്യനുമാണ് ടി ഗോപി
മുംബൈ: മുംബൈ മാരത്തോണില്‍ എത്യോപ്യൻ താരം ഹൈലെ ലെമിക്ക് റെക്കോർഡോടെ സ്വർണം. 2 മണിക്കൂർ ഏഴ് മിനിറ്റ് 28 സെക്കന്‍ഡ് കൊണ്ട് ഹൈലെ ലെമി ഫിനിഷ് ചെയ്‌തു. 2016ലെ ബോസ്റ്റണ്‍ മാരത്തോണ്‍ ജേതാവാണ് ലെമി. കേരളത്തിനും അഭിമാന നിമിഷമായി മുംബൈ മാരത്തോണ്‍. ഇന്ത്യക്കാരിൽ മലയാളി താരം ടി ഗോപി ഒന്നാമതെത്തി. 2:16:38 ആണ് ഗോപിയുടെ സമയം. ഏഷ്യന്‍ മാര്‍ത്തോണില്‍ മുന്‍ ജേതാവും ഒളിംപ്യനുമാണ് ടി ഗോപി.
മുംബൈ മാരത്തോണിൽ ഇന്ത്യൻ വനിതകളിൽ ചാവി യാദവ് ഒന്നാമതെത്തി. പതിവുപോലെ പുരുഷ, വനിതാ വിഭാഗങ്ങളിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള അത്‌ലറ്റുകളാണ് മുന്നിലെത്തിയത്. കൊവിഡ് കാരണം രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് മുംബൈ മാരത്തോൺ നടക്കുന്നത്. എന്നാല്‍ വലിയ പങ്കാളിത്തം കൊണ്ട് ഇത്തവണ മുംബൈ മാരത്തോണ്‍ ശ്രദ്ധിക്കപ്പെട്ടു. 55,000ത്തോളം ആരാധകര്‍ മാരത്തോണിനെത്തി എന്നാണ് റിപ്പോര്‍ട്ട്. മത്സരത്തിനായി നഗരത്തിലെ നിരവധി റോഡുകള്‍ അടച്ചിരുന്നു.
കേന്ദ്ര മന്ത്രി കിരണ്‍ റിജിജു മാരത്തോണില്‍ പങ്കെടുത്തു. ഫുള്‍ മാരത്തോണ്‍(42.195 കിലോമീറ്റര്‍), ഹാഫ് മാരത്തോണ്‍(21.097 കിലോമീറ്റര്‍), 10 കിലോമീറ്റര്‍ ഓട്ടം, ഫുള്‍ മാരത്തോണ്‍ എലൈറ്റ്, ചാമ്പ്യന്‍ വിത്ത് ഡിസേബിളിറ്റി റണ്‍(2.1 കിലോമീറ്റര്‍), സീനിയര്‍ സിറ്റിസണ്‍(4.7 കിലോമീറ്റര്‍), ഡ്രീം റണ്‍(6.6 കിലോമീറ്റര്‍) എന്നിങ്ങനെ ഏഴ് വ്യത്യസ്‌ത വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ഒളിംപിക്, ലോക ചാമ്പ്യനായ യൊഹാന്‍ ബ്ലേക്കായിരുന്നു മുംബൈ മാരത്തോണിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍. ലോകത്തെ പ്രമുഖ 10 മാരത്തോണുകളില്‍ ഒന്നാണ് മുംബൈയിലേത്.
പുരുഷ ഹോക്കി ലോകകപ്പ്: ഇന്ത്യ-ഇംഗ്ലണ്ട് സൂപ്പര്‍ പോരാട്ടം ഇന്ന്