ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ഹോക്കി ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി
ചെന്നൈയിലെ മേയര്‍ രാധാകൃഷ്ണന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 1-3ന് പിന്നില്‍ നിന്നശേഷമായിരുന്നു ഇന്ത്യ 4-3ന് ജയിച്ചു കയറിയത്.
ചെന്നൈ: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 1-3ന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് 4-3ന് ജയവും കിരീടവും സ്വന്തമാക്കിയ ഇന്ത്യന്‍ ഹോക്കി ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കിരീട നേട്ടത്തില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ അഭിനന്ദിച്ച എം കെ സ്റ്റാന്‍ലിന്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ വകയായി ഇന്ത്യന്‍ ടീമിന് ഒരു കോടി പത്തു ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്നും ട്വീറ്റ് ചെയ്തു.
അവിശ്വസനീയ തിരിച്ചുവരവിലൂടെ നാലാമത് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം പൊരുതി നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍. സമ്മാനദാനച്ചടങ്ങിലെ സാന്നിധ്യം കൊണ്ട് കായിക മന്ത്രി അനുരാഗ് ഠാക്കൂറും ടൂര്‍ണമെന്‍റ് വിജയമാക്കാന്‍ പ്രയത്നിച്ച സംസ്ഥാന കായിക മന്ത്രി ഉദയനിഥി സ്റ്റാലിനും ഇത്രയും വലിയൊരു രാജ്യാന്തര ടൂര്‍ണമെന്‍റ് വിജയകരമാക്കിയ ഹോക്കി ഇന്ത്യയും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ഇന്ത്യന്‍ ടീമിന്‍റെ മഹത്തായ വിജയത്തില്‍ അഭിനന്ദിക്കുന്നതിനൊപ്പം ടീമിന് ഒരു കോടി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുന്നുവെന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.
ചെന്നൈയിലെ മേയര്‍ രാധാകൃഷ്ണന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 1-3ന് പിന്നില്‍ നിന്നശേഷമായിരുന്നു ഇന്ത്യ 4-3ന് ജയിച്ചു കയറിയത്. ഒമ്പതാം മിനിറ്റില്‍ പെനല്‍റ്റി കിക്കില്‍ നിന്ന് ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. മൂന്നാം ക്വാര്‍ട്ടറിന്‍റെ അവസാനം ഗുര്‍ജന്ത് സിംഗ്, 56ാം മിനിറ്റില്‍ അക്ഷദീപ് സിംഗ്, അവസാന നിമിഷം ജുഗ്‌രാജ് സിംഗ് എന്നിവരായിരുന്നു ഇന്ത്യയുടെ സ്കോറര്‍മാര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക