'എഫ്ഐആർ എടുത്തതുകൊണ്ട് മാത്രമായില്ല, കുറ്റവാളി ശിക്ഷിക്കപ്പെടണം'; സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ
ബ്രിജ് ഭൂഷനെതിരെ നിരവധി എഫ്ഐആർ വേറേയും ഉണ്ട്. അതിലൊന്നും നടപടി സ്വീകരിച്ചിട്ടില്ലെന്നും ഗുസ്തി താരങ്ങൾ
ദില്ലി : ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ കേസെടുക്കുമെന്ന് അറിയിച്ചെങ്കിലും സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ. എഫ്ഐആർ എടുത്തതുകൊണ്ട് മാത്രമായില്ല. കുറ്റവാളി ശിക്ഷിക്കപ്പെടണം. ബ്രിജ് ഭൂഷനെതിരെ നിരവധി എഫ്ഐആർ വേറേയും ഉണ്ട്. അതിലൊന്നും നടപടി സ്വീകരിച്ചിട്ടില്ലെന്നും ഗുസ്തി താരങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കായിക താരങ്ങളുടെ ആരോപണങ്ങളിൽ ഇന്ന് തന്നെ കേസെടുക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ അറിയിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരത്തിനുള്ളിൽ കേസെടുക്കുമെന്നാണ് തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചത്. ബ്രിജ്ഭൂഷനെതിരെ പരാതി നൽകിയ പ്രായപൂർത്തിയാകാത്ത താരങ്ങൾക്ക് സുരക്ഷ നൽകണമെന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.
മറ്റ് പരാതിക്കാരുടെ പരാതിയിൽ സുരക്ഷാ കമ്മീഷണർ സ്ഥിതി വിലയിരുത്തി തീരുമാനിക്കണം. കോടതി നിലവിൽ അന്വേഷണം നിരീക്ഷിക്കുന്നില്ല. എന്നാൽ എന്തു സംഭവിക്കുന്നുവെന്ന് കൃത്യമായി കോടതിയെ അറിയണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. അതേസമയം, ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം ആറാം ദിവസവും തുടരുകയാണ്.
Read More : 'ഗുസ്തി താരങ്ങളുടെ സമരം രാജ്യത്തിന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടില്ല'; പിടി ഉഷക്കെതിരെ ശശി തരൂര്‍