'ചപ്പാത്തി നഹീ... ചോര്‍ ചോര്‍'; മണിപ്പൂര്‍ താരങ്ങളുടെ കരുത്തിന്‍റെ രഹസ്യം
കഴിഞ്ഞ ദിവസം, പ്രധാനമന്ത്രി ടോക്കിയോ ഒളിമ്പിക്സിന് പുറപ്പെടുന്ന ചില കായിക താരങ്ങളോട് ചോദിച്ചത്, ഇത്രയ്ക്ക് ആരോഗ്യമുണ്ടാവാൻ "നിങ്ങൾ ഏത് മില്ലിലെ ഗോതമ്പാണ് കഴിക്കുന്നത്" എന്നായിരുന്നു.
ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയിരിക്കുന്നത് മീരാബായി ചനു എന്ന വെയ്റ്റ് ലിഫ്റ്റിങ് താരമാണ്. ഈ മത്സരയിനത്തിൽ ഇതിനു മുമ്പ് സമാനമായ ഒരു അഭിമാന മുഹൂർത്തം ഇന്ത്യയെ തേടിയെത്തുന്നത് 2000 -ലാണ്. അന്ന്, സിഡ്‌നി ഒളിമ്പിക്സിൽ, കർണ്ണം മല്ലേശ്വരിയിലൂടെ നമ്മളെ തേടിയെത്തിയത് വെങ്കലമെഡൽ നേട്ടമായിരുന്നു. മണിപ്പൂർ എന്ന സംസ്ഥാനം കഴിഞ്ഞ 21 വർഷങ്ങളായി അടുത്ത ഒളിമ്പിക് മെഡൽ നേട്ടത്തിനുവേണ്ടി തങ്ങളുടെ താരങ്ങളെക്കൊണ്ട് അശ്രാന്തപരിശ്രമം ചെയ്യിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. സിഡ്‌നിക്ക് ശേഷം നടന്ന, ബെയ്ജിങ് ഒഴിച്ചുള്ള അഞ്ചു ഒളിമ്പിക്സിലുമായി അവർ മെഡലന്വേഷിച്ച് പറഞ്ഞയച്ചത് നാല് താരങ്ങളെയാണ്. ആ പരിശ്രമങ്ങളുടെ ഫലപ്രാപ്തിയാണ് ഇക്കുറി ടോക്യോവിൽ, 49 കിലോഗ്രാം വിഭാഗത്തിൽ, മീരാബായി ചനുവിന്റെ 202 കിലോഗ്രാം ഉയർത്തലിലൂടെ, വെള്ളി മെഡലിന്റെ രൂപത്തിൽ നമുക്കുണ്ടായിട്ടുള്ളത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി അന്താരാഷ്ട്ര നിലവാരത്തിലുള്ള വെയ്റ്റ് ലിഫ്റ്റർമാരെ വളർത്തിക്കൊണ്ടു വരിക വഴി മണിപ്പൂർ സംസ്ഥാനം മുന്നോട്ടുവെക്കുന്നത്, ഒളിമ്പിക്സ് എന്നാൽ നാലുവർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഗെയിംസ് അല്ല, ആജീവനാന്ത അധ്വാനമാണ് എന്ന യാഥാർഥ്യത്തെയാണ്.
സ്പോർട്സ് ക്ലബ് സംസ്കാരം
നന്നേ ചെറുപ്രായത്തിൽ തന്നെ സ്പോർട്സിൽ താത്പര്യമുള്ള കുട്ടികളെ കണ്ടെത്തി, ക്ലബുകൾ വഴി അവരെ പരിശീലനം നൽകി വളർത്തിക്കൊണ്ടു വരിക എന്ന രീതിയാണ് മണിപ്പൂരിനുള്ളത്. മണിപ്പൂരിന്റെ കായികമന്ത്രി ആർ കെ നിമായ് സിങ് പറയുന്നതും അതിനെപ്പറ്റിത്തന്നെയാണ്."സ്പോർട്സ് ക്ലബ് സംസ്കാരം മണിപ്പൂരിൽ നൂറ്റാണ്ടുകളായി ഉള്ളതാണ്. മണിപ്പൂരിലെ കുട്ടികൾക്ക് ഒന്നുകിൽ പഠിക്കുക അല്ലെങ്കിൽ കളിക്കുക എന്നീ രണ്ടു വഴികൾ മാത്രമേ ഉള്ളൂ..." എന്നാണ് അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്.
കുട്ടികളായിരിക്കുമ്പോൾ ഏത് സ്പോർട്സ് ഇനം വേണമെന്നുള്ള തിരഞ്ഞെടുപ്പ് കുട്ടികളുടെ ഇഷ്ടത്തിന് വിടാറാണ് പതിവ്. ടീനേജ് പ്രായമെത്തുമ്പോഴേക്കും ചിലപ്പോൾ ആ ഇനത്തിൽ കാര്യമായ മികവ് കുട്ടികൾക്ക് പ്രകടിപ്പിക്കാൻ സാധിച്ചില്ല എങ്കിൽ പോലും, നിരന്തരം നടത്തുന്ന പരിശീലനം കൊണ്ടുണ്ടാവുന്ന ശാരീരിക ക്ഷമത അവരെ കൂടുതൽ തിളങ്ങാൻ പറ്റുന്ന മറ്റൊരിനത്തിലേക്ക് ചുവടുമാറുക എന്നത് അവർക്ക് എളുപ്പമാക്കി മാറ്റുന്നു.
സ്പോർട്സിലെ കമ്പം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം തൊട്ടുതന്നെ മണിപ്പൂരിൽ ഉണ്ടായിരുന്നു എങ്കിലും, സ്പോർട്സ് എന്നത് ഒരു ഉപജീവനമാക്കാവുന്ന പരിപാടിയാണ് എന്ന തോന്നൽ ഇവിടത്തുകാർക്കുണ്ടാവുന്നത് തൊണ്ണൂറുകളോടെ മാത്രമാണ്. ഇംഫാലിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഒരു സെന്റർ തുടങ്ങിയതോടെയാണ് മണിപ്പൂരിലെ വെയ്റ്റ് ലിഫ്റ്റിങ് താരങ്ങളുടെ പ്രതീക്ഷകൾക്ക് ചിറകു മുളയ്ക്കുന്നത്. അതോടെയാണ് അവർ വാഹനങ്ങളുടെ ഭാഗങ്ങളും മറ്റും എടുത്തുയർത്തി പരിശീലിച്ചിരുന്നിടത്തുനിന്ന് ഇറക്കുമതി ചെയ്ത, പ്രൊഫഷണൽ ഉപകരണങ്ങൾ ഉപയോഗിച്ച് പരിശീലനം തുടങ്ങിയത്. അവർക്ക് കൃത്യമായ പരിശീലനവും, ആരോഗ്യ പരിചരണവും, ഭക്ഷണവും മറ്റും കിട്ടാൻ തുടങ്ങിയത്.
മീരാബായ് ചനുവിന്റെ കഥയും വ്യത്യസ്തമല്ല. മണിപ്പൂരിലെ നൊങ്പോക്ക് കാക്ചിങ് ഗ്രാമത്തിൽ മരത്തടികൾ നിഷ്പ്രയാസം എടുത്തുയർത്തിയിരുന്ന മീരാബായ് എന്ന പെൺകുട്ടി വളരെ യാദൃച്ഛികമായിട്ടാണ് ഒരു ദിവസം, അനിത ചാനു എന്ന അന്താരാഷ്ട്ര വെയ്‌റ്റ്ലിഫ്റ്റിങ് താരത്തിന്റെ, പ്രൊഫഷണൽ കോച്ചിന്റെ ശ്രദ്ധയിൽ പെടുന്നത്. അവളിലെ അസാമാന്യമായ ശക്തി തിരിച്ചറിഞ്ഞ അനിത, അവൾക്ക് വേണ്ട പരിശീലനത്തിനുള്ള ഏർപ്പാട് ചെയ്തു നൽകുകയായിരുന്നു. സ്‌നാച്ച്, ക്ളീൻ ആൻഡ് ജെർക്ക് വിഭാഗങ്ങളിലായി, തന്റെ ശരീരഭാരത്തിന്റെ ഏതാണ്ട് നാലിരട്ടിയോളം ഭാരം മീരയ്ക്ക് ഇന്ന് ഉയർത്താൻ സാധിക്കുന്നുണ്ട്. ഈ സിദ്ധി മണിപ്പൂർ എന്ന പ്രദേശത്തിന്റെ തലമുറകൾ നീണ്ട അധ്വാനത്തിന്റെ ഫലം കൂടിയാണ്.
പ്രത്യേകയിനം അരിയുടെ ചോറ്
കഴിഞ്ഞ ദിവസം, പ്രധാനമന്ത്രി ടോക്കിയോ ഒളിമ്പിക്സിന് പുറപ്പെടുന്ന ചില കായിക താരങ്ങളോട് ചോദിച്ചത്, ഇത്രയ്ക്ക് ആരോഗ്യമുണ്ടാവാൻ "നിങ്ങൾ ഏത് മില്ലിലെ ഗോതമ്പാണ് കഴിക്കുന്നത്" എന്നായിരുന്നു. മണിപ്പൂരിലെ വെയ്റ്റ് ലിഫ്റ്റിങ് താരങ്ങളുടെ കാര്യത്തിൽ അത് തങ്ങൾ കഴിക്കുന്ന ഒരു വിശേഷയിനം അരികൊണ്ടുള്ള കൊണ്ടുണ്ടാക്കിയ ചോറിന്റെ കരുത്താണ് എന്നാണ് മണിപ്പൂർ വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷൻ സെക്രട്ടറി സുനിൽ എലങ്ബാം പറയുന്നത്. തലമുറകളായി തങ്ങളുടെ വെയ്റ്റ് ലിഫ്റ്റിങ് താരങ്ങൾ ശക്തിക്കുവേണ്ടി കഴിക്കുന്നത് കാർബോ ഹൈഡ്രേറ്റ്സ് അടക്കമുള്ള പോഷകങ്ങളാൽ സമൃദ്ധമായ ഈ അരിയുടെ ചോറ് തന്നെയാണ് എന്നും അദ്ദേഹം പറയുന്നു. ഇംഗ്ലീഷിൽ 'Sticky Rice' എന്നും 'Glutinous Rice' എന്നുമൊക്കെ അറിയപ്പെടുന്ന ഈ അരിയുടെ ചോറ് ആഹരിക്കുന്നതിലൂടെയാണ് വെയ്റ്റ് ലിഫ്‌റ്റിംഗിന്റെ കടുത്ത പരിശീലന മുറകൾ താങ്ങാൻ താരങ്ങളുടെ ശരീരത്തിന് കരുത്തുകിട്ടുന്നത് എന്നും അദ്ദേഹം പറയുന്നു.
ഒറൈസ സറ്റിവ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ അരി, ദക്ഷിണ പൂർവ ഏഷ്യ, ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ വ്യാപകമായി ജനങ്ങൾ ഉപയോഗിച്ചു വരുന്ന ഒന്നാണ്. അമിലോസിന്റെ അംശം കുറവുള്ള ഈ അരി, പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്ന പ്രകൃതത്തോടു കൂടിയതാണ്.
ചുരുക്കത്തിൽ, മണിപ്പൂർ എന്ന പ്രദേശത്തെ കാലാവസ്ഥയും, അവിടത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും, അവിടത്തെ ജനങ്ങൾ പിന്തുടരുന്ന ഭക്ഷണക്രമത്തിന്റെ ഗുണങ്ങളും, പിന്നെ നൂറ്റാണ്ടുകളായി അവിടത്തെ യുവതലമുറയിൽ നിലനിൽക്കുന്ന സ്പോർട്സിനോടുള്ള അടങ്ങാത്ത കമ്പവും ഒക്കെ സൃഷ്ടിക്കുന്ന അനുകൂല സാഹചര്യം നിമിത്തമാണ് മണിപ്പൂരിൽ നിന്ന് ഒളിമ്പിക് തലത്തിൽ നേട്ടങ്ങൾ കൈവരിക്കാനുംമാത്രം ഉന്നത നിലവാരമുള്ള കായികതാരങ്ങൾ ഉയർന്നു വരുന്നത് എന്നാണ് അവിടത്തുകാർ പറയുന്നത്.