ഒളിംപിക്സ്: താരങ്ങൾക്കൊപ്പം ഉദ്യോ​ഗസ്ഥരുടെ ജംബോ സംഘം അനു​ഗമിക്കേണ്ടെന്ന് കായികമന്ത്രാലയം

കായിക താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സപ്പോർട്ട് സ്റ്റാഫ് അം​ഗങ്ങളായ പരിശീലകർ, ഡോക്ടർമാർ, ഫിസിയോ എന്നിവരെ കൂടുതലായി ഉൾപ്പെടുത്താനാണ് കായിക മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.

Sports Ministry to not send delegation to Tokyo Olympics

ദില്ലി: ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടിയ കായിക താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനുമൊപ്പം കായിക മന്ത്രാലയത്തിൽ നിന്ന് ആരെയും അയക്കേണ്ടെന്ന് തീരുമാനം. മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോ​ഗസ്ഥരെ അയക്കുന്നതിന് പകരം കായികതാരങ്ങൾക്കൊപ്പം പരമാവധി സപ്പോർട്ട് സ്റ്റാഫിനെ അയക്കാനാണ് കായിക മന്ത്രാലയത്തിന്റെ നിർദേശം. ജൂലൈ 23 മുതൽ ഓ​ഗസ്റ്റ് എട്ടുവരെ ജപ്പാനിൽ നടക്കുന്ന ഒളിംപിക്സിനായി  ഇന്ത്യയുടെ നൂറോളം കായിതാരങ്ങളാണ് ഇതുവരെ യോ​ഗ്യത നേടിയത്.

ഇവർക്കൊപ്പം കായിക താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സപ്പോർട്ട് സ്റ്റാഫ് അം​ഗങ്ങളായ പരിശീലകർ, ഡോക്ടർമാർ, ഫിസിയോ എന്നിവരെ കൂടുതലായി ഉൾപ്പെടുത്താനാണ് കായിക മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.  ​കായികമന്ത്രാലയത്തെ പ്രതിനീധികരിച്ച് ഇത്തവണ ഉദ്യോ​ഗസ്ഥരാരും ഒളിംപിക്സിന് പോവേണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒളിംപിക്സിൽ പങ്കെടുക്കുന്നവർക്കുള്ള സഹായങ്ങൾക്കായി ടോക്കിയോയിലെ ഇന്ത്യൻ എംബസിയിൽ ഒളിംപിക്സ് മിഷൻ സെൽ സജ്ജീകരിച്ചിട്ടുണ്ടെന്നും കളിക്കാർക്കോ സപ്പോർട്ട് സ്റ്റാഫിനോ എന്ത് ആവശ്യത്തിനും എംബസിയെ സമീപിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഒളിംപിക്സിനെത്തുന്ന ഇന്ത്യൻ സംഘത്തിന് സൗകര്യങ്ങൾ ഒരുക്കാനായി ഏകജാലക സംവിധാനമാണ് എംബസിയിൽ ഏർപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ പറയുന്നു.

കായികതാരങ്ങളും സപ്പോർട്ട് സ്റ്റാഫും അടക്കം 190 പേരാകും ഒളിംപിക്സിനായി പോകുക എന്നാണ് കണക്കാക്കുന്നത്. കായികതാരങ്ങളുടെ എണ്ണത്തിന്റെ മൂന്നിലൊന്ന് ഉദ്യോഗസ്ഥർ മാത്രമെ ഒളിംപിക്സിനായി പോകാവൂ എന്നാണ് നേരത്തെയുള്ള നിർദേശം.

Latest Videos
Follow Us:
Download App:
  • android
  • ios