Thomas Cup : കിരീടം നേടിയ ഇന്ത്യക്ക് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച് കായികമന്ത്രി അനുരാഗ് ഠാക്കൂര്‍

കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറും ടീമിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. അതോടൊപ്പം പാരിതോഷികവും പ്രഖ്യാപിച്ചു. ഒരു  കോടിയാണ് ടീം ഇന്ത്യക്ക് ലഭിക്കുക.

sports minister anurag thakur announced one crore for indian badminton team

ദില്ലി: 14 തവണ ചാംപ്യന്മാരായ ഇന്തോനേഷ്യയെ 3-0ത്തിന് തകര്‍ത്താണ് ഇന്ത്യ തോമസ് കപ്പ് (Thomas Cup) കിരീടം നേടിയത്. ഫൈനലില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ കിരീടമുറപ്പിച്ചത്. സിംഗിള്‍സില്‍ ലക്ഷ്യ സെനും കിഡാംബി ശ്രീകാന്തും വിജയിച്ചപ്പോള്‍ ഡബിള്‍സില്‍ സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യവും വിജയഭേരി മുഴക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi), ദേശീയ ടീം ചീഫ് കോച്ച് പുല്ലേല ഗോപിചന്ദ് (Pullela Gopichand) എന്നിവര്‍ ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. 

ഇപ്പോള്‍ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറും ടീമിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. അതോടൊപ്പം പാരിതോഷികവും പ്രഖ്യാപിച്ചു. ഒരു  കോടിയാണ് ടീം ഇന്ത്യക്ക് ലഭിക്കുക. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ... ''ചരിത്രം രചിച്ചിരിക്കുന്നു. തോമസ് കപ്പ് കിരീടം നേടിയ ഇന്ത്യന്‍ പുരുഷ ടീമിന് അഭിനന്ദനങ്ങള്‍. അസാധാരണമായ നേട്ടമാണിത്. ശക്തരായ മലേഷ്യ, ഡെന്‍മാര്‍ക്ക്, ഇന്തോനേഷ്യ എന്നിവര്‍ക്കെതിരെ ഇന്ത്യ ജയിക്കുകയുണ്ടായി. 14 തവണ ചാംപ്യന്‍ഷിപ്പ് നേടിയ ഇന്തോനേഷ്യയെ തോല്‍പ്പിക്കുകയെന്നത് മഹത്തായ നേട്ടമാണ്. ടീമിന് ഒരു കോടി പാരിതോഷികം പ്രഖ്യാപിക്കുന്നു.'' ഠാക്കൂര്‍ വ്യക്തമാക്കി.

അഭിമാനകരമായ നേട്ടമെന്നാണ് പുല്ലേല ഗോപിചന്ദ് പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകള്‍... ''വിസ്മയിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം. 1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് ജയിച്ചതുപോലെയായിരുന്നത്. അല്ലെങ്കില്‍ അതിനേക്കാള്‍ വലിയ നേട്ടമെന്ന് പറയാം.

ബാഡ്മിന്റണ്‍ ചരിത്രത്തില്‍ വലിയ പാരമ്പര്യം അവകാശപ്പെടാനുണ്ട് ഇന്തോനേഷ്യക്ക്. തോമസ് കപ്പിലും അങ്ങനെ തന്നെ. അവരെ തോല്‍പ്പിക്കുകയെന്നത് ഇന്ത്യ ഉയര്‍ന്ന തലത്തിലെത്തിയെന്നാണ്. അടുത്തകാലം വരെ വനിതാ വിഭാഗത്തില്‍ സൈന നേവാള്‍, പി സിന്ധു എന്നിവരിലൂടെ മാത്രമായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. എന്നാലിപ്പോള്‍ പുരുഷ താരങ്ങളും മികവ് കാണിക്കുന്നു.

ഈ നേട്ടം ഒരുപാട് പേര്‍ക്ക് പ്രചോദനമാകുമെന്നാണ് ഞാന്‍ കരുതുന്നത്. ഒരുപാട് കുട്ടികളെ ബാഡ്മിന്റണിലേക്ക് കൊണ്ടുവരാന്‍ ഈ നേട്ടം ഉപകരിക്കും. അടുത്തകാലത്ത് ഇത്തരത്തില്‍ ഒരുപാട്  ബാഡ്മിന്റണ്‍ രംഗത്തേക്ക് വരുന്നത് ഞാന്‍ കണ്ടിരുന്നു. രാജ്യത്ത് ഒരുപാട് അക്കാദമികള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഒരുപാട് യുവതാരങ്ങളെ ഉയര്‍ത്തികൊണ്ടുവരാന്‍ അക്കാദമികള്‍ക്ക് സാധിക്കും.'' ഗോപിചന്ദ് പറഞ്ഞു. 

ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഇതിനുവേണ്ടി പ്രയത്‌നിക്കുമെന്നും വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം പറഞ്ഞു. പിന്തുണച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അസോസിയേഷനും അദ്ദേഹം നന്ദി പറഞ്ഞു.
 

Latest Videos
Follow Us:
Download App:
  • android
  • ios