അന്ന് ട്രാക്കിലെ മിന്നും താരം; ഇന്ന് ഉപജീവനത്തിനായി കത്തി മൂര്‍ച്ച കൂട്ടാനിറങ്ങി മുത്തുരാജ്
2015ലെ സംസ്ഥാന സ്കൂൾ മീറ്റ്. സബ്ജൂനിയറിൽ 5 കിലോമീറ്റർ നടത്ത മത്സരം ഇല്ലാത്തതിനാൽ ജൂനിയറിൽ ചേട്ടന്മാരോട് മത്സരിച്ച് 5 കിലോമീറ്ററും ഫിനിഷ് ചെയ്ത ഇത്തിരിക്കുഞ്ഞന്‍റെ പിന്നാലെയായിരുന്നു അന്ന് ക്യാമറക്കണ്ണുകൾ.
കണ്ണൂര്‍: ദക്ഷിണേന്ത്യൻ കായിക മേളയിൽ സ്വർണ്ണം നേടിയ പത്താം ക്ലാസുകാരൻ ഉപജീവത്തിനായിയി കത്തി മൂർച്ച കൂട്ടുന്ന തൊഴിലിന് പോകുന്നു. കണ്ണൂർ കരിവെള്ളൂർ സ്വദേശി മുത്തുരാജാണ് കുടുംബം നോക്കാനായി പഠനവും പ്രാക്ടീസും മാറ്റിവച്ച് തൊഴിലിനിറങ്ങിയത്.
2015ലെ സംസ്ഥാന സ്കൂൾ മീറ്റ്. സബ്ജൂനിയറിൽ 5 കിലോമീറ്റർ നടത്ത മത്സരം ഇല്ലാത്തതിനാൽ ജൂനിയറിൽ ചേട്ടന്മാരോട് മത്സരിച്ച് 5 കിലോമീറ്ററും ഫിനിഷ് ചെയ്ത ഇത്തിരിക്കുഞ്ഞന്‍റെ പിന്നാലെയായിരുന്നു അന്ന് ക്യാമറക്കണ്ണുകൾ. ലോകത്തിന്‍റെ നെറുകയിലേക്ക് നടന്നുകയറാൻ മോഹിച്ച മുത്തുരാജിനെ അഞ്ചുവർഷമിപ്പുറം ഞങ്ങൾ കണ്ടുമുട്ടിപ്പോഴും അവൻ നടക്കുകയായിരുന്നു. മൈതാനവും, ആർപ്പുവിളിയുമില്ല.
മുതുകിൽ ഭാരമുള്ളൊരു ഇരുമ്പുകൂടവും കയറ്റിവച്ച് പാതയോരത്തെ പെള്ളും വെയിലിൽ വൃഷങ്ങളുടെ തണൽ പറ്റി മുത്തുരാജ് നടക്കുന്നു. അമ്മയുടെ ഗുരുതര രോഗത്തിന് വർഷങ്ങളായുള്ള ചികിത്സ. താനും കൂടി ജോലിക്ജീക്ക് പോയില്ലെങ്കിൽ വീട്ടിൽ അടുപ്പെരിയില്ലെന്നായപ്പോഴാണ് അച്ഛന്റെ യന്ത്രം അവൻ ചുമലിലേറ്റിയത്.
നല്ല ഷൂസില്ലാതെ, മൂന്ന് നേരം ആഹാരമില്ലാതെ മുത്തുരാജ്. കഴിഞ്ഞ കൊല്ലത്തെ ദക്ഷിണ സംസ്ഥാനങ്ങളുടെ സബ് ജൂനിയർ നടത്തത്തിൽ സ്വർണത്തിൽ മുത്തമിട്ടു. സംസ്ഥാന മീറ്റിൽ വെള്ളിയും.ദേശീയ മീറ്റിൽ സ്വർണ്ണം നേടാനുള്ള പരിശീലനം മുടങ്ങി. ജീവിതം തുരുമ്പെടുക്കാതിരിക്കാൻ സ്വപ്നങ്ങളുപേക്ഷിക്കേണ്ടിവരുമോയെന്ന ആധിയാണ് പതിനാലുകാരന്‍റെ കണ്ണിൽ.