ദാദയുടെ കൈയൊപ്പ് ഇനി മോട്ടോര്‍സ്പോര്‍ടിലും; ഇന്ത്യന്‍ റേസിംഗ് ഫെസ്റ്റിവല്‍ ടീമിനെ സ്വന്തമാക്കി ഗാംഗുലി
ഓഗസ്റ്റ്-നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യന്‍ റേസിംഗ് ഫെസ്റ്റിവലിന്‍റെ മൂന്നാം സീസണ്‍ നടക്കുന്നത്
കൊല്‍ക്കത്ത: രാജ്യത്തെ പ്രമുഖ മോട്ടോര്‍സ്പോര്‍ട് ചാമ്പ്യന്‍ഷിപ്പുകളിലൊന്നായ ഇന്ത്യന്‍ റേസിംഗ് ഫെസ്റ്റിവലിന്‍റെ മൂന്നാം സീസണ്‍ തുടങ്ങും മുമ്പ് കൊല്‍ക്കത്ത ടീമിനെ സ്വന്തമാക്കി ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി. കൊല്‍ക്കത്ത റോയല്‍ ടൈഗേര്‍സ് റേസിംഗ് ടീം എന്നാണ് ദാദയുടെ ടീമിന്‍റെ പേര്.
ഓഗസ്റ്റ്-നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യന്‍ റേസിംഗ് ഫെസ്റ്റിവലിന്‍റെ മൂന്നാം സീസണ്‍ നടക്കുന്നത്. എട്ട് നഗരങ്ങളെ അടിസ്ഥാനമാക്കിയാണ് ടീമുകള്‍. സീസണിന് മുമ്പ് ആവേശം കൂട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി കൊല്‍ക്കത്ത റോയല്‍ ടൈഗേഴ്‌സ് റേസിംഗ് ടീമിനെ സ്വന്തമാക്കി. കൊല്‍ക്കത്തയ്ക്ക് പുറമെ ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ദില്ലി, ഗോവ, കൊച്ചി, അഹമ്മദാബാദ് എന്നിവയാണ് ടീമുകള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും കൊല്‍ക്കത്തയുടെ ഐക്കണുകളില്‍ ഒരാളുമായ സൗരവ് ഗാംഗുലി ടീമിനെ സ്വന്തമാക്കിയത് പോരാട്ടച്ചൂട് കൂട്ടുമെന്നും മോട്ടോര്‍സ്പോര്‍ടിന് കൂടുതല്‍ പ്രചാരം നല്‍കുമെന്നും സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
ഇന്ത്യന്‍ റേസിംഗ് ഫെസ്റ്റിവലില്‍ കൊല്‍ക്കത്ത ടീമിന്‍റെ ഭാഗമാണെന്നതിന്‍റെ ആകാംക്ഷ സൗരവ് ഗാംഗുലിയും പങ്കുവെച്ചു. കൊല്‍ക്കത്ത ടീമിനൊപ്പം ഇന്ത്യന്‍ റേസിംഗ് ഫെസ്റ്റിവലിന്‍റെ കരുത്ത് വര്‍ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയും ദാദയ്ക്കുണ്ട്. റേസിംഗ് പ്രൊമോഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ചാമ്പ്യന്‍ഷിപ്പിന്‍റെ സംഘാടകര്‍. ഇന്ത്യന്‍ റേസിംഗ് ലീഗും ഫോര്‍മുല 4 ഇന്ത്യന്‍ ചാമ്പ്യന്‍ഷിപ്പും ഇന്ത്യന്‍ റേസിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമാണ്.
Read more: ഗോട്ടിനെ വിറപ്പിച്ച ഗോട്ട് ആര്? നേരിട്ട ഏറ്റവും മികച്ച ബാറ്ററുടെ പേരുമായി ആന്‍ഡേഴ്‌സണ്‍, കോലി അല്ല
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം