വിലക്ക് നീക്കാന്‍ അഭിഭാഷകർ ശ്രമം തുടങ്ങി; ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാമെന്ന പ്രതീക്ഷയില്‍ ജോക്കോവിച്ച്

കൊവിഡ് വാക്സീൻ എടുക്കാത്തതിന്‍റെ പേരിലായിരുന്നു നൊവാക് ജോക്കോവിച്ചിനെ കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് മാറ്റിനിർത്തിയത്

some positive signs on participation at the 2023 Australian Open says Novak Djokovic

സിഡ്നി: അടുത്ത ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് സെർബിയന്‍ താരം നൊവാക് ജോക്കോവിച്ച്. ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും അനുകൂലമായ സൂചനകളാണ് ഈ ദിവസങ്ങളിൽ കിട്ടിയിട്ടുള്ളതെന്നും ജോക്കോവിച്ച് പറഞ്ഞു. ഇതോടെ ജോക്കോ അടുത്ത ചാമ്പ്യന്‍ഷിപ്പിനായി ഓസ്ട്രേലിയന്‍ മണ്ണില്‍ കാലുകുത്താനുള്ള സാധ്യതകള്‍ തുറക്കുകയാണ്. 

കൊവിഡ് വാക്സീൻ എടുക്കാത്തതിന്‍റെ പേരിലായിരുന്നു നൊവാക് ജോക്കോവിച്ചിനെ കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് മാറ്റിനിർത്തിയത്. മത്സരത്തിനായി ഓസ്ട്രേലിയയിൽ എത്തിയെങ്കിലും തിരിച്ചയക്കുകയായിരുന്നു. വിലക്കും ഏർപ്പെടുത്തി. എന്നാൽ പിന്നീട് കൊവിഡ് നിയന്ത്രണങ്ങളിൽ ഒട്ടേറെ ഇളവുകൾ അനുവദിച്ചു ഓസ്ട്രേലിയ. വാക്സീൻ എടുത്തില്ലെങ്കിലും പ്രവേശനം അനുവദിക്കുമെന്നും പ്രഖ്യാപിച്ചു. ഇതോടെയാണ് അടുത്ത ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ ജോക്കോവിച്ച് ശ്രമം തുടങ്ങിയത്. ഓസ്ട്രേലിയയിലെ അഭിഭാഷകരുമായി ഈ ദിവസങ്ങളിൽ സംസാരിച്ചെന്ന് സെർബിയൻ താരം പറയുന്നു. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകർ ഓസ്ട്രേലിയൻ അധികൃതരുമായും ചർച്ച നടത്തുന്നുണ്ട്. വിലക്ക് നീങ്ങുമെന്നാണ് പ്രതീക്ഷയെന്നും ഏറെ വൈകാതെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജോക്കോവിച്ച് പറയുന്നു. 

ജനുവരി 16നാണ് ഓസ്ട്രേലിയൻ ഓപ്പണിന് തുടക്കമാവുക. റഫേൽ നദാലാണ് നിലവിലെ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ. മെദ്‌വെദേവിനെ തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. ആദ്യ രണ്ട് സെറ്റ് നഷ്ടമായ ശേഷമായിരുന്നു നദാലിന്‍റെ തിരിച്ചുവരവ്. സ്കോർ: 2-6, 6-7, 6-4, 6-4, 6-4. ടൂർണമെന്‍റിലെ ഏറ്റവും പ്രയാസമേറിയ എതിരാളിയെയാണ് താൻ ഫൈനലിൽ മറികടന്നതെന്ന് മത്സരശേഷം നദാൽ പറഞ്ഞിരുന്നു.

ലോകത്ത് ഏറ്റവും കടുത്ത കൊവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു ഓസ്ട്രേലിയ. വാക്സീൻ എടുക്കാത്തവർക്ക് രാജ്യത്തേക്ക് പ്രവേശനം പോലുമുണ്ടായിരുന്നില്ല. വാക്സീൻ എടുത്ത് എത്തിയാൽതന്നെ കടുത്ത ക്വാറന്‍റൈനും പാലിക്കണമായിരുന്നു. 

ഓസ്ട്രേലിയ കൊവിഡ് നിയന്ത്രണങ്ങൾ നീക്കി; പുഞ്ചിരി നൊവാക് ജോക്കോവിച്ചിന്

Latest Videos
Follow Us:
Download App:
  • android
  • ios