ടോക്കിയോ ഒളിംപിക്‌സ്: ജാവലിന്‍ ത്രോയില്‍ ശിവ്‌പാല്‍ സിംഗിനും യോഗ്യത; അര്‍ഷ്‌ദീപിനും അന്നുവിനും നിരാശ

ആദ്യ മൂന്ന് ത്രോകളിലും 80 മീറ്റര്‍ പിന്നിടാന്‍ കഴിയാതിരുന്ന 24കാരനായ താരം അഞ്ചാം ശ്രമത്തില്‍ യോഗ്യത ഉറപ്പിച്ചു. 85 മീറ്ററാണ് ഒളിംപിക്‌സ് യോഗ്യതാ മാര്‍ക്ക്. 

Shivpal Singh qualifies for Tokyo Olympics 2020

പൊച്ചെഫെസ്‌ട്രൂ: ജാവലിന്‍ താരം ശിവ്‌പാല്‍ സിംഗിന് ടോക്കിയോ ഒളിംപിക്‌സ് യോഗ്യത. ദക്ഷിണാഫ്രിക്കയിലെ പൊച്ചെഫെസ്‌ട്രൂവില്‍ നടക്കുന്ന എസിഎന്‍ഡബ്ലൂ ടൂര്‍ണമെന്‍റില്‍ 85.47 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണത്തോടെയാണ് ശിവ്‌പാല്‍ ആദ്യ ഒളിംപിക്‌സിന് ടിക്കറ്റുറപ്പിച്ചത്. ആദ്യ മൂന്ന് ത്രോകളിലും 80 മീറ്റര്‍ പിന്നിടാന്‍ കഴിയാതിരുന്ന ഇരുപത്തിനാലുകാരന്‍ അഞ്ചാം ശ്രമത്തില്‍ യോഗ്യത ഉറപ്പിച്ചു. 85 മീറ്ററാണ് ഒളിംപിക്‌സ് യോഗ്യതാ മാര്‍ക്ക്. 

കഴിഞ്ഞ വര്‍ഷം ദോഹയില്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ പ്രവേശനം നേടാന്‍ ശിവ്‌പാല്‍ സിംഗിന് കഴിഞ്ഞിരുന്നില്ല. യോഗ്യതാ റൗണ്ടില്‍ 10-ാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്‌തത്. ഇതിന് ശേഷം വുഹാനില്‍ നടന്ന ലോക മിലിറ്ററി ഗെയിംസില്‍ സ്വര്‍ണം നേടി ശിവ‌്‌പാല്‍ തിരിച്ചെത്തി. 86.23 ആണ് കരിയറില്‍ ശിവ്‌പാല്‍ സിംഗിന്‍റെ മികച്ച ദൂരം.  

ഇരുപത്തിരണ്ടുകാരനായകാരനായ നീരജ് ചോപ്ര ജാവലിനില്‍ നേരത്തെതന്നെ ഒളിപിക്‌സ് ടിക്കറ്റ് നേടിയിരുന്നു. കഴിഞ്ഞ വാരം 87.86 മീറ്റര്‍ എറിഞ്ഞാണ് ചോപ്ര ആദ്യ ഒളിംപി‌ക്‌സ് യോഗ്യത സ്വന്തമാക്കിയത്. എന്നാല്‍ പുരുഷന്‍മാരില്‍ അര്‍ഷ്‌ദീപ് സിംഗിനും വനിതകളില്‍ അന്നും റാണിക്കും ഒളിംപിക് യോഗ്യത നേടാനായില്ല. അര്‍ഷ്‌ദീപ് കരിയറിലെ മികച്ച ദൂരമായ 75.02 മീറ്റര്‍ എറിഞ്ഞപ്പോള്‍ യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ ലക്ഷ്യമിട്ട അന്നുവിന് 61.15 മീറ്ററെ നേടാനായുള്ളൂ. 

അതേസമയം ഒളിംപിക്‌സ് ബോക്‌സിംഗ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വികാസ് കൃഷ്‌ണനും സിമ്രന്‍ജിത്ത് കൗറും ഫൈനലിലെത്തി. വികാസ് 69 കിലോയിലും സിമ്രാന്‍ജിത്ത് 60 കിലോയിലുമാണ് കലാശപ്പോരിന് ഇടംപിടിച്ചത്. എന്നാല്‍ 51 കിലോ വിഭാഗത്തിൽ മേരി കോം, 52 കിലോയിൽ ടോപ് സീ‍ഡ് അമിത് പാംഘല്‍, 69 കിലോയിൽ ലൊവ് ലിന, 75 കിലോയിൽ പൂജ റാണി എന്നിവര്‍ സെമിയിൽ തോറ്റു. 

Latest Videos
Follow Us:
Download App:
  • android
  • ios