Wimbledon : സെറീന വില്യംസ് വിംബിള്‍ഡണിനെത്തും; ഉറപ്പു നല്‍കി അമേരിക്കന്‍ താരം

ഇതുകൊണ്ടുതന്നെ സെറീനയ്ക്ക് വിംബിള്‍ഡണില്‍ കളിക്കാന്‍ അവസരം കിട്ടുമോയെന്ന് ഉറപ്പില്ല. ദീര്‍ഘകാലം പരിക്കേറ്റ് പുറത്തിരിക്കുന്ന താരങ്ങള്‍ക്കുള്ള സംരക്ഷിത റാങ്കിംഗ്, അല്ലെങ്കില്‍ വൈല്‍ഡ് കാര്‍ഡ് പ്രവേശനമാണ് സെറിനയ്ക്ക് മുന്നിലുള്ള സാധ്യത.

Serena Williams set to return in Wimbledon 

ലണ്ടന്‍: സെറീന വില്യംസ് (Serena Williams) ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു. വിംബിള്‍ഡണില്‍ (Wimbledon) കളിക്കുമെന്ന് സെറീന അറിയിച്ചു. ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സെറീന വില്യംസ് ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു. ലക്ഷ്യം ഇരുപത്തിനാലാം ഗ്ലാന്‍സ്ലാം കിരീടം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താന്‍ കോര്‍ട്ടിലേക്ക് തിരിച്ചുവരുന്നുവെന്ന് നാല്‍പതുകാരിയായ സെറീന വ്യക്തമാക്കിയത്. പന്ത്രണ്ട് മാസം മുന്‍പ് വിംബിള്‍ഡണിനിടെ പരിക്കേറ്റതിന് ശേഷം സെറീന ഇതുവരെ ഒറ്റ ടൂര്‍ണമെന്റില്‍ കളിച്ചിട്ടില്ല. റാങ്കിംഗില്‍ 1,208ലേക്ക് വീണു. 

ഇതുകൊണ്ടുതന്നെ സെറീനയ്ക്ക് വിംബിള്‍ഡണില്‍ കളിക്കാന്‍ അവസരം കിട്ടുമോയെന്ന് ഉറപ്പില്ല. ദീര്‍ഘകാലം പരിക്കേറ്റ് പുറത്തിരിക്കുന്ന താരങ്ങള്‍ക്കുള്ള സംരക്ഷിത റാങ്കിംഗ്, അല്ലെങ്കില്‍ വൈല്‍ഡ് കാര്‍ഡ് പ്രവേശനമാണ് സെറിനയ്ക്ക് മുന്നിലുള്ള സാധ്യത. ഏഴ് വിംബിള്‍ഡണ്‍ കിരീടം നേടിയിട്ടുള്ള സെറീന അവസാനമായി കിരീടമുയര്‍ത്തിയത് 2016ലാണ്. 

2018ലും 2019ലും ഫൈനലില്‍ തോറ്റു. കഴിഞ്ഞ വര്‍ഷം ആദ്യറൗണ്ടില്‍ പരിക്കേറ്റ് പിന്‍മാറുകയായിരുന്നു. ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തുന്നതെങ്കിലും 24 ഗ്രാന്‍സ്ലാം കിരീടം നേടിയ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ സെറീനയ്ക്ക് കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഈ മാസം 27നാണ് വിംബിള്‍ഡണ്‍ ആരംഭിക്കുന്നത്. ടെന്നിസീല്‍ നിന്ന് വിരമിച്ച ഓസ്‌ട്രേലിയക്കാരി ആഷ്‌ലി ബാര്‍ട്ടിയാണ് വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തില്‍ നിലവിലെ ചാംപ്യന്‍.
 

Latest Videos
Follow Us:
Download App:
  • android
  • ios