ഫ്രഞ്ച് ഓപ്പണ്‍: സെറീന പ്രീ ക്വാര്‍ട്ടറില്‍; സ്വെരേവ്, മെദ്‌വദേവ് ജയിച്ചു
പുരുഷ വിഭാഗത്തില്‍ ഡാനില്‍ മെദ്‌വദേവ്, കരേനോ ബുസ്റ്റ, അലക്‌സാണ്ടര്‍ സ്വെരേവ്, കീ നിഷികോറി എന്നിവരും അവസാന പതിനാറിലെത്തി. അതേസമയം 15-ാം സീഡ് കാസര്‍പര്‍ റൂഡ് മൂന്നാം റൗണ്ടില്‍ പുറത്തായി.
പാരീസ്: അമേരിക്കന്‍ താരം സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സെറീനയ്‌ക്കൊപ്പം വിക്‌റ്റോറിയ അസരങ്ക, അനസ്താസിയ പവ്‌ല്യുചെങ്കോവ എന്നിവരും പ്രീ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. പുരുഷ വിഭാഗത്തില്‍ ഡാനില്‍ മെദ്‌വദേവ്, കരേനോ ബുസ്റ്റ, അലക്‌സാണ്ടര്‍ സ്വെരേവ്, കീ നിഷികോറി എന്നിവരും അവസാന പതിനാറിലെത്തി. അതേസമയം 15-ാം സീഡ് കാസര്‍പര്‍ റൂഡ് മൂന്നാം റൗണ്ടില്‍ പുറത്തായി.
അമേരിക്കയുടെ തന്നെ ഡാനിയേല റോസ് കോളിന്‍സിനെ തകര്‍ത്താണ് സെറീന മുന്നേറിയത്. 6-4, 6-4 എന്ന നേരിട്ട സ്‌കോറിനായിരുന്നു സെറീനയുടെ ജയം. ബലാറസിന്റെ അര്യന സബലങ്കയെയാണ് റഷ്യന്‍ താരം പവ്‌ല്യുചെങ്കോവ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 2-6, 6-2. ബലാറസിന്റെ മറ്റൊരു താരം വിക്‌റ്റോറിയ അസരങ്ക 6-2, 6-2ന് മാഡിസണ്‍ കീസിനെ തോല്‍പ്പിച്ചു.
പുരുഷ വിഭാഗത്തില്‍ റില്ലി ഒപെല്‍ക്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് രണ്ടാം സീഡ് മെദ്‌വദേവ് നാലാം റൗണ്ടിലെത്തിയത്. സ്‌കോര്‍ 4-6, 2-6, 4-6. സ്പാനിഷ് താരം കരേനൊ ബുസ്റ്റ 4-6, 4-6, 2-6ന് അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണെ തോല്‍പ്പിച്ച് പ്രീ ക്വാര്‍ട്ടറിലെത്തി. സ്വെരേവ് ആവട്ടെ 6-2, 7-5, 6-2ന് സെര്‍ബിയയുടെ ലാസോ ഡെരേയെ മറികടന്നു. സ്വിസ് താരം ഹെന്റി ലാക്‌സൊനെന്‍ പിന്മാറിയതോടെയാണ് ജപ്പാന്റെ കീ നിഷികോറിക്ക് അവസാന പതിനാറില്‍ ഇടം കണ്ടെത്താനായത്. ആദ്യ സെറ്റ് 7-5ന് നിഷികോറി നേടിയിരുന്നു.
ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനി മൂന്നാം റൗണ്ടില്‍ പുറത്തായി. ഫെഡറിക്കോ ഡെല്‍ബോണിസ് 4-6, 1-6, 3-6നാണ് ഫോഗ്നിനിയെ തോല്‍പ്പിച്ചത്. ഡേവിഡോവിച്ച് ഫോകിനയ്‌ക്കെതിരായ മത്സരത്തില്‍ 6-7, 6-2, 6-7, 6-0, 5-7 എന്ന സ്‌കോറിനാണ് നോര്‍വീജിയന്‍ താരം റുഡ് തോല്‍ക്കുന്നത്. റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവര്‍ നാളെ മൂന്നാംറൗണ്ട് മത്സരത്തിനിറങ്ങും.