മകനൊപ്പം ഇഫ്താര്‍ വിരുന്നിന്‍റെ വീഡിയോ പങ്കുവച്ച് സാനിയ, ഷൊയ്ബ് മാലിക്കില്ല; എവിടെ പോയി എന്ന് ചോദിച്ച് ആരാധകർ
നേരത്തെ, ഉംറ നിര്‍വഹിച്ച ശേഷമുള്ള ചിത്രങ്ങള്‍ സാനിയ പങ്കുവെച്ചിരുന്നു.
ഹൈദരാബാദ്: മകൻ ഇഷാനൊപ്പമുള്ള ഇഫ്താർ വിരുന്നിന്‍റെ വീഡിയോ പങ്കുവെച്ച് ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സ. തന്‍റെ ഹൃദയത്തിനൊപ്പം ഇഫ്താര്‍ വിരുന്ന് എന്ന് കുറിച്ചാണ് സാനിയ വീഡിയോ പങ്കുവെച്ചത്. എന്നാല്‍, പോസ്റ്റിന് താഴെ ഷൊയ്ബ് മാലിക്ക് എവിടെയെന്നാണ് നിരവധി പേര്‍ ചോദിച്ചത്. എന്നാല്‍ സാനിയയില്‍ നിന്ന് മറുപടിയൊന്നും ഉണ്ടായില്ല. നേരത്തെ, ഉംറ നിര്‍വഹിച്ച ശേഷമുള്ള ചിത്രങ്ങള്‍ സാനിയ പങ്കുവെച്ചിരുന്നു.
മകന്‍ ഇഷാന്‍ മിര്‍സ മാലിക്, മാതാപിതാക്കളായ ഇമ്രാന്‍ മിര്‍സ, നസീമ മിര്‍സ, സഹോദരി അനാം മിര്‍സ, സഹോദരീ ഭര്‍ത്താവും ക്രിക്കറ്ററുമായ മുഹമ്മദ് അസദുദ്ദീന്‍ തുടങ്ങിയവരാണ് സാനിയയുടെ കൂടെയുണ്ടായിരുന്നത്. ഭര്‍ത്താവും പാകിസ്ഥാന്‍ ക്രിക്കറ്ററുമായ ഷൊയ്ബ് മാലിക്ക് സാനിയക്കൊപ്പമുണ്ടായിരുന്നില്ല.
നേരത്തെ, ദുബായ് ഓപ്പണിന് ശേഷം ഹൈദരാബാദിലെ ലാല്‍ ബഹാദൂര്‍ ടെന്നീസ് സ്റ്റേഡിയത്തില്‍ ഇന്ത്യയിലെ അവസാന മത്സരവും സാനിയ കളിച്ചിരുന്നു. ദീര്‍ഘാലം മിക്‌സഡ് ഡബിള്‍സ് പങ്കാളിയായിരുന്ന രോഹന്‍ ബൊപ്പണ്ണ, ദീര്‍ഘകാല സുഹൃത്തും ഡബിള്‍സ് പങ്കാളിയുമായിരുന്ന ബെഥാനി മറ്റെക്, ക്രിക്കറ്റ് താരം യുവരാജ് സിംഗ് എന്നിവര്‍ക്കൊപ്പം പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്താണ് സാനിയ ടെന്നീസിനോട് വിടപറഞ്ഞത്. രണ്ട് പ്രദര്‍ശന മത്സരങ്ങള്‍ കളിച്ച സാനിയ രണ്ടിലും ജയത്തോടെയാണ് വിടവാങ്ങിയത്.
മത്സരത്തിന് മുമ്പ് വിടവാങ്ങല്‍ പ്രസംഗത്തില്‍ സാനിയ കണ്ണീരണിഞ്ഞു. രാജ്യത്തിനായി 20 വര്‍ഷം കളിക്കാനായതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ ബഹുമതിയെന്ന് സാനിയ പറഞ്ഞു. രാജ്യത്തിനായി കളിക്കുക എന്നത് ഏതൊരു കായിത താരത്തിന്റെയും വലിയ സ്വപ്നമാണെന്നും 20 വര്‍ഷം തനിക്കതിനായതില്‍ അഭിമാനമുണ്ടെന്നും സാനിയ പറഞ്ഞു. സാനിയയുടെ വാക്കുകള്‍ കാണികള്‍ ആര്‍പ്പുവിളികളോടെ സ്വീകരിച്ചതോടെ താരം കണ്ണീരണിഞ്ഞു. ഇത് സന്തോഷ കണ്ണീരാണെന്നും ഇതിലും മികച്ചൊരു യാത്രയയപ്പ് തനിക്ക് ലഭിക്കാനില്ലെന്നും സാനിയ പറഞ്ഞിരുന്നു.