യുഎസ് ഓപ്പണ്‍: സാനിയ സഖ്യം മിക്‌സ്ഡ് ഡബിള്‍സിലും പുറത്ത്, ബൊപ്പണ്ണ സഖ്യം മുന്നേറി
മിക്‌സ്ഡ് ഡബിള്‍സില്‍ സാനിയ മിര്‍സ- രാജീവ് റാം (അമേരിക്ക) സഖ്യം പുറത്തായി. നേരത്തെ വനിതാ ഡബിള്‍സിലും സാനിയ ആദ്യ റൗണ്ടില്‍ മടങ്ങിയിരുന്നു.
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണണില്‍ ഇന്ത്യക്ക് നിരാശയും പ്രതീക്ഷയും. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഇവാന്‍ ഡോഡിംഗ് (ക്രൊയേഷ്യ) സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. അതേസമയം മിക്‌സ്ഡ് ഡബിള്‍സില്‍ സാനിയ മിര്‍സ- രാജീവ് റാം (അമേരിക്ക) സഖ്യം പുറത്തായി. നേരത്തെ വനിതാ ഡബിള്‍സിലും സാനിയ ആദ്യ റൗണ്ടില്‍ മടങ്ങിയിരുന്നു.
ഓസ്ട്രേലിയന്‍ സഖ്യമായ ജെയിംസ് ഡക്ക് വര്‍ത്ത്- ജോര്‍ദന്‍ തോംസണ്‍ സഖ്യത്തെയാണ് ബൊപ്പണ്ണയും ഡോഡിംഗും തോല്‍പ്പിച്ചത്. ആദ്യ സെറ്റ് 6-3 നു നഷ്ടമായ ശേഷം രണ്ടാം സെറ്റ് ബോപ്പണ്ണ സഖ്യം 6-3 നു നേടി മത്സരത്തില്‍ തിരിച്ചു വന്നു. മൂന്നാം സെറ്റ് ടൈബ്രേക്കിലൂടെയാണ് ഇന്തോ- ക്രോട്ട് ജോഡി പിടിച്ചെടുത്തത്.
ഓസ്‌ട്രേലിയയുടെ മാക്സ് പുര്‍സല്‍- യുക്രെയ്‌നിന്റെ ഡയാന യസ്ട്രംസ്‌ക കൂട്ടുകെട്ടിനോടാണ് സാനിയ- രാജീവ് സഖ്യം പരാജയപ്പെട്ടത്. ആദ്യ സെറ്റ് 6-3ന് ഇന്തോ- അമേരിക്കന്‍ സഖ്യം നേടിയിരുന്നു. പിന്നാലെ രണ്ടാം സെറ്റ് ഇതേ സ്‌കോറിന് കൈവിട്ടു. പിന്നാലെ സൂപ്പര്‍ ടൈബ്രേക്കില്‍ 10-7ന് തോറ്റതോടെ മത്സരം നഷ്ടമായി.
അതേസമയം, പുരുഷ വിഭാഗത്തില്‍ സ്റ്റെഫാനോസ് സിറ്റ്‌സിപാസിന് പുറമെ റഷ്യന്‍ താരം ആന്ദ്രേ റുബ്‌ലേവും മൂന്നാം പുറത്തായി. അമേരിക്കയുടെ സീഡില്ലാ താരം ഫ്രാന്‍സസ് തിയോഫെയാണ് അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവില്‍ അഞ്ചാം സീഡിനെ അട്ടിമറിച്ചത്. സ്‌കോര്‍ 6-4, 3-6, 6-7, 6-4, 1-6. നേരത്തെ സിറ്റ്‌സിപാസിനെ സ്പാനിഷ് താരം അല്‍കറാസ് ഗര്‍ഫിയ അട്ടിമറിച്ചിരുന്നു. സ്‌കോര്‍ 6-3 4-6 7-6 0-6 7-6.