'പാരാ അത്‌ലറ്റുകള്‍ യഥാര്‍ഥ ഹീറോകള്‍'; ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ഏവരോടും അഭ്യര്‍ഥിച്ച് സച്ചിന്‍
യഥാർഥ ജീവിതത്തിലെ നായകന്മാരായ പാരാ അത്‌ലറ്റുകളെ ഏവരും പിന്തുണയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ദില്ലി: പാരാലിംപിക്‌സ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ടോക്കിയോ ഗെയിംസില്‍ പങ്കെടുക്കുന്നത്. മലയാളി ഷൂട്ടർ സിദ്ധാർഥ് ബാബു ഉൾപ്പടെ 54 താരങ്ങള്‍ രാജ്യത്തെ ടോക്കിയോയില്‍ പ്രതിനിധീകരിക്കും. ചരിത്ര സംഘവുമായി ടോക്കിയോയില്‍ എത്തിയ ഇന്ത്യന്‍ ടീമിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. യഥാർഥ ജീവിതത്തിലെ നായകന്മാരായ പാരാ അത്‌ലറ്റുകളെ ഏവരും പിന്തുണയ്‌ക്കണമെന്ന് സച്ചിന്‍ ആവശ്യപ്പെട്ടു.
'പ്രത്യേക കഴിവുകളുള്ള പുരുഷന്‍മാരും വനിതകളുമായല്ല ഈ അത്‌ലറ്റുകളെ ഞാന്‍ എപ്പോഴും കാണുന്നത്. നമുക്കേവര്‍ക്കും ഹീറോകളായ അസാധാരണ പ്രതിഭകളാണവര്‍. അഭിനിവേശവും പ്രതിബദ്ധതയും നിശ്ചയദാര്‍ഢ്യവും കൊണ്ട് നമുക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്നതിലേക്ക് കണ്ണുതുറപ്പിക്കുന്നതും പ്രചോദനവുമാണ് പാരാ അത്‌ലറ്റുകള്‍.
പാരാലിംപിക് അത്‌ലറ്റുകളെ ഒളിംപിക് ഹീറോകളെയും ക്രിക്കറ്റ് താരങ്ങളേയും ആഘോഷിക്കുന്ന അതേ രീതിയിൽ പ്രോല്‍സാഹിപ്പിക്കാന്‍ കഴിയുമെങ്കിൽ നമുക്ക് ഒരു മികച്ച സമൂഹമായി മാറാൻ കഴിയുമെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു. പാരാലിംപിക്‌സില്‍ മത്സരിക്കുന്ന 54 അത്‌ലറ്റുകളും മെഡല്‍ നേടില്ലായിരിക്കാം. എന്നിരുന്നാലും എല്ലാ അത്‌ലറ്റുകളെയും പ്രോല്‍സാഹിപ്പിക്കുക എന്നതാണ് പ്രധാനം. അപ്പോഴേ നമ്മുടെ കായികരംഗത്ത് യഥാര്‍ഥ മാറ്റം വരികയുള്ളൂ' എന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
ടോക്കിയോ പാരാലിംപിക്‌സിന് നാളെയാണ് തുടക്കമാവുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ കാണികളെ ഒഴിവാക്കിയാണ് ഇക്കുറി മത്സരങ്ങൾ നടത്തുക. 160 രാജ്യങ്ങളില്‍ നിന്നുള്ള 4,400 അത്‍ലറ്റുകൾ പാരാലിംപിക്‌സില്‍ പങ്കെടുക്കും. ഇത്തവണ 22 മത്സര ഇനങ്ങളാണുള്ളത്. റിയോ പാരാലിംപിക്‌സ് ഹൈജംപിൽ സ്വർണമെഡൽ ജേതാവായ മാരിയപ്പൻ തങ്കവേലു ഇന്ത്യൻ പതാകയേന്തും.
ഇതുവരെ 11 പാരാലിംപിക്‌സിൽ നിന്ന് 12 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. ഇത്തവണ അഞ്ച് സ്വർണമടക്കം 15 മെഡൽ നേടുമെന്നാണ് ഇന്ത്യൻ ടീമിന്റെ പ്രതീക്ഷ. 2004 മുതൽ ചൈനയാണ് മെഡൽ വേട്ടയിൽ മുന്നിൽ. രണ്ടും മൂന്നും സ്ഥാനങ്ങളിൽ അമേരിക്കയും ബ്രിട്ടനും മാറിമാറി വരുന്നു. അഭയാർഥികളെ പ്രതിനിധീകരിച്ച് ആറ് താരങ്ങൾ മത്സരിക്കും. രാഷ്‌ട്രീയ കാരണങ്ങളാൽ രണ്ടംഗ അഫ്ഗാനിസ്ഥാൻ ടീം പിൻമാറിയിട്ടുണ്ട്.
ടോക്യോ പാരാലിംപിക്‌സിന് നാളെ തുടക്കം; മത്സരങ്ങള്‍ നടക്കുന്നത് കാണികളില്ലാതെ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona