Sachin congratulates Praggnanandhaa : 'മാന്ത്രിക വിജയം'; കാള്‍സണെ വീഴ്‌ത്തിയ പ്രഗ്നാനന്ദയെ വാഴ്‌ത്തി സച്ചിന്‍
തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചെത്തിയ കാള്‍സണെ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ 39 നീക്കങ്ങളില്‍ അടിയറവ് പറയിക്കുകയായിരുന്നു
മുംബൈ: ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ(Magnus Carlsen) അട്ടിമറിച്ച ഇന്ത്യയുടെ 16കാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദയെ(R Praggnanandhaa) വാഴ്‌ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. എയര്‍തിംഗ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്‍റിന്‍റെ(Airthings Masters chess tournament) എട്ടാം റൗണ്ടിലാണ് പ്രഗ്നാനന്ദ ചെസ് ലോകത്തെ വിസ്‌മയിപ്പിച്ച് അത്ഭുത ജയം സ്വന്തമാക്കിയത്.
'എത്ര വിസ്‌മയകരമായ നേട്ടമാണിത്. പരിചയസമ്പന്നനും അതിപ്രശസ്‌തനുമായ മാഗ്നസ് കാള്‍സണെ 16-ാം വയസില്‍ കറുത്ത കരുക്കള്‍ കൊണ്ട് കീഴ്‌പ്പെടുത്തുക മാന്ത്രികമാണ്. ദീര്‍ഘമായ ചെസ് കരിയറിന് എല്ലാ ആശംസകളും നേരുന്നു. ഇന്ത്യയുടെ അഭിമാനമുയര്‍ത്തി പ്രഗ്നാനന്ദ' എന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.
തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചെത്തിയ കാള്‍സണെ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ 39 നീക്കങ്ങളില്‍ അടിയറവ് പറയിക്കുകയായിരുന്നു. കാള്‍സണെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് പ്രഗ്നാനന്ദ. നേരത്തെ വിശ്വനാന്ദന്‍ ആനന്ദും ഹരികൃഷ്ണനും കാള്‍സണെ പരാജയപ്പെടുത്തിയിരുന്നു. 2005 ആഗസ്റ്റ് 10നാണ് ഇന്ത്യന്‍ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്ററായ രമേഷ് ബാബു പ്രഗ്നാനന്ദ ജനിച്ചത്. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ താരമാണ് പ്രഗ്നാനന്ദ.
പ്രതീക്ഷയായി പ്രഗ്നാനന്ദ
തമിഴ്നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്‍റെയും നാഗലക്ഷ്മിയുടെയും മകനായ പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയും ഇന്‍റര്‍നാഷണല്‍ മാസ്റ്ററാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്ക് തൊട്ടടുത്താണ് വൈശാലിയിപ്പോള്‍. ആര്‍ ബി രമേഷ് ആണ് പ്രഗ്നാനന്ദയുടെയും വൈശാലിയുടേയും പരിശീലകന്‍.
R Praggnanandhaa : മാഗ്നസ് കാള്‍സണെ അട്ടിമറിച്ച ഇന്ത്യന്‍ അത്ഭുത ബാലന്‍ പ്രഗ്ഗനാനന്ദ ആരാണ്?
ടൂര്‍ണമെന്‍റിലെ എട്ട് റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ എട്ടു പോയന്‍റുമായി പന്ത്രണ്ടാം സ്ഥാനത്താണ് പ്രഗ്നാനന്ദ. എയര്‍തിംഗ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്‍റില്‍ ജയത്തിന് മൂന്ന് പോയിന്‍റും സമനിലക്ക് ഒരു പോയിന്‍റുമാണ് ലഭിക്കുക. ആദ്യ ഘട്ടത്തില്‍ ഏഴ് റൗണ്ടുകള്‍ കൂടി ഇനി അവശേഷിക്കുന്നുണ്ട്. ആദ്യ റൗണ്ടുകളില്‍ ലെവ് അരോണിയനെ തോല്‍പിച്ച പ്രഗ്നാനന്ദ രണ്ട് സമനിലയും നാല് തോല്‍വിയും വഴങ്ങിയിരുന്നു.
മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് അത്ഭുതമായി ഇന്ത്യയുടെ 16കാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രഗ്ഗനാനന്ദ