അടിപൊളി ശ്രീജേഷ്! ഇന്ത്യന്‍ ഗോള്‍കീപ്പറെ പ്രശംസകൊണ്ട് മൂടി സച്ചിന്‍; അതും മലയാളത്തില്‍
മത്സരത്തില്‍ ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. മാര്‍ക്ക് മിറാലസിന്റെ വകയായിരുന്നു സ്പെയ്നിന്റെ ഗോള്‍.
പാരീസ്: ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയെ വെങ്കലത്തിലേക്ക് നയിച്ചതിന് പിന്നാലെ ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിനെ വാഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പോരില്‍ സ്പെയ്നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. ശ്രീജേഷിന്റെ മിന്നുന്ന സേവുകള്‍ മത്സരത്തില്‍ നിര്‍ണായകമായി. അവസാന നിമിഷം ഗോളെന്നുറച്ച പെനാല്‍റ്റി കോര്‍ണര്‍ ശ്രീജേഷ് അവിശ്വസനീമായി രക്ഷപ്പെടുത്തിയിരുന്നു. ഒളിംപിക്‌സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്തായാലും കരിയറിന് ഒളിംപിക്‌സ് മെഡലോടെ തന്നെ വിരാമം കുറിക്കാനായി.
ഇതോടെയാണ് ശ്രീജേഷിനെ അഭിനന്ദിച്ച് സച്ചിന്‍ രംഗത്തെത്തിയത്. അദ്ദേഹം എക്‌സില്‍ കുറിച്ചിട്ട വാക്കുകള്‍... ''അടിപൊളി പി ആര്‍ ശ്രീജേഷ്. വര്‍ഷങ്ങളായി നിങ്ങള്‍ ഗോള്‍പോസ്റ്റിന് മുന്നില്‍ പൂര്‍ണ ഹൃദയത്തോടെ നിലകൊണ്ടു. ഹോക്കിയോടുള്ള നിങ്ങളുടെ സമര്‍പ്പണവും പ്രതിബദ്ധതയും ആവേശവും അതിരുകളില്ലാത്തതാണ്. ഒളിംപിക്‌സില്‍ ബ്രിട്ടനെതിരായ മത്സരം എങ്ങനെയാണ് മറക്കാനാവുക? 10 പേരുമായി നമ്മള്‍ 42 മിനിറ്റ് കളിച്ചു. നിങ്ങളുടെ പ്രകടനം കയ്യടിക്കേണ്ടത് തന്നെയാണ്. താങ്കളുടെ സാന്നിധ്യം ഇന്ത്യന്‍ ഹോക്കിക്ക് വലിയ നേട്ടങ്ങളുണ്ടാക്കി കൊടുത്തു. താങ്കളെടുത്ത ത്യാഗങ്ങള്‍ക്ക് നന്ദി. ജീവിതത്തിന്റെയും കരിയറിന്റെയും രണ്ടാം പകുതിക്ക് എല്ലാവിധ ആശംസകളും.'' സച്ചിന്‍ കുറിച്ചിട്ടു.
മത്സരത്തില്‍ ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. മാര്‍ക്ക് മിറാലസിന്റെ വകയായിരുന്നു സ്പെയ്നിന്റെ ഗോള്‍. ആദ്യ ക്വാര്‍ട്ടറില്‍ ഗോളൊന്നും പിറന്നിരുന്നില്ല. എന്നാല്‍ ഇന്ത്യക്ക് സുവര്‍ണാവസരം ലഭിക്കുകയുണ്ടായി. സുഖ്ജീത് സിംഗിന് അവസരം മുതലാക്കാന്‍ സാധിച്ചില്ല. സ്പെയ്നിന്റെ ഒരു ഗോള്‍ ശ്രമം ശ്രീജേഷ് രക്ഷപ്പെടുത്തുകയും ചെയ്തു. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ സ്പെയ്ന്‍ ഗോള്‍ നേടി. 18-ാം മിനിറ്റില്‍ പെനാല്‍റ്റ് സ്ട്രോക്കിലൂടെയായിരുന്നു മിറാലസിന്റെ ഗോള്‍.