CWG 2022 : കോമൺവെൽത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് നാണക്കേട്; ഉത്തേജകമരുന്നില്‍ കുടുങ്ങി രണ്ട് അത്‌ലറ്റുകള്‍
സ്പ്രിന്‍റർ ധനലക്ഷ്മി, ട്രിപ്പിൾജംപ് താരം ഐശ്വര്യ ബാബു എന്നിവരാണ് ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടത്
ദില്ലി: കോമൺവെൽത്ത് ഗെയിംസിനൊരുങ്ങുന്ന(Commonwealth Games 2022) ഇന്ത്യക്ക് നാണക്കേടായി ഉത്തേജകമരുന്ന് വിവാദം. രണ്ട് പ്രധാന താരങ്ങൾ മരുന്നടിക്ക്(Doping) പിടിയിലായി. സ്പ്രിന്‍റർ ധനലക്ഷ്മി(S Dhanalakshmi), ട്രിപ്പിൾജംപ് താരം ഐശ്വര്യ ബാബു(Aishwarya Babu) എന്നിവരാണ് ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടത് എന്ന് ദേശീയ മാധ്യമമായ ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്‌തു.
100 മീറ്ററിലും 4x100 മീറ്റർ റിലേ ടീമിലും അംഗമായിരുന്നു ധനലക്ഷ്മി. ഹിമാ ദാസിനെയും ദ്യുതി ചന്ദിനേയും കഴിഞ്ഞ മാസം ധനലക്ഷ്‌മി പരാജയപ്പെടുത്തിയിരുന്നു. ജൂണിൽ ട്രിപ്പിൾജംപിൽ ദേശീയ റെക്കോർഡ് തിരുത്തിയ(14.14m) താരമാണ് ഐശ്വര്യ ബാബു. ലോംഗ്‌ജംപില്‍ 6.73 മീറ്റര്‍ ദുരം കണ്ടെത്തിയും അടുത്തിടെ ഐശ്വര്യ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ മാസം ഏഷ്യൻ ഗെയിംസ് റിലേ സ്വർണമെഡൽ ജേതാവ് എം.ആർ.പൂവമ്മയ്ക്ക് ഉത്തേജകമരുന്ന് ഉപയോഗത്തിന് മൂന്ന് മാസത്തെ വിലക്ക് ലഭിച്ചിരുന്നു.
ബര്‍മിങ്ഹാമില്‍ ഈ മാസം 28നാണ് കോമൺവെൽത്ത് ഗെയിംസ് തുടങ്ങുന്നത്. 72 രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ മാറ്റുരയ്‌ക്കും. 15 ഇനങ്ങളിലായി 215 കായികതാരങ്ങള്‍ ഇന്ത്യയിൽ നിന്ന് മത്സരിക്കും. 215 കായിക താരങ്ങളും ഒഫീഷ്യല്‍സും സപ്പോര്‍ട്ട് സ്റ്റാഫും അടക്കം 107 പേരും അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം. സോണി സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ടെലിവിഷനിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുക. സോണി സിക്‌സ്, സോണി ടെന്‍ 1, സോണി ടെന്‍ 2, സോണി ടെന്‍ 3, സോണി ടെന്‍ 4 ചാനലുകളില്‍ ഗെയിംസ് കാണാം.
ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര, പി വി സിന്ധു, മിരാഭായ് ചാനു, ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍, ബജ്റങ് പുനിയ, രവികുമാര്‍ ദഹിയ, മണിക ബത്ര, വിനേഷ് ഫോഗട്ട്, തജീന്ദര്‍പാല്‍ സിങ്, ഹിമ ദാസ്, അമിത് പങ്കാല്‍ എന്നിവരടങ്ങുന്നതാണ് ഇത്തവണത്തെ ഇന്ത്യന്‍ സംഘം. നീരജ് ചോപ്രയാണ് ഗെയിംസില്‍ ഇന്ത്യന്‍ പതാകയേന്തുക. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ വേട്ടയില്‍ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പുറകില്‍ മൂന്നാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.