'Z' : ജഴ്‌സിയില്‍ ഇസഡ് (Z) ചിഹ്നം; റഷ്യന്‍ താരത്തെ അനിശ്ചിതമായി വിലക്കിയേക്കും
റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നാണ് ഇസഡ് ചിഹ്നം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. യുദ്ധത്തിനിടയില്‍ റഷ്യന്‍ വാഹനങ്ങളിലും ടാങ്കുകളിലും ഇസഡ് ചിഹ്നം പ്രദര്‍ശിപ്പിച്ചിരുന്നു.
ജഴ്‌സിയില്‍ ഇസഡ് (Z) അക്ഷരം ആലേഖനം ചെയ്ത റഷ്യന്‍ ജിംനാസ്റ്റിക് താരം ഇവാന്‍ കുലിയാക്കിനെ (Ivan Kuliak) അന്താരാഷ്ട്ര ജിംനാസ്റ്റിക് ഫെഡറേഷന്‍ അനിശ്ചിതകാല വിലക്കേര്‍പ്പെടുത്തിയേക്കും. ദോഹയില്‍ നടന്ന ലോക മീറ്റില്‍ വെങ്കല മെഡല്‍ നേടിയ താരം പോഡിയത്തില്‍ കയറിയപ്പോള്‍ ഇസഡ് ചിഹ്നം ധരിച്ച ചിത്രം വൈറലായിരുന്നു. റഷ്യന്‍ അത്ലറ്റിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ തീരുമാനിച്ചതോടെ സംഭവം വിവാദമായി.
എന്താണ് ഇസഡ് ചിഹ്നം
റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നാണ് ഇസഡ് ചിഹ്നം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. യുദ്ധത്തിനിടയില്‍ റഷ്യന്‍ വാഹനങ്ങളിലും ടാങ്കുകളിലും ഇസഡ് ചിഹ്നം പ്രദര്‍ശിപ്പിച്ചിരുന്നു. ജിംനാസ്റ്റിക്സ് ഗവേണിംഗ് ബോഡിയും അന്താരാഷ്ട്ര കായിക ഫെഡറേഷനുകളും നിരോധിച്ച റഷ്യന്‍ പതാകയുടെ സ്ഥാനത്ത് ഇസഡ് എന്ന അക്ഷരം ധരിക്കാന്‍ കുലിയാക് തീരുമാനിക്കുകയായിരുന്നു. റഷ്യയില്‍ നിന്നും ബെലാറൂസില്‍ നിന്നുമുള്ള എല്ലാ കായിക താരങ്ങളെ ഒഴിവാക്കിയത് പ്രാബല്യത്തില്‍ വരാത്തതിനാലാണ് 20 കാരനായ കുലിയാക്കിന് ദോഹയില്‍ മത്സരിക്കാന്‍ കഴിഞ്ഞത്. നാസികളുടെ സ്വസ്തിക ചിഹ്നത്തിന് സമാനമായിട്ടാണ് റഷ്യ ഇസഡ് ചിഹ്നം ഉപയോഗിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുലിയാക്കിന്റെ മെഡല്‍ റദ്ദാക്കാനും അദ്ദേഹത്തെ അനിശ്ചിതകാലത്തേക്ക് വിലക്കാനും സാധ്യതയുണ്ടെന്ന് ഫെഡറേഷന്‍ അധികൃതര്‍ ദ ഗാര്‍ഡിയനോട് പറഞ്ഞു. യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യന്‍, ബെലാറൂസ് താരങ്ങളെ ഫെഡറേഷന്‍ വിലക്കിയിരുന്നു. ചൊവ്വാഴ്ച മുതലാണ് വിലക്ക് നിലവില്‍ വന്നത്. അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് റഷ്യന്‍, ബെലാറസ് കായിക താരങ്ങളെ വിലക്കണമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) എല്ലാ കായിക സംഘടനകളോടും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
മാര്‍ച്ച് 10 മുതല്‍ 13 വരെ അസര്‍ബൈജാനിലെ ബാക്കുവില്‍ നടക്കുന്ന അക്രോബാറ്റിക് ജിംനാസ്റ്റിക്‌സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഈ രണ്ട് രാജ്യങ്ങളിലെയും അത്‌ലറ്റുകളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിക്കില്ലെന്നും ഫെഡറേഷന്‍ അറിയിച്ചു.