Russia: ഫുട്ബോള്‍ ലോകകപ്പില്‍ നിന്നുള്ള വിലക്കിന് പിന്നാലെ വോളിബോള്‍ ലോകകപ്പ് ആതിഥേയത്വവും റഷ്യക്ക് നഷ്ടമാവും
ഇന്നലെയാണ് ഈ വര്‍ഷം ഒടുവില്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിലെ യോഗ്യതാ പോരാട്ടങ്ങളില്‍ നിന്നും ജൂണില്‍ നടക്കാനിരിക്കുന്ന വനിതാ യൂറോ കപ്പില്‍ നിന്നും റഷ്യയെ വിലക്കാന്‍ ആഗോള ഫുട്ബോള്‍ ഭരണസമിതിയായ ഫിഫ തീരുമാനിച്ചത്.
മോസ്കോ: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ(Russian invasion of Ukraine) കായികലോകത്ത് തിരിച്ചടി തുടരുന്നു. പുരുഷ വോളിബോള്‍ ലോക ചാമ്പ്യന്‍ഷിപ്പിന്(2022 Volleyball World Championships) ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് റഷ്യയെ രാജ്യാന്തര വോളിബോള്‍ ഫെഡറേഷന്‍(International Volleyball Federation) വിലക്കിയതാണ് ഏറ്റവും പുതിയ നടപടി. ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ നിന്നും വനിതാ യൂറോ കപ്പില്‍ നിന്നും റഷ്യയെ ഫിഫ(FIFA) വിലക്കിയതിന് പിന്നാലെണ് വോളിബോളിലും റഷ്യക്ക് തിരിച്ചടി നേരിടുന്നത്.
റഷ്യയെ വിലക്കുമ്പോള്‍! വംശീയത നിറഞ്ഞ ഇംഗ്ലണ്ടിലെ സ്‌റ്റേഡിയങ്ങള്‍ എന്തുകൊണ്ട് ഫിഫ കാണാതെപോയി ?
യുക്രൈനിലെ സ്ഥിതിഗതികളിലും അവിടുത്ത ജനങ്ങളുടെ സുരക്ഷയിലും ഫെഡറേഷന് കടുത്ത ആശങ്കയുണ്ടെന്നും ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. യുക്രൈനെതിരായ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ പുരുഷ വോളി ലോകകപ്പ് നടത്തുക സാധ്യമല്ലെന്നും ഫെഡറേഷന്‍ പറഞ്ഞു. ഈ വര്‍ഷം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായിരുന്നു റഷ്യയില്‍ ലോക വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കേണ്ടിയിരുന്നത്.
ഇന്നലെയാണ് ഈ വര്‍ഷം ഒടുവില്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിലെ യോഗ്യതാ പോരാട്ടങ്ങളില്‍ നിന്നും ജൂണില്‍ നടക്കാനിരിക്കുന്ന വനിതാ യൂറോ കപ്പില്‍ നിന്നും റഷ്യയെ വിലക്കാന്‍ ആഗോള ഫുട്ബോള്‍ ഭരണസമിതിയായ ഫിഫ തീരുമാനിച്ചത്. അനിശ്ചിതകാലത്തേക്കായിരുന്നു റഷ്യക്കുമേല്‍ ഫിഫ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാന്‍ റഷ്യ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് ഫിഫയുടെ നടപടി.
റഷ്യന്‍ താരങ്ങളെയും ബെലാറസ് താരങ്ങളെയും രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഇതിനെ അമേരിക്ക പിന്തുണക്കുകയും ചെയ്തു.
സമാധാനമാണ് വിലയേറിയത്'; വേള്‍ഡ് തായ്ക്വാണ്ടോ പുടിന്റെ ബ്ലാക്ക് ബെല്‍റ്റ് തിരിച്ചെടുത്തു
നേരത്തെ ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ റഷ്യന്‍ ഗ്രാന്‍ പ്രിക്സും ഉപേക്ഷിച്ചിരുന്നു. രാജ്യാന്തര ഐസ് ഹോക്കി ഫെഡറേഷനും റഷ്യക്കും ബെലാറസിനും മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.