ജോര്‍ജ് ലൂയിസ്, ഹാമില്‍ട്ടന്റെ പുതിയ സഹഡ്രൈവര്‍
മൂന്ന് സീസണുകളിലായി വില്ല്യംസ് ഡ്രൈവറായ ജോര്‍ജ് റസല്‍, ഹാമില്‍ട്ടണ്‍ ഡിസംബറില്‍ കൊവിഡ് ബാധിതന്‍ ആയപ്പോള്‍ മെഴ്‌സിഡസിനായി മത്സരിച്ചിരുന്നു.
ആംസ്റ്റര്‍ഡാം: ഫോര്‍മുല വണ്‍ കാറോട്ടത്തിലെ ലോക ചാംപ്യന്‍ ലൂയിസ് ഹാമില്‍ട്ടന്റെ പുതിയ സഹഡ്രൈവറെ പ്രഖ്യാപിച്ചു. അടുത്ത സീസണില്‍ മെഴ്‌സിഡസില്‍ ജോര്‍ജ് റസലാകും ഹാമില്‍ട്ടനൊപ്പം മത്സരിക്കുക. ഇരുവരും ബ്രിട്ടീഷ് ഡ്രൈവര്‍മാരെന്ന പ്രത്യേകതയുമുണ്ട്.
മൂന്ന് സീസണുകളിലായി വില്ല്യംസ് ഡ്രൈവറായ ജോര്‍ജ് റസല്‍, ഹാമില്‍ട്ടണ്‍ ഡിസംബറില്‍ കൊവിഡ് ബാധിതന്‍ ആയപ്പോള്‍ മെഴ്‌സിഡസിനായി മത്സരിച്ചിരുന്നു. എന്നാല്‍ 23കാരനായ റസലുമായുള്ള കരാര്‍ എത്ര വര്‍ഷത്തേക്കെന്ന് വ്യക്തമല്ല. 36കാരനായ ഹാമില്‍ട്ടണ് 2023 വരെ മെഴ്‌സിഡസുമായി കരാര്‍ ഉണ്ട്.
ട്രാക്കിലും പുറത്തും മാതൃകയായി കണക്കാക്കുന്ന ഹാമില്‍ട്ടനൊപ്പം മത്സരിക്കുന്നത്, വ്യക്തിപരമായും കായികതാരമെന്ന നിലയിലും വലിയ അനുഭവമാകുമെന്ന് റസല്‍ പറഞ്ഞു. കഴിഞ്ഞ ഏഴ് സീസണുകളിലായി ഡ്രൈവേഴ്‌സ്, കണ്‍സ്ട്രക്‌റ്റേഴ്‌സ് ചാംപ്യന്‍ഷിപ്പുകളില്‍ മെഴ്‌സിഡസിനാണ് കിരീടം.