വിംബിൾഡൺ രണ്ട് സെറ്റ് നഷ്ടമാക്കിയശേഷം ഫെഡറർ ആദ്യ റൗണ്ട് കടന്നു
സെന്റർ കോർട്ടിൽ നടന്ന പോരാട്ടത്തിൽ ആദ്യ സെറ്റിൽ അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. ഫ്രഞ്ച് താരത്തിന്റെ സർവീസ് ബ്രേക്ക് ചെയ്ത് ഫെഡറർ 6-4ന് സെറ്റ് സ്വന്തമാക്കി.
ലണ്ടൻ: വിംബിൾഡണിൽ ഒമ്പതാം കിരീടം തേടിയിറങ്ങിയ റോജർ ഫെഡററെ ആഡ്രിയാൻ മന്നാരിനോ ഒന്ന് വിറപ്പിച്ചു. ആദ്യ സെറ്റ് ആനായാസം നേടിയ ഫെഡറർക്കെതിരെ അടുത്ത രണ്ട് സെറ്റ് നേടി അട്ടിമറി ഭീഷണി ഉയർത്തിയെങ്കിലും നാലാം സെറ്റ് നഷ്ടമായതിന് പിന്നാലെ മന്നാരിനോ പരിക്കേറ്റ് പിൻമാറിയതോടെ ഫെഡറർ രണ്ടാം റൗണ്ടിലെത്തി. സ്കോർ 6-4 6-7(3) 3-6 6-2.
സെന്റർ കോർട്ടിൽ നടന്ന പോരാട്ടത്തിൽ ആദ്യ സെറ്റിൽ അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. ഫ്രഞ്ച് താരത്തിന്റെ സർവീസ് ബ്രേക്ക് ചെയ്ത് ഫെഡറർ 6-4ന് സെറ്റ് സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റ് ടൈ ബ്രേക്കറിൽ സ്വന്തമാക്കിയ മന്നാരിനോ മൂന്നാം സെറ്റിൽ രണ്ട് തവണ ഫെഡററുടെ സർവീസ് ബ്രേക്ക് ചെയ്ത് സെറ്റ് സ്വന്തമാക്കിയതോടെ ആരാധകർ ഞെട്ടി.
നാലാം സെറ്റിൽ ഫെഡറർ 4-2ന് മുന്നിൽ നിൽക്കുമ്പോൾ ബേസ് ലൈനിൽ കാൽതെറ്റി വീണ് കാൽമുട്ടിന് പരിക്കേറ്റ മന്നാരിനോ ആദ്യം ഗ്രൗണ്ടിൽ ചികിത്സതേടി കളി തുടർന്നെങ്കിലും സെറ്റ് നഷ്ടമായി. നിർണായക അവസാന സെറ്റിൽ പോരാട്ടത്തിനായി തയാറെടുക്കുന്നതിനിടെയാണ് വേദന കാരണം ഫ്രഞ്ച് താരം പിൻമാറിയത്.
രണ്ടാം റൗണ്ടിൽ റിച്ചാർഡ് ഗാസ്കറ്റ്-യൂച്ചി സുഗിത മത്സര വിജയികളെയാണ് ഫെഡറർ നേരിടേണ്ടത്.