ഫെഡററുടെ തിരിച്ചുവരവ് വൈകും; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്‍മാറി
ഓസ്‌ട്രേലിയൻ ഓപ്പണിൽ ആറ് തവണ ജേതാവായിട്ടുള്ള സ്വിസ് ഇതിഹാസം റോജര്‍ ഫെഡററർ ടൂര്‍ണമെന്‍റില്‍ നിന്ന് പിൻവാങ്ങി.
മെല്‍ബണ്‍: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഇക്കുറി ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കില്ല. കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കാനാണ് 20 തവണ ഗ്രാന്‍ഡ്‌സ്ലാം ജേതാവായ താരം ടൂര്‍ണമെന്‍റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. കരിയറില്‍ ആദ്യമായാണ് ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാതിരിക്കുന്നത്.
അടുത്തിടെ പരിശീലനം പുനരാരംഭിച്ച താരത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിനുള്ള സാധ്യതാ പട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആറ് തവണ ജേതാവായിട്ടുണ്ട് ഫെഡറര്‍. നിലവില്‍ ലോക അഞ്ചാം നമ്പര്‍ താരമാണ് മുപ്പത്തിയൊമ്പതുകാരനായ റോജര്‍ ഫെഡറര്‍. മെല്‍ബണില്‍ ഫെബ്രുവരി എട്ടിനാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്.
കാല്‍മുട്ടില്‍ രണ്ട് ശസ്‌ത്രക്രിയകള്‍ക്ക് വിധേയനായ സ്വിസ് താരം കഴിഞ്ഞ ഫെബ്രുവരി മുതല്‍ കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമി ഫൈനലിലാണ് ഫെഡറര്‍ അവസാനമായി കളിച്ചത്. അന്ന് സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിനോട് പരാജയപ്പെട്ടിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണിന് ശേഷം അടുത്ത വര്‍ഷം താരം കോര്‍ട്ടില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നൂറ്റാണ്ടിലെ മികച്ച ഫുട്ബോളര്‍; റയല്‍ മികച്ച ക്ലബ്