ഹാലെ ഓപ്പണ്‍: റോജര്‍ ഫെഡറര്‍ രണ്ടാം റൗണ്ടില്‍ പുറത്ത്, റുബ്‌ലേവ് ക്വാര്‍ട്ടറില്‍
ഹാലെ ഓപ്പണില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. കാനഡയുടെ ഫെലിക്‌സ് ഓഗര്‍ അലിയസിമെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഫെഡററെ തോല്‍പ്പിച്ചത്. സ്‌കോര്‍ 4-6 6-3 6-2.
ഹാലെ: വിംബിള്‍ഡണ്‍ ടൂര്‍ണമെന്റിന് തയ്യാറെടുക്കുന്ന റോജര്‍ ഫെഡറര്‍ക്ക് നിരാശ. തയ്യാറെടുപ്പ് വേദിയായ ഹാലെ ഓപ്പണില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. കാനഡയുടെ ഫെലിക്‌സ് ഓഗര്‍ അലിയസിമെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഫെഡററെ തോല്‍പ്പിച്ചത്. സ്‌കോര്‍ 4-6 6-3 6-2.
ഹാലെയില്‍ പത്ത് തവണ കിരീടം നേടിയിട്ടുള്ള ഫെഡറര്‍ക്ക് ആദ്യ സെറ്റ് മാത്രമാണ് സ്വന്തമാക്കാനയത്. 20 കാരന്റെ തകര്‍പ്പന്‍ സെര്‍വുകള്‍ക്ക് മുന്നില്‍ ഫെഡറര്‍ പലപ്പോഴും പതറിപ്പോയി. 13 എയ്‌സുകളാണ് ഫെലിക്‌സിന്റെ റാക്കറ്റില്‍ നിന്ന് പറന്നത്. ആദ്യ മത്സരത്തില്‍ ബലാറസിന്റെ ഇലിയ ഇവാഷ്‌കയെ ഫെഡറര്‍ പരാജയപ്പെടുത്തിയിരുന്നു.
അതേസമയം റഷ്യയുടെ ആന്ദ്രേ റുബ്‌ലേവ്, ജപ്പാന്റെ കീ നിഷികോറി, ജര്‍മനിയുടെ ഫിലിപ് കോള്‍ഷ്രീബര്‍ എന്നിവര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഓസ്‌ട്രേലിയയുടെ ജോര്‍ദാന്‍ തോംപ്‌സണെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റുബ്‌ലേവ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4 6-4. എന്നാല്‍ ഒന്നാം ഡാനില്‍ മെദ്‌വദേവ് ആദ്യ റൗണ്ടില്‍ പുറത്തായി.