Review 2021 : ഒളിംപിക്‌സില്‍ ഇന്ത്യ തല ഉയര്‍ത്തി നിന്ന വര്‍ഷം; ഉയരങ്ങളില്‍ ശ്രീജേഷും നീരജ് ചോപ്രയും
ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി ഏഴ് മെഡലുകള്‍ ഇന്ത്യക്ക് ലഭിച്ചു. ലണ്ടന്‍ ഒളിംപിക്സിലെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഒളിംപിക്‌സില്‍ വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യക്കാരനായി നീരജ് ചോപ്ര.
ഇന്ത്യന്‍ കായികമേഖലയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ വര്‍ഷമാണ് കടന്നുപോയത്. ചരിത്രത്തിലാദ്യമായി ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ ഒളിംപിക്‌സായിരുന്നു ടോക്യോയിലേത്. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി ഏഴ് മെഡലുകള്‍ ഇന്ത്യക്ക് ലഭിച്ചു. ലണ്ടന്‍ ഒളിംപിക്സിലെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഒളിംപിക്‌സില്‍ വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യക്കാരനായി നീരജ് ചോപ്ര. ജാവലിനിലാണ് നീരജ് സ്വര്‍ണം എറിഞ്ഞിട്ടത്. ഒളിംപിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആദ്യത്തെ സ്വര്‍ണം കൂടിയായിരുന്നു ഇത്. നീരജില്‍ മാത്രം ഒതുങ്ങുന്നില്ല നേട്ടങ്ങള്‍. 41 വര്‍ഷങ്ങള്‍ക്ക് ശേഷം പുരുഷ ഹോക്കി ടീം ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചു. മീരാഭായ് ചാനു, പി വി സിന്ധു, ലൊവ്‌ലിന ബോഗോഹെയ്്ന്‍, രവി കുമാര്‍ ദഹിയ, ബജ്‌റംഗ് പൂനിയ എന്നിവരാണ് മെഡല്‍ നേട്ടക്കാരാണ്.
നീരജിന്റെ തങ്കത്തിളക്കം
ഒളിംപിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ നൂറിലധികം വര്‍ഷത്തെ കാത്തിരിപ്പാണ് നീരജ് അവസാനിപ്പിച്ചത്. 87.5 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം വീഴ്ത്തിയപ്പോല്‍ ടോക്യോയില്‍ ചരിത്രം പിറന്നു. അഭിനവ് ബിന്ദ്രക്ക് ശേഷം ഒളിംപിക് വ്യക്തിഗതയിനത്തില്‍ സ്വര്‍ണം നേടുന്ന കായികതാരമായി നീരജ്. സ്വര്‍ണനേട്ടത്തോടെ ഇന്ത്യ ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനം സ്വന്തമാക്കി.
ഹോക്കിയില്‍ വെങ്കലം
ഇന്ത്യക്കൊരു പ്രതാപകാലമുണ്ടായിരുന്നു ഹോക്കിയില്‍. എന്നാല്‍ ഒളിംപിക്‌സില്‍ മെഡല്‍ പോലും നേടാനാവാതെ ഇന്ത്യന്‍ ടീം തളര്‍ന്നു. എന്നാല്‍ ടോക്യോയില്‍ ഇന്ത്യ വെങ്കലവുമായി മടങ്ങിയെത്തി. 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടീം ഹോക്കിയില്‍ മെഡല്‍ നേടുന്നത്. വെങ്കലത്തിനായുള്ള പോരില്‍ ജര്‍മനിയെ 5-4നാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. അവസാന നിമിഷത്തെ രക്ഷപ്പെടുത്തലുമായി മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് ഇന്ത്യയുടെ ഹീറോയായി. 1980ല്‍ മോസ്‌കോ ഒളിംപിക്‌സിലാണ് ഇന്ത്യ അവസാനമായി മെഡല്‍ നേടിയത്. ഒളിംപിക്‌സ് ഹോക്കിയില്‍ ഇതിന് മുമ്പ് 12 മെഡലുകളാണ് ഇന്ത്യ നേടിയിട്ടുള്ളത്.
മീരാഭായ് ചാനു
മീരാഭായ് ചാനുവിലൂടെയാണ് ഇന്ത്യ ഒളിംപിക്‌സില്‍ മെഡല്‍വേട്ടയ്ക്ക് തുടക്കമിട്ടത്. വനിതകളുടെ 49 കിലോ ഗ്രാം ഭാരോദ്വഹനത്തില്‍ ചാനു വെള്ളി നേടിയത്. അതും ഒളിംപിക്‌സില്‍ ആദ്യദിനം തന്നെ. മൊത്തത്തില്‍ 202 കിലോഗ്രാം ഭാരമാണ് ചാനു ഉയര്‍ത്തിയത്. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്നത്. ഒളിംപിക് ചരിത്രത്തില്‍ ഈയിനയത്തില്‍ ഇന്ത്യയുടെ ആദ്യത്തെ വെള്ളി മെഡലായിരുന്നു ചാനുവിന്റേത്.
രവി കുമാര്‍ ദഹിയ
57 കിലോഗ്രാം ഗുസ്തിയിലായിരുന്നു രവി കുമാറിന്റെ വെള്ളി. അതും അരങ്ങേറ്റ ഒളിംപിക്‌സില്‍ തന്നെ. വ്യക്തിഗതയിനത്തില്‍ വെള്ളി നേടുന്ന ഏഴാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് രവി കുമാര്‍. ഫൈനലില്‍ രണ്ട് തവണ ലോക ചാംപ്യനായിട്ടുള്ള സവുര്‍ ഉഗ്വേവിനോടാണ് രവി കുമാര്‍ പരാജയപ്പെടുന്നത്.
പി വി സിന്ധു
ഒളിംപിക്‌സില്‍ സിന്ധുവിന്റെ രണ്ടാം മെഡലായിരുന്നു ടോക്യോയിലേത്. റിയൊയില്‍ വെള്ളി നേടിയ സിന്ധു ടോക്യോയില്‍ വെങ്കലം നേടിയത്. ചൈനയുടെ ഹേ ബിംഗ് ജിയാവോയെയാണ് സിന്ധു തോല്‍പ്പിച്ചത്. ഗുസ്തി താരം സുശീല്‍ കുമാറിന് ശേഷം ഒളിംപിക്‌സില്‍ തുടര്‍ച്ചയായി മെഡല്‍ നേടുന്ന താരമാണ് സിന്ധു.
ലൊവ്‌ലിന ബോഗോഹെയ്ന്‍
അസമില്‍ ചെറിയ ഗ്രാമത്തില്‍ നിന്നെത്തിയ ലൊവ്‌ലിന രാജ്യത്തിന്റെ മുഴുവന്‍ അഭിമാനമായി. വനിതാ ബോക്‌സിംഗില്‍ 23-കാരി വെങ്കലവുമായിട്ടാണ് മടങ്ങിയത്. 69 കിലോ ഗ്രാം വിഭാഗത്തില്‍ ചൈനീസ് തായ്‌പേയുടെ നീന്‍-ചിന്‍, ലൊവ്‌ലിനയ്ക്ക് മുന്നില്‍ തോല്‍വി സമ്മതിച്ചു. സെമി ഫൈനലില്‍ ലോക ചാംപ്യന്‍ ബുസെനസ് സര്‍മെനേലിയോട് 5-0ത്തിനാണ് താരം തോറ്റത്. എന്നാല്‍ ഗംഭീരമായി തിരിച്ചെത്തിയ ലൊവ്‌ലിന ലൂസേഴ്‌സ് ഫൈനലില്‍ വെങ്കലവുമായി മടങ്ങി. ടോക്യോ ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യക്ക് ലഭിക്കുന്ന ഒരേയൊരു മെഡലായിരുന്നു ഇത്.
ബജ്‌റംഗ് പൂനിയ
പൂനിയയുടെ കാര്യത്തില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. ഒളിംപിക്‌സിന് മുമ്പ് നടന്ന ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനവും പുറത്തെടുത്തു. 65 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച പൂനിയ സെമി ഫൈനലില്‍ പരാജയപ്പെട്ടു. അസര്‍ബെയ്ജാന്റെ ഹാജി അലിയേവാണ് ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ചത്. പക്ഷേ, കസാഖ്സ്ഥാന്റെ ദൗളത് നിയാസ്‌ബെക്കോവിനെ തോല്‍പ്പിച്ച് താരം വെങ്കലം നേടി. ഗുസ്തിയില്‍ ഇന്ത്യയുടെ രണ്ടാം മെഡലായിരുന്നു ഇത്.
ശ്രീജേഷിന് ഖേല്‍രത്‌ന
ഒളിംപിക്‌സില്‍ പുരുഷ ഹോക്കി ടീമിന്റെ വെങ്കലനേട്ടത്തില്‍ നിര്‍ണായകമായത് മലയാളി ഗോള്‍ കീപ്പര്‍ ശ്രീജേഷിന്റെ പ്രകടനമായിരുന്നു. പിന്നാലെ അദ്ദേഹത്തെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു. ഖേല്‍രത്‌ന പുരസ്‌കാരം നേടുന്ന മൂന്നാമത്തെ മലയാളി കായികതാരവും ആദ്യ മലയാളി പുരുഷതാരവുമാണ് ശ്രീജേഷ്. ശ്രീജേഷിനു പുറമേ, ടോക്കിയോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ രവി കുമാര്‍ ദഹിയ, ബോക്‌സിങ്ങില്‍ വെങ്കലം നേടിയ ലവ്ലിന ബോള്‍ഗൊഹെയിന്‍ എന്നിവരെ തേടിയും പുരസ്‌കാരമെത്തി. ദ്രോണചാര്യ പുരസ്‌കാരം മലയാളിയായ രാധാകൃഷ്ണന്‍ നായര്‍ക്ക് ലഭിച്ചു. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിന്റെ ചീഫ് കോച്ചാണ് അദ്ദേഹം.
മേരി കോമും ഷൂട്ടിംഗും അമ്പെയ്ത്തും- വലിയ നിരാശകള്‍
ടോക്യോ ഒളിംപിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ ദു: ഖങ്ങളിലൊന്ന് വനിതകളുടെ ബോക്‌സിംഗ് പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലെന്‍സിയക്കെതിരെ തോറ്റ് പുറത്തായ മേരി കോമെന്ന ഇന്ത്യയുടെ ഇതിഹാസ ബോക്‌സറാണ്. മത്സരശേഷവും തോറ്റുവെന്ന് തിരിച്ചറിയാതെ വിജയിയെപ്പോലെ കൈയുയര്‍ത്തുകയും പിന്നീട് തോറ്റെന്ന് അറിഞ്ഞപ്പോള്‍ കണ്ണീരണിയുകയും ചെയ്ത ഇന്ത്യയുടെ ചാംപ്യന്‍ ബോക്‌സര്‍ ടോക്യോയിലെ ഇന്ത്യന്‍ നൊമ്പരമായി.
ഒളിംപിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നായിരുന്നു അമ്പെയ്ത്ത്. അതാനു ദാസ് ലോക ഒന്നാം നമ്പര്‍ താരം കൊറിയയുടെ ഓ ജിന്‍ ഹൈക്കിനെ വീഴ്ത്തി പ്രീ ക്വാര്‍ട്ടറിലെത്തിയെങ്കിലും അതിനപ്പുറം പോവാനായില്ല. മൂന്നാം ഒളിംപിക്‌സില്‍ മത്സരിക്കുന്ന ദീപിക കുമാരിക്ക് ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ ആന്‍ സാനിന് മുന്നില്‍ ലക്ഷ്യം പിഴച്ചു.
ഷൂട്ടര്‍മാര്‍ക്ക് ഉന്നം പിഴച്ചു
ലോക ഒന്നാം നമ്പര്‍ താരങ്ങള്‍ക്ക് പോലും ടോക്യോയില്‍ ഉന്നം പിഴച്ചതോടെ ഷൂട്ടിംഗില്‍ ഉറച്ച മെഡല്‍ പ്രതീക്ഷകള്‍ പോലും ഇന്ത്യയുടെ ഉണ്ടയില്ലാ വെടികളായി. പിസ്റ്റള്‍ ഷൂട്ടര്‍മാരായ സൗരഭ് ചൗധരിയും അഭിഷേക് വര്‍മയും റൈഫിള്‍ ഷൂട്ടര്‍മാരായ എലവേനില്‍ വാളറിവനും അപൂര്‍വി ചന്ദേലയുമെല്ലാം ടോക്യോയില്‍ ഇന്ത്യയുടെ നിരാശാമുഖങ്ങളായി.
യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയ സൗരഭ് ചൗധരിക്ക് ഫൈനലില്‍ പക്ഷെ ഏഴാമതെത്താനെ കഴിഞ്ഞുള്ളു. ബാക്കിയുള്ള ഷൂട്ടര്‍മാരാരും ഫൈനലിലേക്ക് യോഗ്യത പോലും നേടിയില്ല. പിസ്റ്റളിന്റെ തകരാര്‍മൂലം മെഡല്‍ നഷ്ടമായ മനു ഭാക്കര്‍ ഷൂട്ടിംഗ് റേഞ്ചിലെ ഇന്ത്യയുടെ ദു:ഖമാവുകയും ചെയ്തു.
തോല്‍വിയിലും അഭിമാനം
ഫെന്‍സിംഗില്‍ ആദ്യമായി ഇന്ത്യയില്‍ നിന്നൊരു താരം ഒളിംപിക്‌സ് യോഗ്യ നേടിയെന്നത് തന്നെ വലിയ കാര്യമായിരുന്നു. ആദ്യ റൗണ്ട് മത്സരം അനായാസം ജയിച്ച് ഭവാനി ദേവി ടോക്യോയിലെ ഇന്ത്യയുടെ മിന്നുന്ന താരമായി. എന്നാല്‍ രണ്ടാം റൗണ്ടില്‍ ലോക മൂന്നാം നമ്പര്‍ താരം മാനണ്‍ ബ്രൂണറ്റിന്റെ പരിചയസമ്പത്തിന് മുന്നില്‍ പയറ്റ് പിഴച്ചെങ്കിലും വരുംകാലത്തേക്ക് ഒരുപാട് പ്രതീക്ഷകള്‍ സമ്മാനിച്ചാണ് ഭവാനി ദേവി ടോക്യോയില്‍ നിന്ന് മടങ്ങിയത്.
വനിതാ ഹോക്കി ടീം വെങ്കല മെഡല്‍ പോരാട്ടത്തില്‍ ബ്രിട്ടന് മുന്നില്‍ പൊരുതി വീണെങ്കിലും ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ വീഴ്ത്തിയ ഒറ്റ പ്രകടനത്തിലൂടെ റാണി രാംപാലും സംഘവും ഇന്ത്യന്‍ ഹോക്കിയില്‍ പുതുയുഗപ്പിറവിക്കാണ് തുടക്കമിട്ടത്.