'കാള്‍സനെന്ന വന്‍മരം വീണു, ഇനി പ്രഗ്നാനന്ദയുടെ കാലം'; ഇന്ത്യന്‍ ചെസ് വിസ്‌മയത്തെ വാഴ്‌ത്തി മലയാളികള്‍

ചെസ് ലോകം അവന് ചുറ്റുമിരിക്കുന്ന കാലമിത്. കാൾസനെ മൂന്നാമതും വീഴ്‌ത്തിയ പ്രഗ്നാനന്ദയെ വാഴ്ത്തി ആരാധകര്‍ 

Rameshbabu Praggnanandhaa viral in Kerala after beat Magnus Carlsen for third time

മിയാമി: അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്‌നസ് കാള്‍സനെതിരെ ചെസ് ബോര്‍ഡില്‍ അത്ഭുത കരുക്കള്‍ നീക്കുകയാണ് ഇന്ത്യന്‍ യുവവിസ്‌മയം ആര്‍ പ്രഗ്നാനന്ദ. മൂന്നാം തവണയും മാഗ്നസ് കാൾസനെ അട്ടിമറിച്ചാണ് വെറും 17-ാം വയസില്‍ ഇതിഹാസ പദവിയിലേക്ക് പ്രഗ്നാനന്ദ തന്‍റെ കരുക്കള്‍ നീക്കുന്നത്. മിയാമി വേദിയായ ലോക ചെസ് ചാമ്പ്യൻഷിപ്പായ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പിലാണ് ഒടുവിലായി പ്രഗ്നാനന്ദയുടെ കുതിപ്പിന് മുന്നില്‍ നോര്‍വേയുടെ കാള്‍സന് കീഴടങ്ങേണ്ടിവന്നത്. കാള്‍സനെതിരായ ആര്‍ പ്രഗ്നാനന്ദയുടെ വിജയങ്ങളെ ഒരു ഇതിഹാസ താരത്തിന്‍റെ പിറവിയായാണ് ആരാധകര്‍ കാണുന്നത്. കേരളത്തിലടക്കം പ്രഗ്നാനന്ദ സാമൂഹ്യമാധ്യമങ്ങളില്‍ താരമായിക്കഴിഞ്ഞു. 

ചെസ് ചരിത്രത്തില്‍ മാഗ്നസ് കാള്‍സനെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ആര്‍ പ്രഗ്നാനന്ദ. വിശ്വനാഥന്‍ ആനന്ദും ഹരികൃഷ്ണനും മാത്രമേ മുമ്പ് കാള്‍സന്‍റെ കുതിരയ്‌ക്ക് തടയിടായിട്ടുള്ളൂ. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഓൾലൈൻ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പായ എയർതിംഗ്‌സ് മാസ്റ്റേഴ്സിലായിരുന്നു പ്രഗ‍്നാനന്ദയോട് കാൾസൺ ആദ്യം പരാജയപ്പെട്ടത്. അന്നത് ആഗോള വാര്‍ത്തയായി. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചെത്തിയ കാള്‍സനെ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ 39 നീക്കങ്ങളില്‍ അന്ന് അടിയറവ് പറയിക്കുകയായിരുന്നു. അന്ന് 16 വയസ് മാത്രമുള്ള ഈ അത്ഭുത ബാലന്‍ രാജ്യത്തിന്‍റെ അഭിമാനമാകുമെന്ന് അന്നേ എല്ലാവരും പ്രവചിച്ചു. 

മെയ് 20ന് ചെസ്സബിൾ മാസ്‌റ്റേഴ്സ് ഓൺലൈൻ ടൂർണമെൻറിൽ വീണ്ടും പ്രഗ‍്നാനന്ദ ഞെട്ടിച്ചു. ഇതോടെ 2022ല്‍ തന്നെ ലോക ഒന്നാം നമ്പറുകാരമായ നോർവെ താരത്തിന് ഒരു ഇന്ത്യന്‍ കൗമാരക്കാരന് മുമ്പിൽ രണ്ടാമതും തോൽവി രുചിക്കേണ്ടിവന്നു. സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തില്‍ കാള്‍സന്‍റെ പിഴവ് മുതലെടുത്ത് പ്രഗ്നാനന്ദ ജയം സ്വന്തമാക്കുകയായിരുന്നു. അവിടംകൊണ്ട് പ്രഗ്നാനന്ദയുടെ അത്ഭുതങ്ങള്‍ അവസാനിച്ചില്ല. ഇതിന് പിന്നാലെയാണ് മിയാമിയിലെ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പിലും പ്രഗ്നാനന്ദയോട് കാള്‍സന്‍റെ കീഴടങ്ങല്‍. 

2005 ആഗസ്റ്റ് 10നാണ് ഇന്ത്യന്‍ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്ററായ രമേഷ് ബാബു പ്രഗ്നാനന്ദ ജനിച്ചത്. തമിഴ്‌നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായ പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയും ഇന്റര്‍നാഷണല്‍ മാസ്റ്ററാണ്. ആര്‍ ബി രമേഷ് ആണ് പ്രഗ്നാനന്ദയുടെയും വൈശാലിയുടേയും പരിശീലകന്‍. ഇന്ത്യയുടെ മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്‍റെ അക്കാദമിയിലൂടെയാണ് പ്രഗ്നാനന്ദ ചെസ് ലോകത്തേക്കെത്തിയത്. 3000 റേറ്റിങ് പോയിന്‍റാണ് തന്‍റെ സ്വപ്നമെന്നും ഒരിക്കല്‍ പ്രഗ്നാനന്ദ വ്യക്തമാക്കിക്കഴിഞ്ഞു. 16-ാം വയസില്‍ മാഗ്നസ് കാള്‍സനെ പോലൊരു കൊലകൊമ്പനെ മലര്‍ത്തിയടിച്ച ആര്‍ പ്രഗ്നാനന്ദയുടെ അത്ഭുതങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂ എന്നുവേണം കരുതാന്‍.

R Praggnanandhaa : രണ്ടാം അട്ടിമറി; വീണ്ടും മാഗ്നസ് കാൾസനെ വീഴ്‌ത്തി കൗമാര വിസ്‌മയം ആര്‍. പ്രഗ്നാനന്ദ

Latest Videos
Follow Us:
Download App:
  • android
  • ios