Wimbledon 2022 : വിംബിൾഡൺ സെമി; റാഫേൽ നദാൽ പിന്‍മാറി
പരിക്കേറ്റിട്ടും പിൻമാറാതെ ക്വാർട്ടർ ഫൈനലിൽ ടൈലർ ഫ്രിറ്റ്സിനെ തോൽപിച്ച ശേഷമുള്ള റാഫേൽ നദാലിന്‍റെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു
ലണ്ടന്‍: പരിക്കേറ്റ റാഫേൽ നദാൽ(Rafael Nadal) വിംബിൾഡൺ(Wimbledon 2022) സെമി ഫൈനലിൽ നിന്ന് പിൻമാറി. വയറിനേറ്റ പരിക്കിനെ തുടർന്നാണ് പിൻമാറ്റം. ഇതോടെ നിക്ക് കിർഗിയോസ്(Nick Kyrgios) ഫൈനലിലെത്തി. രണ്ടാം സെമിയിൽ കാമറോൺ നോറി നിലവിലെ ചാമ്പ്യൻ നൊവാക് ജോകോവിച്ചിനെ നേരിടും.
പരിക്കേറ്റിട്ടും പിൻമാറാതെ ക്വാർട്ടർ ഫൈനലിൽ ടൈലർ ഫ്രിറ്റ്സിനെ തോൽപിച്ച ശേഷമുള്ള റാഫേൽ നദാലിന്‍റെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. ഗാലറിയിലുണ്ടായിരുന്ന അച്ഛന്‍ പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടും നദാൽ പരിക്ക് അവഗണിച്ച് കോര്‍ട്ടിൽ തുടരുകയായിരുന്നു. വിജയത്തിന് ശേഷം നടത്തിയ പരിശോധനയിൽ വയറ്റിലെ പേശികളില്‍ 7 മില്ലിമീറ്റര്‍ ആഴമുള്ള മുറിവുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് സെമിക്ക് തൊട്ടുമുൻപ് മുൻ ചാമ്പ്യന്‍റെ പിൻമാറ്റം. നദാലിന്റെ നഷ്ടം നിക്ക് കിർഗിയോസിന് നേട്ടമായി. ഓസ്ട്രേലിയൻ താരം സെമി കളിക്കാതെ തന്‍റെ ആദ്യ ഗ്രാൻസ്ലാം ഫൈനലിൽ സ്ഥാനം ഉറപ്പാക്കി.
അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടങ്ങള്‍ക്ക് ശേഷം 2 ദിവസത്തെ വിശ്രമം ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് ടോപ് സീഡ് ജോക്കോവിച്ചും ഒന്‍പതാം സീഡ് കാമറോൺ നോറിയും വൈകീട്ട് ആറിനുള്ള ആദ്യ സെമിക്ക് ഇറങ്ങുക. കഴിഞ്ഞ 3 തവണയും വിംബിൾഡൺ വിജയിച്ച ജോക്കോവിച്ചിന് തന്നെ മേൽക്കൈ. ഇതിന് മുന്‍പുള്ള ഏക നേര്‍ക്കുനേര്‍ പോരിൽ ജയിച്ചതും ജോക്കോവിച്ചാണ്. സ്വന്തം നാട്ടുകാര്‍ക്ക് മുന്നിലിറങ്ങുന്നത് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാകും ആദ്യ ഗ്രാന്‍സ്ലാം സെമി കളിക്കുന്ന നോറീ.
വിംബിള്‍ഡണ്‍: വനിതാ സിംഗിള്‍സില്‍ എലേന റിബാകിന-ഓന്‍സ് ജാബ്യൂര്‍ കിരീടപ്പോരാട്ടം