PV Sindhu Turns 27 : ബാഡ്‍മിന്‍റണ്‍ റാണി പി വി സിന്ധുവിന് ഇന്ന് പിറന്നാള്‍; ഇവ അഞ്ച് മിന്നും നേട്ടങ്ങള്‍
രണ്ട് ഒളിംപിക് മെഡലുകളുള്ള ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന വിശേഷണം പി വി സിന്ധുവിന് സ്വന്തം
ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്‍മിന്‍റണ്‍ സൂപ്പർതാരം പി വി സിന്ധുവിന്‍റെ(PV Sindhu) 27-ാം ജന്‍മദിനമാണിന്ന്. 1995 ജൂലൈ അഞ്ചിന് ഹൈദരാബാദിലായിരുന്നു പി വി സിന്ധുവിന്‍റെ ജനനം. രാജ്യം കണ്ട ഏറ്റവും മികച്ച കായിക താരങ്ങളിലൊരാളായി സിന്ധു വിശേഷിപ്പിക്കപ്പെടുന്നു. രണ്ട് ഒളിംപിക് മെഡലുകളുള്ള ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന വിശേഷണവും പി വി സിന്ധുവിന് സ്വന്തം. സിന്ധുവിന്‍റെ കരിയറിലെ പ്രധാന അഞ്ച് നേട്ടങ്ങള്‍ അറിയാം.
1. 2016 ഒളിംപിക്സിലെ വെള്ളി മെഡലാണ് പി വി സിന്ധുവിന്‍റെ കരിയറിലെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന്. റിയോയിലെ കലാശപ്പോരില്‍ കരോലിന മാർട്ടിനോട് 19-21, 21-12, 21-15 എന്ന സ്കോറില്‍ സിന്ധു പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ രംഗത്തിന് വലിയ ഊർജം പകർന്നു സിന്ധുവിന്‍റെ ഫൈനല്‍ പ്രവേശം.
2. 2020 ഒളിംപിക്സിലെ വെങ്കല മെഡല്‍ നേട്ടത്തോടെയാണ് പി വി സിന്ധു ഒളിംപിക്സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടത്തിലെത്തിയത്. ടോക്കിയോയില്‍ ചൈനീസ് താരത്തെ വെങ്കല മെഡല്‍ മത്സരത്തില്‍ 21-13, 21-15 എന്ന ഗെയിമില്‍ സിന്ധു വീഴ്ത്തുകയായിരുന്നു.
3. അതേസമയം ലോക ബാഡ്‍മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വർണ മെഡല്‍ ജേതാവാണ് പി വി സിന്ധു. 2019ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ജാപ്പനീസ് സൂപ്പർതാരം നൊസോമി ഒകുഹാരയെ തോല്‍പിച്ചു. കലാശപ്പോരില്‍ 21-7, 21-7 എന്ന ഗെയിമിനായിരുന്നു വിജയം. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു.
4. 2018 ഏഷ്യന്‍ ഗെയിംസിലെ വെള്ളി മെഡല്‍ നേട്ടവും പി വി സിന്ധുവിന്‍റെ കരിയറിലെ സുപ്രധാന നാഴികക്കല്ലാണ്. ഏഷ്യന്‍ ഗെയിംസില്‍ സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായിരുന്നു സിന്ധു. എന്നാല്‍ ഫൈനലില്‍ ചൈനീസ് തായ്പേയ് താരത്തോട് 13-21 16-21 എന്ന സ്കോറില്‍ കീഴടങ്ങി സിന്ധു വെള്ളിയുമായി മടങ്ങി.
5. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പി വി സിന്ധു വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. സെമിയില്‍ നിലവിലെ ചാമ്പ്യനായ കനേഡിയന്‍ താരത്തോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് ജയിച്ചു. സ്കോർ: 21-18, 21-8. ഫൈനലില്‍ മറ്റൊരു ഇന്ത്യന്‍ താരമായ സൈന നെഹ്‍വാളായിരുന്നു എതിരാളി. അക്കുറി സിന്ധുവിന് മേല്‍ ജയം സൈനയുടേതായി.
ഒകുഹാരയോട് മാസ്‌മരിക പകരംവീട്ടല്‍; സിന്ധുവിന് ആദ്യ ലോക ബാഡ്‌മിന്‍റണ്‍ കിരീടം