'1983 ക്രിക്കറ്റ് ലോകകപ്പ് ഉയര്‍ത്തിയതിനേക്കാള്‍ വലിയ നേട്ടം'; തോമസ് കപ്പ് കിരീടനേട്ടത്തെ കുറിച്ച് ഗോപിചന്ദ്
ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഇതിനുവേണ്ടി പ്രയത്‌നിക്കുമെന്നും വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം കൂട്ടിചേര്‍ത്തു.
ബാങ്കോക്ക്: തോമസ് കപ്പ് (Thomas Cup) കിരീടം നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദന പ്രവാഹം. കിരീടം നേടിയത് മഹത്തരമായ നേട്ടമെന്ന് ഇന്ത്യയുടെ ചീഫ് കോച്ച് പുല്ലേല ഗോപിചന്ദ് (Pullela Gopichand) പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകള്‍... ''വിസ്മയിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം. 1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് ജയിച്ചതുപോലെയായിരുന്നത്. അല്ലെങ്കില്‍ അതിനേക്കാള്‍ വലിയ നേട്ടമെന്ന് പറയാം.
ബാഡ്മിന്റണ്‍ ചരിത്രത്തില്‍ വലിയ പാരമ്പര്യം അവകാശപ്പെടാനുണ്ട് ഇന്തോനേഷ്യക്ക്. തോമസ് കപ്പിലും അങ്ങനെ തന്നെ. അവരെ തോല്‍പ്പിക്കുകയെന്നത് ഇന്ത്യ ഉയര്‍ന്ന തലത്തിലെത്തിയെന്നാണ്. അടുത്തകാലം വരെ വനിതാ വിഭാഗത്തില്‍ സൈന നേവാള്‍, പി സിന്ധു എന്നിവരിലൂടെ മാത്രമായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. എന്നാലിപ്പോള്‍ പുരുഷ താരങ്ങളും മികവ് കാണിക്കുന്നു.
ഈ നേട്ടം ഒരുപാട് പേര്‍ക്ക് പ്രചോദനമാകുമെന്നാണ് ഞാന്‍ കരുതുന്നത്. ഒരുപാട് കുട്ടികളെ ബാഡ്മിന്റണിലേക്ക് കൊണ്ടുവരാന്‍ ഈ നേട്ടം ഉപകരിക്കും. അടുത്തകാലത്ത് ഇത്തരത്തില്‍ ഒരുപാട് ബാഡ്മിന്റണ്‍ രംഗത്തേക്ക് വരുന്നത് ഞാന്‍ കണ്ടിരുന്നു. രാജ്യത്ത് ഒരുപാട് അക്കാദമികള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഒരുപാട് യുവതാരങ്ങളെ ഉയര്‍ത്തികൊണ്ടുവരാന്‍ അക്കാദമികള്‍ക്ക് സാധിക്കും.'' ഗോപിചന്ദ് പറഞ്ഞു.
ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഇതിനുവേണ്ടി പ്രയത്‌നിക്കുമെന്നും വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം കൂട്ടിചേര്‍ത്തു. പിന്തുണച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അസോസിയേഷനും അദ്ദേഹം നന്ദി പറഞ്ഞു.
14 കിരീടങ്ങള്‍ നേടിയിട്ടുള്ള കരുത്തരായ ഇന്തോനേഷ്യയെ ഇന്ത്യ അട്ടിമറിക്കുകയായിരുന്നു. ഫൈനലില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ കിരീടമുറപ്പിച്ചത്. സിംഗിള്‍സില്‍ ലക്ഷ്യ സെനും കിഡാംബി ശ്രീകാന്തും വിജയിച്ചപ്പോള്‍ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യവും വിജയഭേരി മുഴക്കി.