അഭിമാന നേട്ടത്തിന്‍റെ ഇരുപതാം വാര്‍ഷികത്തില്‍ ഗോപിചന്ദിന് ആശംസാ പ്രവാഹം
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ബാഡ്മിന്‍റണ്‍ ടൂര്ണമെന്റുകളിലൊന്നായ ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ കിരീടം നേടിയ രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് പുല്ലേലെ ഗോപിചന്ദ്.
ഹൈദരാബാദ്: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ കിരീടം നേടിയതിന്‍റെ ഇരുപതാം വാര്‍ഷികത്തില്‍ പുല്ലേലെ ഗോപിചന്ദിനെ തേടി ആശംസാ പ്രവാഹം. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ബാഡ്മിന്‍റണ്‍ ടൂര്ണമെന്റുകളിലൊന്നായ ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ കിരീടം നേടിയ രണ്ടാമത്തെ മാത്രം ഇന്ത്യക്കാരനാണ് പുല്ലേലെ ഗോപിചന്ദ് എന്ന പി ഗോപിചന്ദ്. 2001ലായിരുന്നു ആ ചരിത്രം നിമിഷം. 1980ലായിരുന്നു പ്രകാശ് പദുക്കോണ്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായത്.
ഗോപിചന്ദിന്‍റെ ചരിത്ര നേട്ടത്തിന് ശേഷം 2015ല്‍ വനിതാ വിഭാഗത്തില്‍ സൈന നെഹ്‌വാള്‍ ഫൈനലിലെത്തിയതാണ് ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ മികച്ച പ്രകടനം.
ബാഡ്മിന്‍റണ്‍ കരിയര്‍ പൂര്‍ത്തിയാക്കിയശേഷം സ്വന്തം അക്കാദമിയിലൂടെ മുഴുവന്‍ സമയ കോച്ചിംഗിലേക്ക് തിരിഞ്ഞ ഗോപിചന്ദ് ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ ടീമിന്‍റെ മുഖ്യപരിശീലകനാണിപ്പോള്‍. അക്കാദമിയില്‍ ഗോപിചന്ദിന്‍റെ ശിക്ഷണത്തിലായിരുന്നു പി വി സിന്ധു, സൈന നെഹ്‌വാള്‍, സായ് പ്രണീത്, പി.കശ്യപ്, കിഡംബി ശ്രീകാന്ത് തുടങ്ങി ഇന്ന് ഇന്ത്യയുടെ അഭിമാനങ്ങളായ ഒട്ടേറെ താരങ്ങളുടെ പരിശീലനം. അതുകൊണ്ടുതന്നെ കായികരംഗത്തുനിന്നും മറ്റുമേഖലകളില്‍ നിന്നും നിരവധിപേരാണ് വാര്‍ഷികത്തില്‍ ഗോപിചന്ദിന് ആശംസകളുമായി എത്തിയത്.
1999ല്‍ രാജ്യം അര്‍ജ്ജുന അവാര്‍ഡ് നല്‍കി ഗോപിചന്ദിനെ ആദരിച്ചു. 2001ല്‍ ഇന്ത്യയിലെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരവും 2005ല്‍ പത്മശ്രീയും 2009ല്‍ ദ്രോണാചാര്യ പുരസ്കാരവും 2014ല്‍ പത്ഭൂഷണും നല്‍കി രാജ്യം ഗോപിചന്ദിനെ ആദരിച്ചു.