ദേശീയ ചാമ്പ്യൻഷിപ്പ്: അത്‌ലറ്റുകൾക്ക് വാക്‌സീൻ നൽകണമെന്ന് ആവശ്യപ്പെട്ട് പി ടി ഉഷ
വരാനിരിക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്ന അത്‌ലറ്റുകളും പരിശീലകരുമെല്ലാം വാക്‌സിനേഷൻ മുൻഗണനാപട്ടികയ്‌ക്ക് പുറത്താണ്.
കോഴിക്കോട്: ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന അത്‌ലറ്റുകൾക്കും മുൻഗണനാക്രമത്തിൽ വാക്‌സീൻ നൽകണമെന്ന് പി ടി ഉഷ. മുഖ്യമന്ത്രി പിണറായി വിജയനോടാണ് ഉഷ ആവശ്യമുന്നയിച്ചത്.
ഒളിംപിക്‌സിന് തയ്യാറെടുക്കുന്ന താരങ്ങൾക്കുളള വാക്‌സിനേഷൻ ഏറെക്കുറെ പൂർത്തിയായി. എന്നാൽ വരാനിരിക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്ന അത്‌ലറ്റുകളും പരിശീലകരുമെല്ലാം വാക്‌സിനേഷൻ മുൻഗണനാപട്ടികയ്‌ക്ക് പുറത്താണ്. ഇവരെ പ്രത്യേകം പരിഗണിച്ച് വാക്‌സീൻ നൽകണമെന്നാണ് പി ടി ഉഷ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചത്. കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിനെയും ടാഗ് ചെയ്‌താണ് ട്വിറ്ററിൽ ഉഷയുടെ അഭ്യർത്ഥന.
ഒളിംപിക്‌സിന് തയ്യാറെടുക്കുന്നവരിൽ അഞ്ച് പേരൊഴികെ എല്ലാവരും ആദ്യ ഡോസ് വാക്‌സീൻ സ്വീകരിച്ചുകഴിഞ്ഞു. കൊവിഡ് ബാധിതരായതിനാൽ ബോക്‌സർ സിമ്രാൻജീതിനും ഷൂട്ടർമാരായ രാഹി സർനോബാത്, സൗരഭ് ചൌധരി, ദീപക് കുമാർ, മെയ് രാജ് അഹമ്മദ് ഖാൻ എന്നിവർക്ക് വാക്‌സീനെടുക്കാൻ കഴിഞ്ഞിട്ടില്ല.
പങ്കെടുക്കുന്നവർ വാക്‌സീനെടുത്തിരിക്കണം എന്ന് ഒളിംപിക് കമ്മിറ്റിയുടെ നിബന്ധന ഇല്ലെങ്കിലും ഒളിംപിക്‌സിനിടെയുണ്ടായേക്കാവുന്ന പ്രതിസന്ധി ഒഴിവാക്കാനാണ് മുഴുവൻ താരങ്ങൾക്കും വാക്‌സീനെടുക്കുന്നത് എന്നാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അറിയിക്കുന്നത്. ജൂലൈ 23നാണ് ഒളിംപിക്‌സ് തുടങ്ങുന്നത്. ടോക്യോയിൽ എത്തും മുൻപ് പരമാവധി പേർക്ക് രണ്ട് ഡോസ് വാക്‌സീൻ നൽകുകയാണ് ഐഓഎ ലക്ഷ്യമിടുന്നത്.
യൂറോ കപ്പ് മുന്നൊരുക്കം ഗംഭീരമാക്കി ജർമനി; ലാറ്റ്‍വിയയെ ഗോള്‍മഴയില്‍ മുക്കി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona