പ്രൈം വോളിബോള്‍: കിരീട പോരാട്ടത്തിന് നാല് ടീമുകള്‍; സെമി വെള്ളിയാഴ്ച തുടങ്ങും
ലീഗ് റൗണ്ടില്‍ ആക്രമണ മികവ് പ്രകടമാക്കിയ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചെണ്ണവും വിജയിച്ചു
കൊച്ചി: റുപേ പ്രൈം വോളിബോള്‍ ലീഗ് രണ്ടാം സീസണിന്‍റെ അവസാനഘട്ട മത്സരങ്ങള്‍ വെള്ളിയാഴ്ച മുതല്‍ കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്‍ററില്‍(രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം). പോയിന്‍റ് ടേബിളിലെ മികച്ച നാല് ടീമുകളാണ് ഫൈനലും കിരീടവും ലക്ഷ്യമിട്ട് സെമിയില്‍ മത്സരിക്കുന്നത്. അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്, കാലിക്കറ്റ് ഹീറോസ്, ബെംഗളൂരു ടോര്‍പ്പിഡോസ് എന്നിവയാണ് സെമിയിലെ ടീമുകള്‍. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ആദ്യ സെമിഫൈനല്‍ നടക്കും. രണ്ടാം സെമിഫൈനല്‍ ശനിയാഴ്ച വൈകിട്ട് ഏഴിനാണ്. ഞായറാഴ്ച വൈകിട്ട് ഏഴിനാണ് ഫൈനല്‍.
ലീഗ് റൗണ്ടില്‍ ആക്രമണ മികവ് പ്രകടമാക്കിയ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചെണ്ണവും വിജയിച്ചു. വ്യാഴാഴ്ച കൊല്‍ക്കത്തയുമായുള്ള ഒരു കളി ശേഷിക്കെ 11 പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ് അവര്‍. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സും ആറ് വിജയങ്ങള്‍ നേടിയെങ്കിലും ഒരു കളി ശേഷിക്കേ 10 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ബോണസ് പോയിന്റ് വിജയമാണ് അഹമ്മദാബാദിനെ മുന്നിലെത്തിച്ചത്. എട്ട് പോയിന്റുള്ള കാലിക്കറ്റ് ഹീറോസാണ് മൂന്നാമത്. അത്രയും പോയിന്റോടെ ബെംഗളൂരു ടോര്‍പ്പിഡോസ് നാലാം സ്ഥാനത്തും നില്‍ക്കുന്നു.
ഈ സീസണില്‍ ടീം മികച്ച രീതിയില്‍ കളിച്ചുവെന്നും കളിക്കാര്‍ പൂര്‍ണമായും പ്രചോദിതരാണെന്നും സെമി ഫൈനല്‍ മത്സരത്തിന് മുന്നോടിയായി സംസാരിച്ച കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ടിന്റെ യൂണിവേഴ്‌സല്‍ താരം വിനിത് കുമാര്‍ പറഞ്ഞു. സമ്മര്‍ദമില്ലാതെ കളിക്കുന്നതിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു സെമിയില്‍ ശക്തമായ പോരാട്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് ബംഗളൂരു ടോര്‍പ്പിഡോസിനു വേണ്ടി അറ്റാക്കറായി കളിക്കുന്ന പങ്കജ് ശര്‍മ പറഞ്ഞു. ഇതൊരു പ്രധാനപ്പെട്ട മത്സരമാണ്, ഫൈനലില്‍ സ്ഥാനം ഉറപ്പിക്കാന്‍ എല്ലാവരും പരമാവധി ശ്രമിക്കും. ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ടീം കാണിച്ച തിരിച്ചുവരവിന് ആരാധകര്‍ക്കും കോച്ചിങ് സ്റ്റാഫിനും മുഴുവന്‍ ക്രെഡിറ്റ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഓരോ ടീമിനും അവരുടെ എതിരാളികളെ ആശ്രയിച്ച് വ്യത്യസ്ത തന്ത്രങ്ങളുണ്ട്. സാഹചര്യത്തിന് അനുസരിച്ച് ഇത് മാറിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലിക്കറ്റ് ഹീറോസിന്റെ അറ്റാക്കറായ മോഹന്‍ ഉക്രപാണ്ഡ്യനും കടുത്ത പോരാട്ടമാണ് സെമിഫൈനലില്‍ പ്രതീക്ഷിക്കുന്നത്. പ്ലേ ഓഫില്‍ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളെ ഫൈനലിലേക്ക് കൊണ്ടുപോകുന്ന ഒരു വിജയത്തിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്ത് വില കൊടുത്തും മത്സരം ഞങ്ങള്‍ക്ക് ജയിക്കണം. പോയിന്റ് ടേബിളില്‍ കാണാന്‍ കഴിയുന്നത് പോലെ, ആദ്യ നാല് ടീമുകള്‍ക്കിടയില്‍ വളരെ കടുപ്പമേറിയ മത്സരമാണ് ലീഗ് റൗണ്ടില്‍ നടന്നത്. ഞങ്ങള്‍ ഞങ്ങളുടെ നൂറ് ശതമാനവും മത്സരത്തിനായി നല്‍കും, ഫലം ഞങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷ-ഉക്രപാണ്ഡ്യന്‍ കൂട്ടിച്ചേര്‍ത്തു,
ഞങ്ങളുടെ കഴിവുകളിലും ഗെയിമിലും ഞങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന്റെ ഡാനിയല്‍ മൊതാസെദി പറഞ്ഞു. ടീമിന് എല്ലാ വഴികളിലൂടെയും പോകാനുള്ള കഴിവുണ്ടെന്ന് മിഡില്‍ബ്ലോക്കറായ താരം ആത്മവിശ്വാസത്തോടെ പറയുന്നു. ഞങ്ങള്‍ തന്ത്രങ്ങള്‍ മാറ്റുന്നില്ല, പക്ഷേ പന്ത് നന്നായി തടയുന്നതിലും ഞങ്ങളുടെ നെഗറ്റീവുകളെ പോസിറ്റീവുകളാക്കി മാറ്റുന്നതിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. എതിരാളികള്‍ എങ്ങനെ കളിക്കുന്നു, അവരുടെ ശക്തി എന്താണ് എന്നതൊക്കെ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്ലേഓഫ്, ഫൈനല്‍ മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് ടെന്‍ 1 (ഇംഗ്ലീഷ്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 3 (ഹിന്ദി), സോണി സ്‌പോര്‍ട്‌സ് ടെന്‍ 4 (തമിഴ്, തെലുങ്ക്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 2 (മലയാളം) എന്നീ ചാനലുകളില്‍ തത്സമയം കാണാം. ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് വോളിബോള്‍ വേള്‍ഡിലൂടെയും മത്സരങ്ങള്‍ തത്സമയം കാണാനാവും.
ഒരു സെക്കന്‍ഡ് പോലും വേണ്ടിവന്നില്ല! പരമ്പരയിലെ ഏറ്റവും മികച്ച ക്യാച്ചുമായി സ്‍മിത്ത്- വീഡിയോ