പ്രൈം വോളി ലീഗ്: ജയത്തോടെ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് ഒന്നാമത്

പ്രൈം വോളിബോള്‍ ലീഗിന്‍റെ ആദ്യ സെമിയില്‍ വെള്ളിയാഴ്ച ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും 
 

Prime Volleyball League 2023 Kolkata Thunderbolts top on table after beat Ahmedabad Defenders jje

കൊച്ചി: റുപേ പ്രൈം വോളിബോള്‍ ലീഗ് രണ്ടാം സീസണില്‍ ഒന്നാമന്‍മാരായി ലീഗ് റൗണ്ട് അവസാനിപ്പിച്ച് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ 3-2ന് തോല്‍പിച്ചു. സ്‌കോര്‍: 15-7, 15-4, 15-13, 8-15, 11-15. കൊല്‍ക്കത്തയുടെ വിനിത് കുമാറാണ് കളിയിലെ താരം. ജയത്തോടെ 12 പോയിന്റമായി പോയിന്റ് ടേബിളിലും നിലവിലെ ചാമ്പ്യന്‍മാര്‍ ഒന്നാമന്‍മാരായി. 11 പോയിന്റോടെ അഹമ്മദാബാദ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. വെള്ളിയാഴ്ച നടക്കുന്ന ആദ്യ സെമിഫൈനലില്‍ ബെംഗളൂരു ടോര്‍പ്പിഡോസിനെ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് നേരിടും. ശനിയാഴ്ച കാലിക്കറ്റ് ഹീറോസും അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും തമ്മിലാണ് രണ്ടാം സെമി. വൈകിട്ട് 7നാണ് രണ്ട് മത്സരങ്ങളും.

വിനിത് കുമാറിന്റെയും രാഹുലിന്റെയും കരുത്തുറ്റ സ്മാഷുകള്‍ തടയാന്‍ അഹമ്മദാബാദിന്റെ പ്രതിരോധ മതിലിന് കഴിഞ്ഞില്ല. അഭിലാഷും ജന്‍ഷാദും ചേര്‍ന്ന് ഡിഫന്‍ഡേഴ്‌സിന്റെ സ്‌പൈക്കുകള്‍ തടഞ്ഞതോടെ 15-7ന് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് അനായാസം ആദ്യ സെറ്റ് നേടി. വിനിതിനൊപ്പം അശ്വല്‍ റായ് കൂടി അറ്റാക്കിങ് തുടങ്ങിയതോടെ അഹമ്മദാബാദ് ദുര്‍ബലരായി. കെ.രാഹുലിന്റെ സെര്‍വുകള്‍ക്കും ഡിഫന്‍ഡേഴ്‌സിന് മറുപടിയുണ്ടായില്ല. 15 മിനിറ്റില്‍ 15-4ന് കൊല്‍ക്കത്ത രണ്ടാം സെറ്റും അവസാനിപ്പിച്ചു.

മൂന്നാം സെറ്റില്‍ ഡിഫന്‍ഡേഴ്‌സ് തിരിച്ചുവരവിന്റെ ലക്ഷണം കാണിച്ചു.അംഗമുത്തുവും ഡാനിയല്‍ മൊതാസെദിയും പോയിന്റുകള്‍ കണ്ടെത്തി. തുടക്കത്തില്‍ ലഭിച്ച ലീഡ് അനാവശ്യ പിഴവുകളിലൂടെ കളഞ്ഞു. വിനിതിന്റെ സ്‌പൈക്കുകള്‍ തുടരെ എതിര്‍ കോര്‍ട്ടില്‍ പതിച്ചു. സൂപ്പര്‍ പോയിന്റില്‍ ഒപ്പമെത്താമെന്ന ഡിഫന്‍ഡേഴ്‌സിന്റെ മോഹം നന്ദഗോപാലിന്റെ സ്മാഷ് പിഴവില്‍ വിഫലമായി. മനോഹരമായൊരു റാലിക്കൊടുവില്‍ മൊതാസെദിയുടെ തന്ത്രപരമായ പ്ലേസിങ് കണ്ടു. 13 പോയിന്റില്‍ കൊല്‍ക്കത്തക്ക് അരികില്‍ നില്‍കെ അഹമ്മദാബാദിന് സെര്‍വ് പിഴച്ചു. 15-13ന് സെറ്റും മത്സരവും തണ്ടര്‍ബോള്‍ട്ട്‌സ് സ്വന്തമാക്കി. കൊല്‍ക്കത്തയുടെ ബോണസ് പോയിന്റ് വിജയമെന്ന ലക്ഷ്യം നാലാം സെറ്റില്‍ അഹമ്മദാബാദ് ബ്ലോക്ക് ചെയ്തു. 7-0ന് കുതിച്ച അവര്‍ 15-8ന് അനായാസം സെറ്റ് നേടി. മികവ് തുടര്‍ന്ന ഡിഫന്‍ഡേഴ്‌സ് 15-11ന് അഞ്ചാം സെറ്റും നേടി തോല്‍വിഭാരം കുറച്ചു. 

പ്രൈം വോളിബോള്‍: കിരീട പോരാട്ടത്തിന് നാല് ടീമുകള്‍; സെമി വെള്ളിയാഴ്ച തുടങ്ങും

Latest Videos
Follow Us:
Download App:
  • android
  • ios