പ്രൈം വോളിബോള്‍: ചാമ്പ്യന്‍മാര്‍ വീണു, ബെംഗളൂരു ടോര്‍പ്പിഡോസ് ഫൈനലില്‍
ബെംഗളൂരിന്റെ ടീം ഗെയിമാണ് ചാമ്പ്യന്‍മാരുടെ പുറത്താകലിന് വഴിയൊരുക്കിയത്.
കൊച്ചി: റുപേ പ്രൈം വോളിബോള്‍ ലീഗിന്‍റെ ആദ്യ സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ തോല്‍പ്പിച്ച് ബെംഗളൂരു ടോര്‍പ്പിഡോസ് ഫൈനലില്‍. ആവേശം നിറഞ്ഞ മത്സരത്തില്‍ 3-1നാണ് ടോര്‍പ്പിഡോസിന്റെ വിജയം. ബെംഗളൂരുവിന്റെ ടീം ഗെയിമാണ് ചാമ്പ്യന്‍മാരുടെ പുറത്താകലിന് വഴിയൊരുക്കിയത്. സ്‌കോര്‍: 15-10, 10-15, 15-13, 15-10. ഇന്ന് (ശനി) നടക്കുന്ന രണ്ടാം സെമിയില്‍ കാലിക്കറ്റ് ഹീറോസ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിടും. വൈകിട്ട് 7ന് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.
ബെംഗളൂരുവിന്‍റെ സ്‌പൈക്ക് പിഴവില്‍ നിന്ന് കൊല്‍ക്കത്ത ആദ്യ പോയിന്റ് നേടി. ഐബിന്‍ ജോസും പങ്കജ് ശര്‍മയും ചേര്‍ന്ന് ബെംഗളൂരുവിനെ മുന്നിലെത്തിച്ചു. സ്വെറ്റനോവും ആക്രമണത്തില്‍ ചേര്‍ന്നതോടെ ടോര്‍പ്പിഡോസ് കരുത്തരായി. അശ്വല്‍ റായ് അറ്റാക്കിലും ബ്ലോക്കിലും ശ്രദ്ധ കേന്ദ്രീകരിച്ചതോടെ കൊല്‍ക്കത്തയും ഒപ്പം കുതിച്ചു. വിനിത് കുമാറിന്റെ സ്‌പൈക്കുകളില്‍ 10-10ന് ഒപ്പമെത്തിയ തണ്ടര്‍ബോള്‍ട്ട്‌സിന് സൂപ്പര്‍ പോയിന്റില്‍ പിഴച്ചു. ബെംഗളൂരിന്റെ സെര്‍വിനും മറുപടിയുണ്ടായില്ല. 15-10ന് ടോര്‍പ്പിഡോസ് സെറ്റ് നേടി. രാഹുലിന്റെ തകര്‍പ്പന്‍ സ്മാഷും സൂപ്പര്‍ സെര്‍വും രണ്ടാം സെറ്റില്‍ കൊല്‍ക്കത്തക്ക് 5-3 ലീഡ് നല്‍കി. അശ്വലും വിനിതും മികവ് തുടര്‍ന്നു. അപ്രേരിത പിഴവുകള്‍ ബെംഗളൂരിന് ഗുണമായി. എന്നാല്‍ സൂപ്പര്‍ പോയിന്റില്‍ കൊല്‍ക്കത്ത സെറ്റ് ഉറപ്പിച്ചു. പ്രഫുലിന്റെ സ്‌പൈക്കില്‍ 15-10ന് തണ്ടര്‍ബോള്‍ട്ട്‌സ് കളി സമനിലയിലാക്കി.
അലിറെസ അബലൂച്ചി ബെംഗളൂരിന് മൂന്നാം സെറ്റില്‍ മികച്ച തുടക്കം നല്‍കി. മനോഹരമായൊരു റാലിക്കൊടുവില്‍ ടോര്‍പ്പിഡോസിന്റെ പവര്‍ സ്മാഷ് അശ്വല്‍ ബ്ലോക്ക് ചെയ്തു. ജിഷ്ണുവിന്റെ പവര്‍ സ്‌പൈക്കില്‍ തണ്ടര്‍ബോള്‍ട്ട്‌സ് ചിതറി. 10-10ന് ബെംഗളൂരു ഒപ്പമെത്തി. അശ്വലിന്റെ സ്മാഷില്‍ മുന്നേറിയ കൊല്‍ക്കത്തയെ സൂപ്പര്‍പോയിന്റില്‍ ടോര്‍പ്പിഡോസ് ഒപ്പം പിടിച്ചു. ഇരുടീമുകളുടെയും അസാമാന്യ മികവ് കണ്ട മറ്റൊരു റാലിക്കൊടുവില്‍ ബെംഗളൂരു പോയിന്റ് നേടി. പങ്കജിന്റെ സെര്‍വും കൊല്‍ക്കത്തയെ ആശയകുഴപ്പത്തിലാക്കി. കോഡിയുടെ സ്‌പൈക്ക് പുറംകോര്‍ട്ടില്‍ പതിച്ചതോടെ 15-13ന് സെറ്റ് ടോര്‍പ്പിഡോസിന് സ്വന്തമായി.
രണ്ട് സെറ്റ് വിജയം ബെംഗളൂരില്‍ ഊര്‍ജം നിറച്ചു. മുജീബിലുടെ പോയിന്റ് വേട്ട തുടങ്ങിയ അവര്‍ ഒറ്റയ്ക്ക് കുതിച്ചു. മിഥുന്‍ കുമാര്‍ അസാധ്യമായ ആംഗിളില്‍ നിന്ന് ആക്രമണത്തിന് പന്തൊരുക്കി. തുടര്‍ച്ചയായ നാലു പോയിന്റുകള്‍ കൊല്‍ക്കത്തയില്‍ സമ്മര്‍ദമേറ്റി. സെര്‍വും പ്രതിരോധവും പിഴച്ചതോടെ ബെംഗളൂരിന് 7-2ന് ലീഡായി. തണ്ടര്‍ബോള്‍ട്ട്‌സ് കൂടുതല്‍ സമ്മര്‍ദത്തിലായി. പിഴവുകള്‍ കൂടി. സൂപ്പര്‍ പോയിന്റ് കൊല്‍ക്കത്തക്ക് ജീവന്‍ നല്‍കി. എന്നാല്‍ ബെംഗളൂരു ആക്രമണം തുടര്‍ന്നു. സൂപ്പര്‍ സെര്‍വില്‍ 15-10ന് അവര്‍ സെറ്റും ഫൈനല്‍ ടിക്കറ്റും സ്വന്തമാക്കി.