ദേശീയ ഗെയിംസിന് ഗുജറാത്തില്‍ തിരി തെളിഞ്ഞു

ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ ഇത്രയും യുവതാരങ്ങളെ പങ്കെടുപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കം നടത്താനാവുന്നത് ചരിത്ര നിമിഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Prime Minister-Narendra Modi-inaugurates-36th-national-games-in-ahmedabad

അഹമ്മദാബാദ്: മുപ്പത്തിയാറാമത് ദേശീയ ഗെയിംസിന് ഗുജറാത്തിൽ തുടക്കം. അഹമ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗെയിംസ് ഉദ്ഘാടനം ചെയ്തു. ലോകോത്തരമായ അടിസ്ഥാനസൗകര്യങ്ങളാണ് കായികരംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കാൻ  രാജ്യത്തിന് കരുത്തായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കായികതാരങ്ങള്‍ക്ക് വിജയാശംസ നേര്‍ന്ന പ്രധാനമന്ത്രി ദേശീയ ഗെയിംസ് വളര്‍ന്നു വരുന്ന കായികതാരങ്ങള്‍ക്ക് കുതിച്ചുച്ചാട്ടത്തിനുള്ള വേദിയാവട്ടെയെന്നും പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ ഇത്രയും യുവതാരങ്ങളെ പങ്കെടുപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കം നടത്താനാവുന്നത് ചരിത്ര നിമിഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്റ്റേഡിയത്തോട് അനുബന്ധിച്ചുള്ള സര്‍ദാര്‍ പട്ടേല്‍ സ്പോര്‍ട്സ് കോംപ്ലെക്സില്‍ ഫുട്ബോള്‍, ഹോക്കി, ബാസ്കറ്റ് ബോള്‍, കബഡി, ബോക്സിംഗ്, ടെന്നീസ് മത്സരങ്ങള്‍ക്കുള്ള സജജീകരണങ്ങളുണ്ടെന്നും ഇത് രാജ്യത്തിനാകെ മാതൃകയാണെന്നും പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഗെയിംസിനായി ഗുജറാത്തിലെത്തിയ കായിക താരങ്ങള്‍ ഇവിടുത്തെ നവരാത്രി ഉത്സവങ്ങളും ആസ്വദിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ഗവര്‍ണര്‍ ആചാര്യ ദേവ്‌റഥ്, ഒളിംപ്യന്‍മാരായ പി വി സിന്ധു, നീരജ് ചോപ്ര, രവികുമാര്‍ ദാഹിയ, മിരാഭായ് ചാനു, ഗഗന്‍ നാരങ്, അഞ‌്ജു ബോബി ജോര്‍ജ് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങ് കാണാന്‍ ആയിരങ്ങളാണ് ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലത്തിയത്. ഗായകന്‍ ശങ്കര്‍ മഹാദേവന്‍, മോഹിത് ചൗഹാന്‍ എന്നിവരുടെ സംഗീതനിശകളും ഉദ്ഘാടനത്തോടനുബന്ധിച്ച് സ്റ്റേഡിയത്തില്‍ അരങ്ങേറി.

2015ൽ കേരളത്തിൽ നടന്ന ഗെയിംസിന് ശേഷം ഏഴ് വർഷത്തെ ഇടവേള കഴിഞ്ഞാണ് വീണ്ടും ദേശീയ ഗെയിംസ് എത്തുന്നത്.അഹമ്മദാബാദ്, ഗാന്ധിനഗർ, വഡോദര,സൂറത്ത്, ഭാവ്നഗർ, രാജ്കോട്ട് എന്നീ നഗരങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 36 ഇനങ്ങളിലായി 28 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള 7000ത്തിലധികം താരങ്ങൾക്കൊപ്പം സര്‍വീസസില്‍ നിന്നുമുള്ള കായികതാരങ്ങളും  ദേശീയ ഗെയിംസിന്‍റെ ഭാഗമാകും.

Latest Videos
Follow Us:
Download App:
  • android
  • ios