ചെസ് ലോകകപ്പ് ഫൈനല്‍: ആദ്യ ഗെയിമില്‍ മാഗ്നസ് കാള്‍സനെ സമനിലയില്‍ തളച്ച് പ്രഗ്നാനന്ദ
2005ല്‍ ടൂര്‍ണമെന്റ് നോക്കൗട്ട് ഫോര്‍മാറ്റിലേക്ക് മാറിയതിന് ശേഷം കലാശപ്പോരിന് ഇടം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരം കൂടിയാണ് 18കാരന്‍.
ബാക്കു (അസര്‍ബൈജാന്‍): ഫിഡെ ചെസ് ലോകകപ്പ് ഫൈനലിന്റെ ആദ്യ ഗെയിമില്‍ ലോക ഒന്നാംനമ്പര്‍ മാഗ്നസ് കാള്‍സനെ സമനിലയില്‍ പിടിച്ച് ഇന്ത്യയുടെ ആര്‍ പ്രഗ്നാനന്ദ. 35 നീക്കങ്ങള്‍ക്ക് ശേഷം ഇരുവരും സമനിലയക്ക് സമ്മതിക്കുകയായിരുന്നു. പ്രഗ്നാനന്ദ വെള്ള കരുക്കളുമായിട്ടാണ് കളിച്ചത്. നാളെ രണ്ടാം ഗെയിമില്‍ കാള്‍സന്‍ വെള്ള കരുക്കളുമായി തുടങ്ങും. ലോകകപ്പിലെ പ്രഗ്നാനന്ദയുടെ അവിശ്വസനീയ കുതിപ്പില്‍ ചെസ് ലോകം അമ്പരന്നിരിക്കുകയാണ്.
നാലാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെ പ്രഗ്‌നാനന്ദ അട്ടിമറിച്ചിരുന്നു. വല്ലപ്പോഴും സംഭവിക്കുന്നതെന്ന് അട്ടിമറിയെന്നാണ് പലരും വിലയിരുത്തിയത്. സെമിയില്‍ ലോക മൂന്നാം നമ്പര്‍ ഫാബിയാനോ കരുവാനയും പ്രഗ്‌നാനന്ദക്ക് മുന്നില്‍ തോല്‍വി സമ്മതിച്ചു. ഇതോടെ ചെസ് ലോകം ഇന്ത്യന്‍ താരം ചില്ലറക്കാരനല്ലെന്ന് സമ്മതിച്ചു. ചെസ് ഇതിഹാസങ്ങളായ ബോബി ഫിഷറിനും കാള്‍സനും ശേഷം ലോകകപ്പ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രഗ്നാനന്ദ.
2005ല്‍ ടൂര്‍ണമെന്റ് നോക്കൗട്ട് ഫോര്‍മാറ്റിലേക്ക് മാറിയതിന് ശേഷം കലാശപ്പോരിന് ഇടം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരം കൂടിയാണ് 18കാരന്‍. വിശ്വനാഥന്‍ ആനന്ദ് ലോക ചാമ്പ്യനായത് 24 കളിക്കാരുള്‍പ്പെടുന്ന ലീഗ് കം നോക്കൗട്ട് റൗണ്ടിലൂടെയായിരുന്നു.
2013 മുതല്‍ ഒന്നാം റാങ്ക് അലങ്കരിക്കുന്ന കാള്‍സനാകട്ടെ ആദ്യ ചെസ് ലോകകപ്പ് തേടിയാണ് പ്രഗ്‌നാനന്ദക്കെതിരെ പോരാട്ടത്തിന് ഇറങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പില്‍ കാള്‍സനെ തുടര്‍ച്ചയായി മൂന്ന് തവണ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസം പ്രഗ്നാനന്ദയ്ക്ക് കൂട്ടിനുണ്ട്.