PR Sreejesh : ശ്രീജേഷിന് വേള്‍ഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ്; രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരം
അവാര്‍ഡ് സ്വന്തമാക്കുന്ന തരണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ശ്രീജേഷ്. ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ 2020ല്‍ പുരസ്‌കാരം നേടിയിരുന്നു.
ദില്ലി: ഇന്ത്യന്‍ ഹോക്കി ടീമിന്റെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന് (PR Sree-jesh) രാജ്യാന്തര കായിക പുരസ്‌കാരം. 2021ലെ മികച്ച താരത്തിനുള്ള വേള്‍ഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയര്‍ (World Games Athlete of the Year) പുരസ്‌കാരത്തിനാണ് ശ്രീജേഷ് അര്‍ഹനായത്. അവാര്‍ഡ് സ്വന്തമാക്കുന്ന തരണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ശ്രീജേഷ്. ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ 2020ല്‍ പുരസ്‌കാരം നേടിയിരുന്നു. തൊട്ടുമുമ്പുള്ള വര്‍ഷം നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പുരസ്‌കാരം.
2021ലെ ടോക്യോ ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയെ വെങ്കല മെഡല്‍ നേട്ടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പ്രകടനമാണ് ശ്രീജേഷിനെ സഹായിച്ചത്. 1,27,647 വോട്ടുകള്‍ ശ്രീജേഷ് നേടി. സ്പാനിഷ് സ്‌പോര്‍ട് ക്ലൈംബിങ് താരം അല്‍ബര്‍ട്ടോ ജിനെസ് ലോപസ്, ഇറ്റാലിയന്‍ വുഷു താരം മിഷേല്‍ ജിയോര്‍ഡനോ എന്നിവരെയാണ് ശ്രീജേഷ് പിന്തള്ളിയത്.
ഇന്ത്യയില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഏക താരവും ശ്രീജേഷായിരുന്നു. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനാണ് ശ്രീജേഷിന്റെ പേര് നിര്‍ദ്ദേശിച്ചത്. എനിക്ക് വോട്ട് ചെയ്ത ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യന്‍ ഹോക്കി പ്രേമികള്‍ക്കും നന്ദിയെന്ന് ശ്രീജേഷ് പ്രതികരിച്ചു.
''അവാര്‍ഡ് നേടിയതില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു. എന്നെ ഈ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്തതിന് എഫ്‌ഐഎചിന് ഒരുപാട് നന്ദി.'' ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.