'ഇന്ത്യന്‍ ഹോക്കിയിലെ വന്‍മതില്‍'; ആദ്യ ജയത്തിന് പിന്നാലെ ട്രെന്‍റായി പി.ആർ.ശ്രീജേഷ്
"ഇന്ത്യൻ ക്രിക്കറ്റിന് രാഹുൽ ദ്രാവിഡാണ് വൻമതിലെങ്കിൽ ഇന്ത്യൻ ഹോക്കിക്ക് അത് പി.ആർ.ശ്രീജേഷാണ്."
ടോക്കിയോ: ഒളിംപിക്സ് ഹോക്കിയിൽ ന്യൂസിലാന്‍റിനെ തകര്‍ത്ത് ഇന്ത്യയുടെ പുരുഷ ഹോക്കി അരങ്ങേറ്റം ഗംഭീരമായതിന് പിന്നാലെ, സോഷ്യല്‍ മീഡിയയില്‍ താരമായി പി.ആർ.ശ്രീജേഷ്. ആദ്യ ജയത്തിന് പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ്ങായി മലയാളിയായ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍. ഇന്ത്യയുടെ വൻമതിലെന്നാണ് മലയാളി താരത്തെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റിന് രാഹുൽ ദ്രാവിഡാണ് വൻമതിലെങ്കിൽ ഇന്ത്യൻ ഹോക്കിക്ക് അത് പി.ആർ.ശ്രീജേഷാണ്. ഒന്നും രണ്ടുമല്ല, കിവീസിന്‍റെ ഗോളെന്നുറച്ച ആറ് ഷോട്ടുകൾ. നെഞ്ചിടിപ്പോടെ കണ്ട അവസാന നിമിഷങ്ങളിൽ രാജ്യത്തിന്‍റെ പ്രതീക്ഷ കാത്തു മലയാളി താരം. വീഴ്ചയിൽ നിന്ന് കരകയറ്റിയ ഇന്ത്യയുടെ ശ്രീയെ പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ.
ഇതിഹാസങ്ങളുടെ പട്ടികയിൽ സ്ഥാനം നൽകണമെന്ന് ചിലർ. എപ്പോഴൊക്കെ ഇന്ത്യയുടെ കളി കാണുന്നുവോ അന്നൊക്കെ ഈ മനുഷ്യൻ രക്ഷകനാകുന്നുവെന്ന് മറ്റുള്ളവർ. റോക്ക് സ്റ്റാറെന്നും വിശേഷണം. സൂപ്പർ താരങ്ങളുമായി താരതമ്യം ചെയ്ത് ചിലര്‍. രണ്ട് ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യയുടെ മുൻ നായകൻ എസ്.കെ.ഉത്തപ്പയുടെയും മനംകവർന്നു പ്രിയ സുഹൃത്തിന്‍റെ മിന്നുംപ്രകടനം. ഇനിയും ഉയരാൻ മെഡലിലേക്കെത്താൻ ശ്രീജേഷിൽ വിശ്വാസമാണ് എന്നാണ് അദ്ദേഹം കുറിച്ചത്.