വിനേഷ് ഫോഗട്ട് ചാംപ്യന്മാരുടെ ചാംപ്യൻ, ഇന്ത്യയുടെ അഭിമാനം; പ്രതികരിച്ച് പ്രധാനമന്ത്രി

പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം തന്നെ പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ചാണ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയായതായ പ്രഖ്യാപനം വന്നത്.

PM Narendra Modi responds to Vinesh Phogat's disqualification in Paris Olympics 2024

ദില്ലി: പാരീസ് ഒളിംപിക്സ് വനിതാ വിഭാഗം 50 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് തൊട്ടുമുമ്പ് അയോഗ്യയായ വിനേഷ് ഫോഗട്ടിന് നേരിട്ട തിരിച്ചടി വേദനിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വിനേഷ് ഇന്ത്യയുടെ അഭിമാനമെന്നും ശക്തമായി തിരിച്ചുവരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്‍റെ നിരാശ വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നില്ലെന്നും എന്നാല്‍ എപ്പോഴത്തെയും പോലെ തിരിച്ചടികള്‍ മറികടന്ന് താങ്കള്‍ തിരിച്ചുവരുമെന്ന് തനിക്കറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ശക്തയായി തിരിച്ചുവരു, ഞങ്ങളെല്ലാം നിനക്കൊപ്പമുണ്ട് എന്നായിരുന്നു പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്.

ഇതിന് പിന്നാലെ പ്രധാനമന്ത്രി പാരീസിലുള്ള ഇന്ത്യൻ ഒളിംപിക് കമ്മിറ്റി അധ്യക്ഷ പി ടി ഉഷയുമായി ഫോണില്‍ സംസാരിച്ചുവെന്നും ഇക്കാര്യത്തില്‍ ഇന്ത്യക്ക് എന്ത് നടപടിയെടുക്കാന്‍ കഴിയുമെന്ന് ആരാഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്. വിനേഷിന്‍റെ കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും പ്രധാനമന്ത്രി പി ടി ഉഷയോട് ആവശ്യപ്പെട്ടു.

ഹൃദയഭേദകം, വിനേഷിനെ ചതിച്ചത് വെറും 100 ഗ്രാം അധികഭാരം, അപ്പീല്‍ പോലും നല്‍കാനാകില്ല

പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം തന്നെ പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ചാണ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയായതായ പ്രഖ്യാപനം വന്നത്. മത്സരദിവസമുള്ള പതിവ് ഭാരപരിശോധനയില്‍ അനുവദനീയമായ ശരീരഭാരത്തിനെക്കാള്‍ 100 ഗ്രാം കൂടുതല്‍ ശരീരഭാരം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിനേഷിനെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് മുമ്പ് അയോഗ്യയാക്കിയത്.

ഒളിംപിക്സ് നിയമങ്ങള്‍ അനുസരിച്ച് വിനേഷ് ഫോഗട്ടിന് വെള്ളി മെഡലിന് പോലും അര്‍ഹതയുണ്ടാകില്ല. അയോഗ്യതാക്കിയതോടെ ഈ വിഭാഗത്തില്‍ മത്സരിച്ച താരങ്ങളില്‍ അവസാന സ്ഥാനത്തായിരിക്കും വിനേഷിന്‍റെ പേര് രേഖപ്പെടുത്തുക. വിനേഷിനെ അയോഗ്യതയാക്കിയതോടെ 50 കിലോ ഗ്രാം വിഭാഗത്തില്‍ ഫൈനലിലെത്തിയ അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡ് സ്വര്‍ണം നേടും. ഈ വിഭാഗത്തില്‍ വെള്ളി മെഡല്‍ ഉണ്ടാകില്ല. വെങ്കലം മാത്രമായിരിക്കും ഇനി സെമി പോരാട്ടത്തില്‍ തോറ്റവര്‍ തമ്മിലുള്ള മത്സരത്തിലെ വിജയികള്‍ക്ക് നല്‍കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios