'ഒരിക്കലും മറക്കാനാവാത്ത കൂടിക്കാഴ്‌ച'; ഡെഫ്‌ലിംപിക്‌സിലെ അഭിമാനതാരങ്ങളെ ആദരിച്ച് പ്രധാനമന്ത്രി
ഡെഫ്‌ലിംപിക്‌സില്‍ രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്തിയ അത്‌ലറ്റുകളുമായുള്ള കൂടിക്കാഴ്‌ച ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് എന്ന് പ്രധാനമന്ത്രി
ദില്ലി: ബ്രസീലിൽ നടന്ന ഡെഫ്‌ലിംപിക്‌സില്‍(Deaflympics) ഇന്ത്യയെ പ്രതിനിധീകരിച്ച കായികതാരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി( Narendra Modi) ആശയവിനിനിമയം നടത്തി. 65 താരങ്ങളാണ് ഡെഫ്‌ലിംപിക്‌സില്‍ പങ്കെടുത്തത്. ഗെയിംസില്‍ എട്ട് സ്വർണവും ഒരു വെള്ളിയും എട്ട് വെങ്കലവും ഉൾപ്പടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഇന്ത്യ ഇത്തവണ സ്വന്തമാക്കിയത്. ഈമാസം ഒന്ന് മുതൽ 15 വരെ ആയിരുന്നു ഡെഫ്‌ലിംപിക്‌സ്.
ഡെഫ്‌ലിംപിക്‌സില്‍ രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്തിയ അത്‌ലറ്റുകളുമായുള്ള കൂടിക്കാഴ്‌ച ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അത്‌ലറ്റുകള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. അവരുടെ അഭിനിവേശവും നിശ്ചയദാർഢ്യവും എനിക്ക് അനുഭവിച്ചറിയാനായി. എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നതായും പ്രധാനമന്ത്രി സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.
1965 മുതലാണ് ഗെയിംസില്‍ ഇന്ത്യ മത്സരിക്കുന്നത്. 72 രാജ്യങ്ങളില്‍ നിന്നായി 2100ലേറെ അത്‌ലറ്റുകള്‍ ഇക്കുറി ഡെഫ്‌ലിംപിക്‌സില്‍ പങ്കെടുത്തു. 65 താരങ്ങളുമായി ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ ഇക്കുറി അയച്ചത്. 1925ല്‍ തുടങ്ങിയ ഡെഫ്‌ലിംപിക്‌സില്‍ ഇന്ത്യ ആദ്യമായി ഇക്കുറി മേഡല്‍ വേട്ടയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചിരുന്നു. മൂന്ന് സ്വര്‍ണ മെഡലുകളുമായി ബാഡ്‌മിന്‍റണ്‍ താരം ജെര്‍ലിനും രണ്ട് സ്വര്‍ണവുമായി ഷൂട്ടിംഗ് താരം ധനുഷ് ശ്രീകാന്തും തിളങ്ങി. ഗുസ്‌തി താരം വീരേന്ദര്‍ സിംഗ് ഡെഫ്‌ലിംപിക്‌സില്‍ തുടര്‍ച്ചയായി തന്‍റെ അഞ്ചാം മെഡല്‍(വെങ്കലം) നേടിയതും സവിശേഷതയാണ്.