ചെസ് വിശ്വമാമാങ്കം: ഇന്നുമുതൽ 14 നാൾ തമിഴകത്ത് കരുനീക്കം, തുടക്കമിടാൻ പ്രധാനമന്ത്രി; കിരീടം തേടി 187 രാജ്യങ്ങൾ
വൈകിട്ട് 6 മണിക്ക് ഒളിംപ്യാഡ് ഉദ്ഘാടന പരിപാടികൾ അരങ്ങേറുക. നാൽപ്പത്തി നാലാമത് ലോക ചെസ് ഒളിംപ്യാഡിന് മഹാബലിപുരത്ത് തുടക്കമാകുമ്പോൾ മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കമുള്ള പ്രമുഖർ വേദിയിൽ സന്നിഹിതരാകും
ചെന്നൈ: ചെസിന്‍റെ വിശ്വമാമാങ്കത്തിന് തമിഴ്നാട്ടിൽ ഇന്ന് തുടക്കം. ചെസ് ഒളിംപ്യാഡ് ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിലെത്തും. വൈകിട്ട് 6 മണിക്ക് ചെന്നൈ ജവഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിലാണ് ഒളിംപ്യാഡ് ഉദ്ഘാടന പരിപാടികൾ അരങ്ങേറുക. നാൽപ്പത്തി നാലാമത് ലോക ചെസ് ഒളിംപ്യാഡിന് മഹാബലിപുരത്ത് തുടക്കമാകുമ്പോൾ മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കമുള്ള പ്രമുഖർ വേദിയിൽ സന്നിഹിതരാകും. ലോക പൈതൃകപ്പട്ടികയിലെ ശിൽപ്പനഗരമായ മഹാബലിപുരത്തെ ബീച്ച് റിസോർട്ടാണ് പ്രധാനവേദി. സുരക്ഷാ ചുമതലക്കായി നിയോഗിച്ചിരിക്കുന്നത് 22000 പൊലീസുകാരെയാണ്. ചെന്നൈ വിമാനത്താവളത്തിന്‍റെ സുരക്ഷ എസ് പി ജി ഏറ്റെടുത്തിട്ടുണ്ട്. നഗരപരിധികളിൽ ഡ്രോണും ആളില്ലാവിമാനങ്ങളും പറത്തുന്നത് നിരോധിച്ചിട്ടുണ്ട്. ഭക്ഷണം, യാത്ര, ആരോഗ്യരക്ഷാ സൗകര്യങ്ങൾ, കലാ, വിനോദ പരിപാടികൾ എല്ലാം സുസജ്ജം. വിവിധ ലോകഭാഷകൾ സംസാരിക്കുന്ന വോളണ്ടിയർമാർ സദാസമയവും തയ്യാറാണ്.
തമിഴ്നാട് ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് പ്രധാനമന്ത്രി; ഒളിമ്പ്യാടും വിവിധ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യും
187 രാജ്യങ്ങളിൽ നിന്നുള്ള ചെസ് താരങ്ങളാണ് ഇന്ത്യ ആദ്യമായി ആതിഥേയരാകുന്ന ചെസ് ഒളിംപ്യാഡിൽ പങ്കെടുക്കുക. 187 ദേശീയ ചെസ് ഫെഡറേഷനുകളെ പ്രതിനിധീകരിച്ച് 343 ടീമുകളും 1700 ലധികം കളിക്കാരുമാണ് പതിനാല് നാൾ നീണ്ടുനിൽക്കുന്ന വിശ്വപോരാട്ടത്തിൽ ഏറ്റുമുട്ടുക. അക്ഷരാർത്ഥത്തിൽ ചെസിന്‍റെ മാമാങ്കമാണ് തമിഴകത്ത് ഉണരുന്നത്. ഒന്നിനും ഒരു കുറവും വരാതിരിക്കാൻ സൂക്ഷ്മശ്രദ്ധയോടെ തയ്യാറെടുപ്പുകളുമായി അവസാനവട്ടത്തിലും സംഘാടകർ രംഗത്തുണ്ട്. പരമ്പരാഗത തമിഴ് വേഷ്ടിയും വെള്ളക്കുപ്പായവുമിട്ട ഭാഗ്യചിഹ്നം തമ്പി നഗരമെങ്ങും ഭൂമിയുടെ നാനാകോണിൽ നിന്നുമെത്തുന്ന കളിക്കാരെയും സംഘത്തെയും സ്വാഗതം ചെയ്യുകയാണ്. കൊവിഡ് വെല്ലുവിളികൾക്കിടെ നാലുമാസം കൊണ്ട് ഒരു വൻകിട അന്താരാഷ്ട്ര ഇവന്‍റ് സംഘടിപ്പിക്കാനായതിന്‍റെ ആത്മവിശ്വാസത്തിൽ സംഘാടകർ.
ചെസ് കളിക്കുന്ന റോബോട്ട് കളിക്കിടെ കുട്ടിയുടെ കൈവിരല്‍ യന്ത്രക്കൈയാല്‍ അമര്‍ത്തിഞെരിച്ചു!
ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന പകിട്ടേറിയ ചടങ്ങിൽ പ്രധാനമന്ത്രി ലോക ചെസ് മേള ഉദ്ഘാടനം ചെയ്യും. ശേഷം മഹാബലിപുരം ചതുരംഗക്കളമാകുന്ന രണ്ടാഴ്ചക്കാലമാകും വരാനിരിക്കുന്നത്. മഹാബലിപുരത്തെ ഷെറാട്ടൺ ഫോർ പോയിന്‍റ്സ് ബീച്ച് റിസോർട്ടാണ് പ്രധാന മത്സരവേദി. ഇന്ത്യ മൂന്ന് ടീമുകളെയാണ് കളത്തിലിറക്കുന്നത്. ഒന്നാം നിര താരങ്ങളെല്ലാം മാറ്റുരയ്ക്കുന്ന മാമാങ്കത്തിൽ ഗ്രാൻഡ്മാസ്റ്റർമാരായ എസ് എൽ നാരായണനും നിഹാൽ സരിനും കേരളത്തിന്‍റെ സാന്നിദ്ധ്യമാകും. കൂർമബുദ്ധിയുടേയും കണക്കുകൂട്ടലിന്‍റേയും കണിശനീക്കങ്ങളുടെ വിശ്വമാമാങ്കത്തിന് അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് ചെന്നൈയും മഹാബലിപുരവും. 1927 മുതല്‍ സംഘടിപ്പിക്കുന്ന ചെസ് ഒളിംപ്യാഡ് 30 വര്‍ഷത്തിന് ശേഷമാണ് ഏഷ്യയിലെത്തുന്നത്. 187 രാജ്യങ്ങളാണ് ഇക്കുറി പങ്കെടുക്കുന്നത്. ഏതൊരു ചെസ് ഒളിംപ്യാഡിലേയും ഏറ്റവും വലിയ പങ്കാളിത്തമാണിത്.
അതേസമയം പ്രധാനമന്ത്രി ഇന്ന് ഗുജറാത്തിലും സന്ദർശനം നടത്തുന്നുണ്ട്. ഇന്ന് ഉച്ചയോടെ സബര്‍കാന്തയിലെ ഗധോഡ ചൗക്കിയില്‍ സബര്‍ ഡയറിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
പ്രധാനമന്ത്രി ഗുജറാത്തില്‍
ഇന്ന് ഉച്ചയോടെ ഗുജറാത്തിലെത്തുന്ന പ്രധാനമന്ത്രി സബര്‍ ഡയറി സന്ദര്‍ശിക്കുകയും, 1000 കോടിയിലധികം രൂപ ചെലവുവരുന്ന നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടല്ലും നടത്തുകയും ചെയ്യും. ഈ പദ്ധതികള്‍ പ്രാദേശിക കര്‍ഷകരെയും പാല്‍ ഉല്‍പ്പാദകരെയും ശാക്തീകരിക്കുകയും അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. പ്രതിദിനം 120 ദശലക്ഷം ടണ്‍ (എം.ടി.പി.ഡി) ഉല്‍പ്പാദന ശേഷിയുള്ള പൗഡര്‍ പ്ലാന്റ് സബര്‍ ഡയറിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മൊത്തം പദ്ധതിയുടെ ആകെ ചെലവ് 300 കോടി രൂപയിലേറെയാണ്. പ്ലാന്റിന്റെ രൂപരേഖ ആഗോള ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന തരത്തിലുള്ളതാണ്. ഏതാണ്ട് പൂജ്യം വികരണമുള്ള ഇത് ഉയര്‍ന്ന ഊര്‍ജ്ജക്ഷമതയുള്ളതുമാണ്. പ്ലാന്റില്‍ ഏറ്റവും പുതിയതും പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ബള്‍ക്ക് പാക്കിംഗ് (തനിയെ പ്രവര്‍ത്തിക്കുന്ന വന്‍തോതിലുള്ള പാക്കിംഗ് സംവിധാനം) ലൈന്‍ സജ്ജീകരിച്ചിട്ടുണ്ട്. സബര്‍ ഡയറിയിലെ അസെപ്റ്റിക് മില്‍ക്ക് (പാല്‍ നശിച്ചുപോകാതെ)പാക്കേജിംഗ് പ്ലാന്റിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. പ്രതിദിനം 3 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഏറ്റവും അത്യാധുനികമായ പ്ലാന്റാണിത്. ഏകദേശം 125 കോടിയോളം രൂപ മുതല്‍മുടക്കിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പാല്‍ ഉല്‍പ്പാദകര്‍ക്ക് മികച്ച വേതനം ഉറപ്പാക്കാന്‍ പദ്ധതി സഹായിക്കും.
സബര്‍ ചീസ്, വേ ഡ്രൈയിംഗിനുമുള്ള(മോര് വറ്റിക്കലിനും) പദ്ധതികളുടെ പ്ലാന്റിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. പദ്ധതിക്ക് കണക്കാക്കിയിട്ടുള്ള തുക ഏകദേശം 600 കോടി രൂപയാണ്. ചെഡ്ഡാര്‍ ചീസ് (20 എം.ടി.പി.ഡി), മൊസറെല്ല ചീസ് (10 എം.ടി.പി.ഡി), സംസ്‌കരിച്ച ചീസ് (16 എം.ടി.പി.ഡി) എന്നിവ പ്ലാന്റ് നിര്‍മ്മിക്കും. ചീസ് നിര്‍മ്മാണ വേളയില്‍ ഉണ്ടായിവരുന്ന മോര്, വറ്റിക്കുന്നതിനുള്ള വേ ഡ്രൈയിംഗ് യന്ത്രത്തിന് 40 എം.ടി.പി.ഡിയുടെ ശേഷിയുണ്ടായിരിക്കും. ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജി.സി.എം.എം.എഫ്) ഭാഗമാണ് സബര്‍ ഡയറി, ഇത് അമുല്‍ ബ്രാന്‍ഡിന് കീഴിലുള്ള മുഴുവന്‍ പാലും പാലുല്‍പ്പന്നങ്ങളും നിര്‍മ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു.
ജൂലൈ 29 ന് പ്രധാനമന്ത്രി ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റി (ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റി) സന്ദര്‍ശിക്കും. ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിനുമുള്ള സാമ്പത്തിക, സാങ്കേതിക സേവനങ്ങളുടെ ഒരു സംയോജിത കേന്ദ്രമായാണ് ഗിഫ്റ്റ് സിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററുകളിലെ (ഐ.എഫ്.എസ്.സി) സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍, സാമ്പത്തിക സേവനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ വികസനത്തിനും നിയന്ത്രണത്തിനുമുള്ള ഏകീകൃത നിയന്ത്രതാവായ (റെഗുലേറ്റര്‍) ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റിയുടെ (ഐ.എഫ്.എസ്.സി.എ) ആസ്ഥാന മന്ദിരത്തിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും.
ഗിഫ്റ്റ് - ഐ എഫ് എസ് സിയില്‍ ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ബുള്ളിയന്‍ എക്‌സ്‌ചേഞ്ചായ (അന്താരാഷ്ട്ര കട്ടിപ്പൊന്ന് വിനിമയകേന്ദ്രം) ഇന്ത്യ ഇന്റര്‍നാഷണല്‍ ബുള്ളിയന്‍ എക്‌സ്‌ചേഞ്ച് (ഐ.ഐ.ബി.എക്‌സ്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ സ്വര്‍ണ്ണത്തിന്റെ സാമ്പത്തികവല്‍ക്കരണത്തിന് പ്രേരണ നല്‍കുന്നതിന് പുറമെ, ഉത്തരവാദിത്ത സ്രോതസ്സും ഗുണനിലവാരവും ഉറപ്പുനല്‍കിക്കൊണ്ട് കാര്യക്ഷമമായ വില കണ്ടെത്തലിന് ഐ.ഐ.ബി.എക്‌സ് സൗകര്യമൊരുക്കും.