ഒളിംപിക്സിലെ ഇന്ത്യന്‍ താരങ്ങളും പ്രധാനമന്ത്രിയും സംവദിച്ചത് വികണ്‍സോള്‍ വഴി
ഇന്നലെ ട്വിറ്ററിലൂടെ കേന്ദ്ര ഡിഫൻസ് സെക്രട്ടറിയും കേരളത്തിലെ മുൻ ഐടി സെക്രട്ടറിയുമായിരുന്ന ഡോ. അജയകുമാർ ഐഎഎസാണ് ഇത് വെളിപ്പെടുത്തിയത്.
ദില്ലി: ടോക്കിയോ ഒളിംപിക്സിന് തൊട്ട് മുന്‍പാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യയുടെ ഒളിംപിക്സ് ടീമിലെ അംഗങ്ങളും തമ്മില്‍ കൂടികാഴ്ച നടത്തിയത്. വെര്‍ച്വലായി നടന്ന കൂടികാഴ്ചയുടെ വാര്‍ത്തകള്‍ എല്ലാ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഈ കൂടികാഴ്ച സാധ്യമാക്കിയ വീഡിയോ കോണ്‍ഫ്രണ്‍സ് ആപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മലയാളി സ്ഥാപിച്ച സ്റ്റാര്‍ട്ട്അപ്പ് ടെക്ജെൻഷ്യ നിര്‍മ്മിച്ച വി കണ്‍സോള്‍ ആണ് പ്രധാനമന്ത്രി ഈ കൂടികാഴ്ചയ്ക്ക് ഉപയോഗിച്ചത്.
ഇന്നലെ ട്വിറ്ററിലൂടെ കേന്ദ്ര ഡിഫൻസ് സെക്രട്ടറിയും കേരളത്തിലെ മുൻ ഐടി സെക്രട്ടറിയുമായിരുന്ന ഡോ. അജയകുമാർ ഐഎഎസാണ് ഇത് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ വി കണ്‍സോളിന് പിന്നില്‍ പ്രവര്‍ത്തിച്ച മലയാളിയായ സംരംഭകന്‍ ജോയി സെബാസ്റ്റ്യന്‍ നന്ദി അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തി.
ജോയി സെബാസ്റ്റ്യന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്നലെ ട്വിറ്ററിലൂടെ കേന്ദ്ര ഡിഫൻസ് സെക്രട്ടറിയും കേരളത്തിലെ മുൻ ഐടി സെക്രട്ടറിയുമായിരുന്ന ഡോ. അജയകുമാർ ഐഎഎസ് പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി. സർ, ഓരോ വാക്കും അങ്ങയുടെ ഹൃദയത്തിൽ നിന്ന് ഞങ്ങളിലേയ്ക്കൊഴുകിയ ആത്മവിശ്വാസത്തിൻ്റെ പ്രകാശമാണ്.
ഇക്കഴിഞ്ഞ ജൂലൈ 13 ടെക്ജെൻഷ്യയുടെ ചരിത്രത്തിലെ സുപ്രധാന ദിവസമായിരുന്നു. അന്നാണ് നമ്മുടെ ഒളിമ്പിക്സ് താരങ്ങളോടും അവരുടെ കുടുംബാംഗങ്ങളോടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിജി വിഡീയോ കോൺഫറൻസിലൂടെ സംവദിച്ചത്. ആ സമാഗമത്തിന് വേദിയായത് വി കൺസോൾ ആയിരുന്നു. അഭിമാനവും ആവേശവും കൊണ്ട് രോമകൂപങ്ങൾ എഴുന്നു നിന്ന സുവർണ നിമിഷം.
നമ്മുടെ പ്രധാനമന്ത്രി, രാജ്യത്തിന്റെ അഭിമാനമായ കായികതാരങ്ങൾ, അവരുടെ കുടുംബാംഗങ്ങൾ. വർഷങ്ങളുടെ അധ്വാനം കൊണ്ട് ടെക്ജെൻഷ്യ പടുത്തുയർത്തിയ വീഡിയോ പ്ലാറ്റ്ഫോമിൽ ഒന്നേകാൽ മണിക്കൂറോളം അവർ പരസ്പരം സംസാരിച്ചു. ലോകം മുഴുവൻ അതിനു സാക്ഷിയായി. ഇന്നവേഷൻ ചലഞ്ചിലെ വിജയത്തിനൊപ്പം മധുരമുള്ള നേട്ടം.
കഠിനമായ പരിശീലനവും ചാഞ്ചല്യമില്ലാത്ത പരിശ്രമവുമാണ് ഒരു കായികതാരത്തെ ഒളിമ്പിക്സ് വേദിയിലെത്തിക്കുന്നത്. അവിടെയവർ മാറ്റുരയ്ക്കേണ്ടത് ഇതരരാജ്യങ്ങളിലെ കായിക പ്രതിഭകളോടാണ്. ഈ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത കിട്ടുന്നതു തന്നെ ഏറ്റവും വലിയ നേട്ടമാണ്. അപ്പോൾ മെഡലണിയാനുള്ള ഭാഗ്യം കൂടി ഉണ്ടായാലോ? മേരിബായ് ചീനുവിന്റെ വെള്ളിമെഡലിൽ രാജ്യം ആഹ്ലാദം കൊണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു.
ഉത്തേജക മരുന്നിന്റെ കരിവാളിപ്പില്ലാത്ത മെഡലാണത് എന്നത് ഒന്നാമത്തെ കാര്യം. പന്ത്രണ്ടാം വയസിൽ വിറകു ചുമക്കുമ്പോഴാണ് അവരുടെ പ്രതിഭ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഏട്ടൻ ചുമക്കുന്നതിനെക്കാൾ ഭാരം നിഷ്പ്രയാസം എടുത്തുയർത്തിയാണ് മേരിബായി വെയിറ്റ് ലിഫ്റ്റിംഗ് ആരംഭിച്ചത്.ആ യാത്ര എത്തി നിൽക്കുന്നത് ഒളിമ്പിക്സ് വേദിയിൽ. ഇന്നവരുടെ കഴുത്തിൽ ഒരു വെള്ളിപ്പതക്കമുണ്ട്. നാളെയത് ഒരുപക്ഷേ, സ്വർണമായേക്കാം.
ടെക്ജെൻഷ്യ വളർന്നതും ഇങ്ങനെയൊക്കാണ്. കേരളത്തിൽ ഒരു ചെറിയ കമ്പനി. വീണും വീണ്ടുമെഴുന്നേറ്റും വീഡിയോ കോൺഫറൻസിങിൽ ഞങ്ങൾ പിച്ചവെച്ചു തുടങ്ങി. പ്രതിസന്ധികളിൽ തളരുകയോ കളം മാറ്റിച്ചവിട്ടുകയോ ഉണ്ടായില്ല. ഒറ്റ ലക്ഷ്യത്തിലേയ്ക്ക് പതിയെപ്പതിയെ ഞങ്ങൾ നടന്നു കയറി. ഒടുവിൽ ലോകനിലവാരത്തിലുള്ള ഏതു വീഡിയോ കോൺഫറൻസ് പ്ലാറ്റഫോമിനോടും കിടപിടിക്കുന്ന ഒരു ഉൽപന്നത്തിന് രൂപം നൽകി. ഇന്ത്യയിലെ മികച്ച സാങ്കേതികവിദഗ്ധരുടെ സൂക്ഷ്മപരിശോധന മറികടന്ന് ഇന്നവേഷൻ ചലഞ്ചിൽ ഞങ്ങൾ വിജയികളായി.
ഇന്നത് ഭാരത് വിസി എന്ന പേരിൽ ഇന്ത്യയുടെ സ്വന്തം വീഡിയോ കോൺഫറൻസ് പ്ലാറ്റ്ഫോമായി ഉപയോഗിക്കുന്നു. പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്രമന്ത്രിമാർ, ടോപ് ലെവൽ ബ്യൂറോക്രാറ്റുകൾ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെയും ഭാഭാ അറ്റോമിക് റിസേർച്ച് സെന്ററിനെയും പോലുള്ള സ്ഥാപനങ്ങൾ. കേരള കർണാടക ഹൈക്കോടതികൾ. ഇവരൊക്കെ വി കൺസോൾ വീഡിയോ കോൺഫറൻസ് പ്ലാറ്റ്ഫോം ഉപയോഗിക്കുകയാണ്.
എന്നാൽ നമ്മുടെ ഒളിമ്പിക്സ് താരങ്ങൾക്ക് ആത്മവിശ്വാസം പകരാൻ ഇന്ത്യൻ പ്രധാനമന്ത്രി അവരോടും അവരുടെ കുടുംബാംഗങ്ങളോടും നടത്തിയ സംവാദത്തിന് വി കൺസോൾ പ്ലാറ്റ്ഫോം വേദിയായ നിമിഷത്തിന് മാധുര്യമേറെയാണ്. ആ താരങ്ങളിൽ ടെക്ജെൻഷ്യയുടെ ടീമിനെയാണ് ഞങ്ങൾ കാണുന്നത്. മികവും പ്രതിഭയും സ്ഥിരോത്സാഹവും പരിശ്രമശീലവും ടെക്ജെൻഷ്യയുടെ പ്ലാറ്റ്ഫോമിൽ സംഗമിച്ചപ്പോൾ ഞങ്ങളുടെ അഭിമാനം വാനോളമുയർന്നു. ഞങ്ങളുടെ നാട്ടുകാരനായ സാജൻ പ്രകാശും (നീന്തൽതാരം) ആ കൂട്ടത്തിലുണ്ടായിരുന്നു എന്നത് മറ്റൊരു അഭിമാനം.