ടോക്കിയോയിൽ നിന്ന് തിരിച്ചെത്തിയാലുടൻ ഒരുമിച്ചിരുന്ന് ഐസ്ക്രീം കഴിക്കാമെന്ന് സിന്ധുവിനോട് പ്രധാനമന്ത്രി
സിന്ധു ജി, നിങ്ങളെ ഇപ്പോഴത്തെ നിലയിലെത്തിക്കാൻ നിങ്ങളുടെ മാതാപിതാക്കൾ ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. അവർ അവരുടെ കർമം ചെയ്തു. ഇനി നിങ്ങളുടെ ഊഴമാണ്.
ദില്ലി: ടോക്കിയോ ഒളിംപിക്സിനുശേഷം തിരിച്ചെത്തിയാലുടൻ ഒപ്പമിരുന്ന് ഐസ്ക്രീം കഴിക്കാമെന്ന് ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി വി സിന്ധുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ്. 2016ലെ റിയോ ഒളിംപിക്സിൽ പങ്കെടുക്കുമ്പോൾ കോച്ച് പി ഗോപീചന്ദ് മൊബൈൽ ഫോൺ എടുത്തുകൊണ്ടുപോകുകയും ഐസ്ക്രീം കഴിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്ത കാര്യം സിന്ധു അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി സിന്ധുവിനൊപ്പം ഐസ്ക്രീം കഴിക്കാമെന്ന വാഗ്ദാനം നൽകിയത്.
സിന്ധു ജി, നിങ്ങളെ ഇപ്പോഴത്തെ നിലയിലെത്തിക്കാൻ നിങ്ങളുടെ മാതാപിതാക്കൾ ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. അവർ അവരുടെ കർമം ചെയ്തു. ഇനി നിങ്ങളുടെ ഊഴമാണ്. കഠിനമായി പ്രയത്നിക്കൂ, എനിക്കുറപ്പുണ്ട് ടോക്കിയോയിൽ നിന്ന് താങ്കൾ വിജിയായി തിരിച്ചുവരുമെന്ന്. ടോക്കിയോയിൽ നിന്ന് എല്ലാവരും തിരിച്ചെത്തി കഴിയുമ്പോൾ താങ്കൾക്കൊപ്പം ഞാൻ ഐസ്ക്രീം കഴിക്കാം എന്ന് പറഞ്ഞ് പ്രധാനമന്ത്രി പൊട്ടിച്ചിരിച്ചു.
മേരി കോമിൽ നിന്ന് രാജ്യത്തെ മുഴുവൻ കായികതാരങ്ങളും പ്രചോദനം ഉൾക്കൊള്ളുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മേരി കോം ജി, രാജ്യം മുഴവൻ പ്രചോദനം ഉൾക്കൊള്ളുന്ന കായിക താരമാണ് താങ്കൾ. രാജ്യത്തെ ഒട്ടേറെ കായികതാരങ്ങൾ താങ്കളെയാണ് ഉറ്റുനോക്കുന്നത്. മിക്കവാറും എല്ലാ മത്സരങ്ങളും താങ്കൾ വിജയിച്ചിട്ടുണ്ട്. ഒളിംപിക് സ്വർണമാണ് താങ്കളുടെ ലക്ഷ്യമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ.
അത് താങ്കളുടെ മാത്രം സ്വപ്നമല്ല, രാജ്യത്തിന്റെയാകെ സ്വപ്നമാണ്. താങ്കളത് നേടുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഇപ്പോൾ എനിക്ക് ചോദിക്കാനുള്ളത് ആരാണ് താങ്കളുടെ ഇഷ്ടപ്പെട്ട കായിക താരം എന്നാണ്- പ്രധാനമന്ത്രി ചോദിച്ചു. ഇതിഹാസ ബോക്സിംഗ് താരം മുഹമ്മദ് അലിയാണ് തന്റെ പ്രചോദനമെന്ന് മേരി കോം പറഞ്ഞു.
കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്റെ ആമുഖത്തോടെയാണ് കായികതാരങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ സംവാദം ആരംഭിച്ചത്. കായിക താരങ്ങളായ സാനിയ മിർസ, മണിക ബത്ര, ദ്യുതീ ചന്ദ്, ദീപികാ കുമാരി, മലയാളി നീന്തൽ താരം സജൻ പ്രകാശ് എന്നിവർക്കൊപ്പം കേന്ദ്ര സഹ മന്ത്രി നിതീഷ് പ്രമാണിക്, മുൻ കായിക മന്ത്രിയും ഇപ്പോഴത്തെ നിയമമന്ത്രിയുമായ കിരൺ റിജിജു, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്ര എന്നിവരും യോഗത്തിൽ പങ്കെടുത്തു.