ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പിലെ മെഡല്‍ ജേതാക്കളോട് നേരിട്ട് സംസാരിച്ച് മോദി; അഭിമാനമെന്ന് നിഖാത് സരീന്‍
വനിതാ ബോക്‌സിംഗില്‍ മേരി കോമിന്റെ പിന്‍ഗാമിയെന്നാണ് സരീനെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ സരീനെ വിശേഷിപ്പിക്കുന്നത്. ഒളിംപിക്‌സ് യോഗ്യതാ പോരാട്ടത്തില്‍ സാക്ഷാല്‍ മേരി കോമിനോട് നേരിയ വ്യത്യാസത്തില്‍ തോറ്റതാണ് സരീന് യോഗ്യത നഷ്ടമാക്കിയത്.
ദില്ലി: ലോക വനിതാ ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ (Women's World Boxing Championships) മെഡല്‍ നേടിയ താരങ്ങളുമായി നേരിട്ട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). സ്വര്‍ണം നേടിയ നിഖാത് സരീന്‍ (Nikhat Zareen), വെങ്കലം നേടിയ മനീഷ് മൗന്‍ (Manisha Moun), പര്‍വീന്‍ ഹൂഡ എന്നിവരാണ് എന്നിവരാണ് മോദിയുമായി നേരിട്ട് സംസാരിച്ചത്.
ലോക വനിതാ ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ താരങ്ങളെ നേരിട്ട് കാണാനായതില്‍ സന്തോഷമെന്ന് മോദി ട്വീറ്റ് ചെയ്തു. സ്‌പോര്‍ട്‌സിനോടുള്ള, ജീവിതയാത്രയെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചുവെന്നും അദ്ദേഹം കുറിച്ചിട്ടു. മുന്നോട്ടുള്ള പദ്ധതികള്‍ക്ക് ആശംസകള്‍ നേര്‍ന്നാണ് അദ്ദേഹം ട്വീറ്റ് അവസാനിപ്പിച്ചത്.
കഴിഞ്ഞമാസം 19നാണ് തുര്‍ക്കിയില്‍ നടക്കുന്ന ലോക ബോക്‌സിംഗ് വനിതാ ചാംപ്യന്‍ഷിപ്പില്‍ തായ്ലന്‍ഡിന്റെ ജുറ്റ്മാസ് ജിറ്റ്‌പോങിനെ ഇടിച്ചിട്ട് ഇന്ത്യയുടെ നിഖാത് സ്വര്‍ണം നേടി. തായ് എതിരാളിക്കെതിരെ വ്യക്തമായ ആധിപത്യത്തോടെയാണ് സരീന്റെ സ്വര്‍ണനേട്ടം. ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ വനിതാ താരമായിരുന്നു സരീന്‍.
വനിതാ ബോക്‌സിംഗില്‍ മേരി കോമിന്റെ പിന്‍ഗാമിയെന്നാണ് സരീനെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ സരീനെ വിശേഷിപ്പിക്കുന്നത്. ഒളിംപിക്‌സ് യോഗ്യതാ പോരാട്ടത്തില്‍ സാക്ഷാല്‍ മേരി കോമിനോട് നേരിയ വ്യത്യാസത്തില്‍ തോറ്റതാണ് സരീന് യോഗ്യത നഷ്ടമാക്കിയത്. എന്നാല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി സരീന്‍ മേരി കോമിന്റെ പിന്‍ഗാമിയാണ് താനെന്ന് തെളിയിച്ചിരിക്കുന്നു.
മോദിയുടെ കൂടെയുള്ള ചിത്രം സരീന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. അദ്ദേഹത്തെ കാണാന്‍ സാധിച്ചത് അഭിമാനമാണെന്ന് സരീന്‍ കുറിച്ചിട്ടു. തെലങ്കാനയിലെ നിസാമാബാദില്‍ നിന്നാണ് സരീന്‍ ബോക്‌സിംഗ് റിംഗിലേക്കെത്തുന്നത്. 51 കിലോഗ്രാം വിഭാഗത്തിലാണ് സരീന്‍ മത്സരിക്കുന്നത്.