വിജയം തലയ്ക്കു പിടിക്കരുത്, പരാജയം മനസില്‍വെക്കരുത്; നീരജ് ചോപ്രയോട് പ്രധാനമന്ത്രി
ആത്മവിശ്വാസം വരുന്നത് പരീശീലനത്തില്‍ നിന്നാണെന്നും തന്റെ പരിശീലനം മികച്ചതായിരുന്നുവെന്നും നീരജ് മറുപടി നല്‍കി. അതുകൊണ്ടാണ് രണ്ടാമത്തെ ത്രോ കഴിഞ്ഞപ്പോള്‍ തന്നെ അത്രത്തോളം ആത്മവിശ്വാസമുണ്ടായത്.
ദില്ലി: വിജയം ഒരിക്കലും തലയ്ക്കു പിടിക്കരുതെന്നും പരാജയം മനസില്‍ കൊണ്ടുനടക്കരുതെന്നും ടോക്യോ ഒളിംപിക്‌സിലെ ഇന്ത്യയുടെ സ്വര്‍ണമെഡല്‍ ജേതാവായ നീരജ് ചോപ്രയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ടോക്യോ ഒളിംപിക്സിലെ മെഡല്‍ ജേതാക്കള്‍ക്ക് ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രിയുടെ വസതിയില്‍ ഒരുക്കിയ പ്രഭാത വിരുന്നില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു നീരജ് ചോപ്രോപ്രക്ക് പ്രധാനമന്ത്രിയുടെ ഉപദേശം. ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ രണ്ടാമത്തെ ത്രോ കഴിഞ്ഞപ്പോള്‍ താങ്കള്‍ ഒരുപാട് ആത്മവിശ്വാസത്തിലായിരുന്നുവല്ലോ എന്നും എന്താണ് ഇത്യും ആത്മവിശ്വാസം തോന്നാന്‍ കാരണമെന്നും പ്രധാനമന്ത്രി ചോദിച്ചു.
എന്നാല്‍ ആത്മവിശ്വാസം വരുന്നത് പരീശീലനത്തില്‍ നിന്നാണെന്നും തന്റെ പരിശീലനം മികച്ചതായിരുന്നുവെന്നും നീരജ് മറുപടി നല്‍കി. അതുകൊണ്ടാണ് രണ്ടാമത്തെ ത്രോ കഴിഞ്ഞപ്പോള്‍ തന്നെ അത്രത്തോളം ആത്മവിശ്വാസമുണ്ടായത്. നമ്മുടെ പ്രകടനം എതിരാളകളുടെ പ്രകടനത്തെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. അപ്പോഴും നമ്മുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ നമുക്ക് കഴിയണം-നീരജ് പറഞ്ഞു.
എന്നാല്‍ വിജയം തലയ്ക്കു പിടിക്കരുതെന്നും പരാജയങ്ങള്‍ ഒരിക്കലും മനസില്‍ കൊണ്ടുനടക്കരുതെന്നും പ്രധാനമന്ത്രി നീരജിനോട് പറഞ്ഞു. ഒളിംപിക്‌സ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനത്തില്‍ സ്വര്‍ണം നേടുന്നത്. ടോക്യോ ഒളിംപിക്‌സിലെ ഇന്ത്യയുടെ ഏക സ്വര്‍ണമെഡലുമായിരുന്നു നീരജ് നേടിയത്. നീരജിന്റെ സ്വര്‍ണനേട്ടം ടോക്യോ ഒളിംപിക്‌സിലെ ഏറ്റവും മികച്ച 10 സുവര്‍ണ നിമിഷങ്ങളിലൊന്നായി വേള്‍ഡ് അത്‌ലറ്റിക്‌സ് തെരഞ്ഞെടുത്തിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.